Advertisment

നാളികേര ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവുമായി ലക്ഷദ്വീപില്‍ കോകൊ ഫെസ്റ്റിന് തുടക്കം

നാളികേര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച കോകൊ ഫെസ്റ്റിന് കവരത്തിയില്‍ തുടക്കം.

New Update
coco fest 1

കൊച്ചി: നാളികേര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് നൂതന സാങ്കേതികവിദ്യകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച കോകൊ ഫെസ്റ്റിന് കവരത്തിയില്‍ തുടക്കം. വിവിധ ദ്വീപുകളിലെ കര്‍ഷകര്‍ എത്തിക്കുന്ന നാളികേര ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, സംരംഭക സംഗമം, തെങ്ങ് കയറ്റ മത്സരം, പാചക മത്സരം, സാങ്കേതികവിദ്യാ പ്രദര്‍ശനം, സാംസ്‌കാരികോത്സവം തുടങ്ങിയവ മേളയിലുണ്ട്. 

Advertisment

നാളികേരത്തില്‍ നിന്നുള്ള കരകൗശല വസ്തുക്കളും വൈവിധ്യമാര്‍ന്ന നാളികേര രുചികളും പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ലക്ഷദ്വീപിന്റെ പാരമ്പര്യ തനിമ അടയാളപ്പെടുത്തുന്ന കല-സംഗീത പരിപാടികളും മേളയുടെ ഭാഗമാണ്.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) കീഴിലുള്ള ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം, ദ്വീപിലെ കൃഷി വകുപ്പ്, കാര്‍ഷിക ഉല്‍പാദന സംഘം എന്നിവര്‍ സംയുക്തമായാണ് ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. ഉപജീവനത്തിലും സംസ്‌കാരത്തിലും ദ്വീപുവാസികളുടെ ജീവനാഡിയായ നാളികേര കാര്‍ഷികവൃത്തിയുടെ സുസ്ഥിര വികസനമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.

 വെളിച്ചെണ്ണ, നാളികേര അധിഷ്ഠിത മധുരപലഹാരങ്ങള്‍, വിനാഗിരി, നീര, മറ്റ് തദ്ദേശീയ മൂല്യവര്‍ദ്ധനകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.

ഗവേഷണ സ്ഥാപനങ്ങള്‍, എല്ലാ ദ്വീപുകളില്‍ നിന്നുമുള്ള കര്‍ഷക ഉല്‍പാദക സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, മറ്റ് ഏജന്‍സികള്‍ എന്നിവരുടേതുള്‍പ്പെടെ 50ഓളം സ്റ്റാളുകള്‍ മേളയിലുണ്ട്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് (ഐസിഎആര്‍) കീഴിലുള്ള  സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപിസിആര്‍ഐ), കശുവണ്ടി ഗവേഷണ ഡയറക്ടറേറ്റ് (ഡിസിആര്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് (ഐഐഎച്ച്ആര്‍), സിഎംഎഫ്ആര്‍ഐ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളുടെയും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (കാംകോ), കേരള മാര്‍ക്കറ്റ് ഫെഡ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സ്റ്റാളുകള്‍ മേളയിലുണ്ട്.

ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ഉധംസിംഗ് ഗൗതം മേള ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ്,  സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ കെ ബി ഹെബ്ബാര്‍, ഡിസിആര്‍ ഡയറക്ടര്‍ ഡോ ഡി അഡിഗ, ഡോ വി വെങ്കട്ടസുബ്രഹ്‌മണ്യന്‍,  ഡോ പി എന്‍ അനന്ത് എന്നിവര്‍ സംസാരിച്ചു.

 ലക്ഷദ്വീപിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉള്‍ക്കൊള്ളുന്ന പരമ്പരാഗത സംഗീതം, നൃത്തം, കല എന്നിവയും മേളയിലേക്ക് ദ്വീപുവാസികളെ ആകര്‍ഷിക്കുന്നു.   ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ച മേളയുടെ ഭാഗമായി നടന്നു. കോകൊ ഫെസ്റ്റ് ഇന്ന് (വെള്ളി) സമാപിക്കും.

Advertisment