കൊച്ചി: കേരള ഫെഡറേഷന്‍ ഓഫ് ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി (കെ. എഫ്. ഒ. ജി) കൊച്ചി ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയുമായി (സി. ഒ. ജി. എസ്) ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആദ്യ അന്താരാഷ്ട്ര ഒബ്‌സ്റ്റെട്രിക്‌സ് കോണ്‍ക്ലേവ്, ''ജെസ്റ്റിക്കോണ്‍ 2024'' 23, 24 തീയതികളില്‍ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.
ഗൈനക്കോളജി വിദഗ്ദരുടെ അന്താരാഷ്ട്ര സംഘടനയായ ഫിഗോയുടെ ട്രഷറര്‍ ഡോ. ശാന്തകുമാരി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. 'ഓരോ ജനനത്തിലും മികവ്, ഓരോ ഘട്ടത്തിലും പുതുമ' എന്നതാണ് ജെസ്റ്റികോണ്‍ 2024 ന്റെ പ്രമേയം.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ഒബ്‌സ്റ്റെട്രീഷ്യന്‍മാര്‍, ഗൈനക്കോളജിസ്റ്റുകള്‍, ആരോഗ്യവിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, അവതരണങ്ങള്‍, വര്‍ക്ഷോപ്പുകള്‍ എന്നിവ രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ ഭാഗമാണ്.
അന്താരാഷ്ട്ര തലത്തില്‍ സിസേറിയന്‍ ശസ്ത്രക്രിയക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ച ഡോ. മൈക്ക് റോബ്‌സണ്‍ (അയര്‍ലന്‍ഡ്), സിസേറിയന്‍ ഓപ്പറേഷന്റെ നിരക്ക് കുറക്കുന്നത് ചര്‍ച്ച ചെയ്യുന്ന പ്രത്യേക ശില്‍പശാലയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ലണ്ടനില്‍ നിന്നുള്ള ഡോ. ജ്യോത്സ്‌ന പുന്ദിര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കെഎംസി, ഐസിഒജി ക്രെഡിറ്റ് പോയിന്റുകള്‍ നേടാനുള്ള അവസരങ്ങളും കോണ്‍ക്ലേവിലുണ്ട്.
കേരളത്തിനകത്തും പുറത്തുനിന്നുമായി 700 ഓളം പ്രസവ ചികിത്സാ വിദഗ്ദ്ധര്‍ ശില്‍പശാലകളിലും തുടര്‍ പരിപാടികളിലും പങ്കെടുക്കുമെന്ന് കെ എഫ് ഒ ജി പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ ഡോ. കെ. യു. കുഞ്ഞുമൊയ്തീന്‍ (കോഴിക്കോട്), സംഘാടക സമിതി സെക്രട്ടറിമാരായ ഡോ. സുഭാഷ് മല്ല്യ (കോഴിക്കോട്) , ഡോ. ഫെസി ലൂയിസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് kfogoffice@gmail.com എന്നീ ഇമെയില്‍ വിലാസത്തിലോ 8129019939, 8919819391 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.