കുവൈത്ത് സിറ്റി: ഇരുപതിന് ആരംഭിക്കുന്ന കുവൈത്ത് ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറില്‍ കോഴിക്കോട് ഫാറൂഖ് കോളേജ് പങ്കെടുക്കും. കുവൈത്തിലെ നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍, ആര്‍ട്ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ആണ് കുവൈറ്റില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പ്രസാധകരെയും പങ്കെടുപ്പിച്ച് വിപുലമായ ഈ ബുക്ക് ഫെയര്‍ നടത്തുന്നത്.
കുവൈത്തിലെ സാംസ്‌കാരിക രംഗത്തിന് തിളക്കം പകരുന്ന കുവൈത്ത് ഫെയറില്‍ ഫാറൂഖ് കോളേജ് അറബി ഗവേഷണ കേന്ദ്രത്തിന്റെ കീഴില്‍ പൂര്‍ത്തിയാക്കിയ പ്രമുഖ കുവൈത്ത് സാഹിത്യക്കാരി ഡോ. സുആദ് സബാഹിന്റെ എട്ട് കവിതാ സമാഹാരങ്ങളുടെ വിവര്‍ത്തനങ്ങള്‍ നവംബര്‍ ഇരുപത്തിയൊന്നിന് വൈകീട്ട് ഏഴു മണിക്ക് കുവൈത്ത് ഇന്റര്‍നാഷ്ണല്‍ ബുക്ക് ഫെയറിലെ ദാര്‍ സുഅദ് അല്‍ സബാഹ് പവലിയനില്‍ പ്രകാശനം ചെയ്യും.
ഡോ. മുഹമ്മദ് ആബിദ് യു. പി നിര്‍വഹിച്ച 'റോസാപ്പൂക്കളുടെയും തോക്കുകളുടെയും സംഭാഷണം', ഡോ. അബ്ദുല്‍ ജലീല്‍. എം നിര്‍വഹിച്ച 'കുരുവികള്‍ക്ക് കവിത എഴുതുന്ന നഖങ്ങളുണ്ട്', ഡോ. അബ്ബാസ് കെ. പി നിര്‍വഹിച്ച 'നിനക്കുമാത്രമെന്‍ ഗദ്യവും പദ്യവും', ഹാസില്‍ മുട്ടില്‍ നിര്‍വഹിച്ച 'ആദിയില്‍ പെണ്ണുണ്ടായിരുന്നു', ഡോ. സബീന കെ നിര്‍വഹിച്ച 'പ്രണയ ലിഖിതങ്ങള്‍', 'എന്റെ നാട്ടിലേക്കുള്ള അടിയന്തര സന്ദേശങ്ങള്‍', ഫൈറൂസ റാളിയ നിര്‍വഹിച്ച 'പെണ്ണ് കവിതയാണ്, കവിത പെണ്ണും', ആയിഷത്ത് ഫസ്‌ന നിര്‍വഹിച്ച 'ചക്രവാളത്തിനുമപ്പുറം' തുടങ്ങിയ വിവര്‍ത്തനങ്ങളാണ് അന്തര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഈ സാംസ്‌കാരിക, കലാ സാഹിത്യവേദിയില്‍ പ്രകാശനം ചെയ്യപ്പെടുന്നത്.
കുവൈത്തിലെ പ്രമുഖ പ്രസാധകരായ 'ദാര്‍ സുആദ് അല്‍ സബാ ഹും' ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗവും സഹകരിച്ചാണ് പ്രമുഖ കവയിത്രി ഡോ. സുആദ് സബാഹിന്റെ എട്ട് കവിതാ സമാഹാരങ്ങളുടെ വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങുന്നത്.
ഡോ. അബ്ബാസ് കെ. പി ആണ് വിവര്‍ത്തന പ്രോജക്ട് കോര്‍ഡിനേറ്റര്‍. ദാര്‍ സുആദ് അല്‍ സബാഹിന്റെ അതിഥികളായി ഫാറൂഖ് കോളേജ് അറബി ഗവേഷണ വിഭാഗത്തിലെ ഡോ. മുഹമ്മദ് ആബിദ് യു. പി, ഡോ. അബ്ബാസ് കെ. പി എന്നിവര്‍ പങ്കെടുക്കും.