കുവൈറ്റ്: കുവൈത്തിൽ മൂല്യവർധിത നികുതിക്ക് (വാറ്റ്) പകരം രാജ്യത്ത് എക്സൈസ് നികുതി നടപ്പിലാക്കാന്‍ നീക്കം. നേരത്തെ മൂല്യവർധിത നികുതി നടപ്പിലാക്കാന്‍ ധനകാര്യ വകുപ്പ് പദ്ധതിയിട്ടിരുന്നെങ്കിലും പാര്‍ലമെന്റില്‍നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എക്സൈസ് നികുതി ചുമത്താന്‍ ആലോചിക്കുന്നത്. മൂല്യവർധിത നികുതി നിർദേശങ്ങളെ എം.പിമാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
കുവൈത്തും ഖത്തറുമാണ് മൂല്യവർധിത നികുതി ഇതുവരെ നടപ്പിലാക്കാത്ത ജി.സി.സി രാജ്യങ്ങള്‍. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട ബില്ലുകള്‍ പരിഗണനക്ക് വന്നേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
തുടക്കത്തില്‍ പുകയില, ശീതളപാനീയങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, വിലയേറിയ കല്ലുകൾ, ആഡംബര കാറുകൾ, യാച്ചുകൾ എന്നിവക്കായിരിക്കും എക്സൈസ് നികുതി ചുമത്തുക. 10 മുതൽ 25 ശതമാനം വരെയാണ് നികുതി ഈടാക്കുക.