Advertisment

'രോമാഞ്ചം', 'അടി കപ്യാരേ കൂട്ടമണി', 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' ഇനി 'ഹലോ മമ്മി'യും...

മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറര്‍ കോമഡി ചിത്രങ്ങള്‍. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തില്‍ ഉള്ള ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നത്

author-image
മൂവി ഡസ്ക്
New Update
Horror-comedy-malayalam-mov

മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറര്‍ കോമഡി ചിത്രങ്ങള്‍. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തില്‍ ഉള്ള ചിത്രങ്ങള്‍ മലയാളത്തില്‍ വരുന്നത്. 'രോമാഞ്ചം', 'അടി കപ്യാരേ കൂട്ടമണി', 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' എന്നീ സിനിമകളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയാണ്. 

Advertisment


ഈ  ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഇനി 'ഹലോ മമ്മി' കൂടി ചേര്‍ത്തുവെക്കാം എന്നാണ് പ്രേക്ഷക പ്രതികരണം. പ്രേക്ഷക ഹൃദയങ്ങളില്‍ ഭീതിയും തിയറ്ററുകളില്‍ ചിരിയുടെ ഓളവും തീര്‍ത്ത് മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ് ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായ 'ഹലോ മമ്മി'. 

ചിരിപ്പിച്ചും പേടിപ്പിച്ചും വിസ്മയിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഹൃദയത്താല്‍ സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടുമൊരു കോമഡി-ഹൊറര്‍ എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമാപ്രേമികള്‍. കൂടെ ഫാന്റസി ഘടകം കൂടിയായപ്പോള്‍ കുടുംബ പ്രേക്ഷകരും ഡബിള്‍ ഹാപ്പി.

ബോണിയായ് ഷറഫുദ്ദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും നിറഞ്ഞാടിയ ചിത്രം നവാഗതനായ വൈശാഖ് എലന്‍സാണ് സംവിധാനം ചെയ്തത്. പ്രേതത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ സിനിമ ആയതിനാല്‍ ബോണിയെ പിന്തുടരുന്ന ആത്മാവിനെയും ആ ആത്മാവിനാല്‍ ബോണി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും ചിത്രത്തിലുടനീളം കാണാം.

 ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മാണം വഹിച്ച ചിത്രം ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍.

വിവാഹം കഴിക്കാതെ ഉഴപ്പി നടക്കുന്ന ബോണി സ്റ്റെഫിയെ കാണുന്നതോടെ തീരുമാനം മാറ്റുന്നു. ശേഷം വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹിതരാവുന്നു. വിവാഹ ശേഷം സ്റ്റെഫിയോടൊപ്പം ബോണിയുടെ ജീവിതത്തിലേക്ക് മറ്റൊരാള്‍കൂടെ കടന്നുവരുന്നു. 

അവിടെ നിന്നാണ് ചിരിയുടെ ചരടുവലിച്ച് രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവുന്നത്. കഥയിലെ ഫാന്റസി എലമെന്റ് ചിത്രത്തിന് പുതുമ സമ്മാനിക്കുന്നുണ്ട്. ഛായാഗ്രഹണവും ചിത്രസംയോജനവും കൃത്യമായ് നിര്‍വഹിച്ചിട്ടുണ്ട്.

 വിഎഫ്എക്‌സും ആര്‍ട്ടും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ വേറിട്ട ദൃശ്യാവിഷ്‌ക്കാരം അനുഭവപ്പെടുന്നുണ്ട്. കഥാപാത്രങ്ങളെ പക്വതയോടെ അവതരിപ്പിച്ചതോടെ അഭിനേതാക്കളും പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.

സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. 

ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്. ജേക്‌സ് ബിജോയിയുടെ സംഗീതം സിനിമയുടെ മാറ്റ് കൂട്ടുന്നുണ്ട്. 

'വരത്തന്‍'ന് ശേഷം ഷറഫുദ്ദീനും ഐശ്വര്യയും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് 'ഹലോ മമ്മി'. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ തക്കവണ്ണം കംബ്ലീറ്റ് എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

 

Advertisment