കൊച്ചി: മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ ആയിരത്തോളം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ കര്‍ഷകര്‍ക്ക് കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യുന്നതിന് 1000 രൂപ പ്രീമിയം സബ്‌സിഡി നല്‍കാന്‍ മേഖലാ യൂണിയന്‍ തീരുമാനിച്ചു.
പദ്ധതിയില്‍ ഒരു പശുവിന് 500 രൂപ നിരക്കില്‍ നല്‍കുന്ന പ്രീമിയം സബ്‌സിഡി 1000 രൂപയായി വര്‍ദ്ധിപ്പിക്കുവാനാണ് മേഖലാ യൂണിയന്‍ ഭരണസമിതി തീരുമാനമെടുത്തതെന്ന് ചെയര്‍മാന്‍ എം.ടി.ജയന്‍ അറിയിച്ചു.
ഒരു കര്‍ഷകന് നാല് പശുവിന് വരെയാണ് പ്രീമിയം സബ്‌സിഡി നല്‍കുക. ഈ സബ്‌സിഡി വര്‍ദ്ധനവ് നാളെ മുതല്‍ ലഭ്യമാകും. മേഖലാ യൂണിയന്റെ സമ്പൂര്‍ണ്ണ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം മില്‍മയുടെ വെറ്ററിനറി ഡോക്ടര്‍മാര്‍ മുഖേന പ്രാഥമികസംഘങ്ങളില്‍ നടപ്പിലാക്കുന്ന കന്നുകാലി ഇന്‍ഷൂറന്‍സ് ക്യാമ്പില്‍ ആറ് മാസത്തേക്കുള്ള മിനറല്‍ മികസ്ച്ചര്‍ ഉള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ നല്‍കിവരുന്നു.
ഡിസംബര്‍ ഒന്ന് മുതല്‍ മേഖലാ യൂണിയന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ സംഘങ്ങള്‍ക്ക് വൈയ്‌ക്കോല്‍ നല്‍കുന്ന പദ്ധതി പുനരാരംഭിക്കും. കിലോഗ്രാമിന് രണ്ട് രൂപ നിരക്കില്‍ സബ്‌സിഡി നല്‍കി വരുന്ന സൈലേജ് വിതരണവും തുടരുമെന്ന് എം ടി ജയന്‍ പറഞ്ഞു.