കൊച്ചി: ആയുര്‍വേദ മേഖലയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യവസായമന്ത്രി പി രാജീവ് . അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി നടത്തിയ ആയുര്‍ദേവ - ഫാര്‍മസ്യൂട്ടിക്കല്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുര്‍വേദ മേഖലയില്‍ വലിയ നിക്ഷേപസാധ്യതകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു. പ്രായോഗികമായ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ സംസ്ഥാന വ്യവസായ വകുപ്പ് സംരംഭകര്‍ക്കൊപ്പമുണ്ട്. ആയുര്‍വേദ സംരംഭകരുടെ കൂട്ടായ്മയിലൂടെ ആയിരം കോടി രൂപയുടെ നിക്ഷേപം ആയുര്‍വേദ മേഖലയില്‍ സമാഹരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ മേഖലയിലെ സംരംഭകരുമായി മന്ത്രി ആശയവിനിമയം നടത്തി.
ഈ മേഖലയിലെ വൈദ്യബിരുദത്തിന് പുറമെയുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് സംരംഭകര്‍ ആവശ്യപ്പെട്ടു. ഇത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി. ഫാര്‍മസിസ്റ്റ്, തെറാപ്പിസ്റ്റ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ബുദ്ധിമുട്ടില്ല.
ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ ഏറ്റവും കുറവ് തൊഴില്‍നഷ്ടമുണ്ടാകുന്നത് ആയുര്‍വേദ മേഖലയിലാണ്. അതിനാല്‍ തന്നെ ഭാവിയില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഈ മേഖലയ്ക്കാകും. തദ്ദേശീയര്‍ക്ക് ജോലിസാധ്യതയുള്ള മേഖലയാണ് ആയുര്‍വേദമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് പുതിയ വ്യവസായ നയത്തെക്കുറിച്ചും ആഗോള നിക്ഷേപക ഉച്ചകോടിയെക്കുറിച്ചും അവതരണം നടത്തി. കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ നന്ദിയും രേഖപ്പെടുത്തി.
ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എം ഡി ഇ എ സുബ്രഹ്‌മണ്യന്‍, ധാത്രി ആയുര്‍വേദ സിഎംഡി ഡോ. എസ് സജികുമാര്‍, ഔഷധി എം ഡി ഡോ. ടി കെ ഹൃദീക്ക്, ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രം ഹരി എന്‍ നമ്പൂതിരി, ബൈഫ ഡ്രഗ്‌സ് എംഡി അജയ് ജോര്‍ജ്ജ് വര്‍ഗീസ്, എവറസ്റ്റ് ആയുര്‍വേദ സിഇഒ ജോയിച്ചന്‍ കെ എറിഞ്ഞേരി, സീതാറാം ആയുര്‍വേദ ഫാര്‍മസി എം ഡി ഡോ. ഡി രാമനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
പാരമ്പര്യ-പൈതൃക ഘടകങ്ങളില്‍ വീഴ്ച വരുത്താതെ നൂതനത്വവും ആധുനിക സാങ്കേതികവിദ്യയും ആയുര്‍വേദത്തില്‍ സമന്വയിപ്പിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ ചികിത്സയ്ക്ക് ഗുണമോ മാനദണ്ഡം വന്നത് ഈ വ്യവസായത്തിന് ഗുണം ചെയ്തു. ആയുര്‍വേദത്തിന്റെ വിശ്വാസ്യത പരിരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പിന്തുണ വലുതാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.