കൊച്ചി: മികച്ച കൃഷി രീതികള്‍ അവലംബിക്കുന്നതിനും വാണിജ്യ സുസ്ഥിരത കൈവരിക്കുന്നതിനുമായി പാരിസ്ഥിതിക-സാമൂഹ്യ-സുസ്ഥിര ലക്ഷ്യങ്ങള്‍(എന്‍വയറോണ്‍മെന്റല്‍ സോഷ്യല്‍ ഗവേണന്‍സ്- ഇഎസ്ജി) നടപ്പാക്കാന്‍ ഹാരിസണ്‍സ് മലയാളം(എച്എംഎല്‍) തീരുമാനമെടുത്തു.
പാരിസ്ഥിതിക സൗഹൃദമായ നടപടികള്‍ കൈക്കൊള്ളുന്നത് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് കണക്കു കൂട്ടുന്നതെന്ന് കമ്പനി അറിയിച്ചു.
തോട്ടം മേഖലയ്ക്ക് ഇഎസ്ജി മാനദണ്ഡങ്ങള്‍ പാലിക്കേണ്ട നിയമപരമായ ബാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത് നടപ്പാക്കാന്‍ ഹാരിസണ്‍സ് മലയാളം തീരുമാനിച്ചത്. ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബര്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവാണ് ഈ മാനദണ്ഡങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നത്. ബിസിനസിനും വ്യവസായങ്ങള്‍ക്കും സുസ്ഥിര ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിലൂടെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹ്യവുമായ നേട്ടങ്ങള്‍ കൈവരിക്കാനാകും.
ആഗോള സുസ്ഥിര ലക്ഷ്യങ്ങള്‍ ഭാവിയിലെ പുരോഗതിയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഹാരിസണ്‍സ് മലയാളം സിഇഒ ചെറിയാന്‍ എം ജോര്‍ജ്ജ് പറഞ്ഞു. ഹാരിസണ്‍സ് മലയാളത്തിന്റെ ഏഴ് തേയിലത്തോട്ടങ്ങള്‍ക്കൊപ്പം ഹാരിസണ്‍സിന്റെ ഫാക്ടറിയില്‍ സ്ഥിരമായി തേയില നല്‍കുന്ന ചെറുകിട തോട്ടങ്ങളിലും ഇഎസ്ജി നടപ്പാക്കും.
തേയില ഉത്പന്നങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും മികച്ച കൃഷി രീതികള്‍ നടപ്പില്‍ വരുത്താനും സുസ്ഥിര ലക്ഷ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നത് സഹായിക്കും. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ തൊഴിലാളികള്‍ക്കും പ്രാദേശികസമൂഹത്തിനും പരിരക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന തോട്ടം ഉടമകളായ ഹാരിസണ്‍സ് മലയാളം ചെറുകിട തോട്ടമുടമകളെയും തോട്ടം തൊഴിലാളികളെയും ഇതു സംബന്ധിച്ച അവബോധം വളര്‍ത്താന്‍ നിരവധി പരിപാടികള്‍ നടപ്പാക്കി വരുന്നുണ്ട്.
സമഗ്ര കീടനാശിനി പ്രയോഗം, തൊഴിലിട ആരോഗ്യ സുരക്ഷ, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ കാര്യങ്ങളാണ് നടപ്പാക്കുന്നത്. തേയിലയ്ക്ക് പുറമെ, റബര്‍, കൊക്കോ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ തോട്ടങ്ങളാണ് ഹാരിസണ്‍സ് മലയാളത്തിനുള്ളത്.
കാര്‍ഷികമേഖലയിലെ ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ഹാരിസണ്‍സ് മലയാളം സുസ്ഥിര മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികചൂഷണം തടയുന്നതിനുള്ള അവബോധവും പരിശീലനവും ഐഡിഎച് ഇന്റര്‍നാഷണലുമായി ചേര്‍ന്ന് നടപ്പാക്കി വരുന്നുണ്ട്. വിമെന്‍ സേഫ്റ്റി ആക്‌സിലറേറ്റര്‍ ഫണ്ട് പ്രോഗ്രാമും എച്എംഎല്‍ നടത്തുന്നുണ്ട്.
എച്എംഎല്ലിന്റെ എസ്ബിയു-ബി തേയില ഡിവിഷന് സുസ്ഥിര മാനദണ്ഡങ്ങളിലെ ആഗോള അംഗീകാരങ്ങളായ റെയിന്‍ഫോറസ്റ്റ് അലയന്‍സ്, യുടിസെഡ്, എത്തിക്കല്‍ ടീ പാര്‍ട്ണര്‍ഷിപ്പ്, ട്രസ്റ്റ് ടീ എന്നിവ 2014 മുതല്‍ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കമ്പനിയുടെ എല്ലാ തോട്ടങ്ങളിലും കര്‍ശനമായ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയിട്ടുണ്ട്.
വനസംരക്ഷണം, ജലസംരക്ഷണം, തൊഴിലാളികള്‍ക്കുള്ള ക്ഷേമപരിപാടികള്‍, സാമൂഹ്യക്ഷേമം, മണ്ണ് സംരക്ഷണം എന്നിവയും എച്എംഎല്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. സുസ്ഥിര മാനദണ്ഡങ്ങളുടെ ഫലപ്രദമായ നടപ്പാക്കാലിന് വാര്‍ഷിക ഓഡിറ്റും ഹാരിസണ്‍സ് മലയാളം നടത്തുന്നുണ്ട്.