കുവൈറ്റ് : ദേശീയ ദിനാഘോഷ ഭാഗമായി വിദേശത്തുപോയി കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങളെ കുവൈറ്റിലേയ്ക്ക് തിരികെയെത്തിക്കാന്‍ നടപടി തുടങ്ങിയതായി റിപ്പോര്‍ട്ട് .
വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട് . ചൊവ്വാഴ്ച മുതൽ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ ആളുകളെ രാജ്യത്തേയ്ക്ക് എത്തിച്ചുതുടങ്ങുമെന്നാണ് റിപ്പോർട്ട്.
തുർക്കി, ഈജിപ്ത്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ ഉള്ളത്. സ്പെയിൻ, അമേരിക്ക, ജോർജിയ, ഗൾഫ് രാജ്യങ്ങൾ, അസർബൈജാൻ തുടങ്ങിയ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയ പല രാജ്യങ്ങളിലും കുവൈറ്റികള്‍ കുടുങ്ങിക്കിടപ്പുണ്ട് . വിദേശത്തുള്ള കുവൈത്തികളിൽ ഇതിനകം വൈറസ് സ്ഥിരീകരിച്ചവരുമുണ്ടെന്നാണ് വിവരം. അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസി ഇവരുമായി ബന്ധപ്പെട്ട് വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട് .
തിരിച്ചെത്തുന്നവരെ പരിശോധിക്കാൻ കുവൈത്ത് വിമാനത്താവളത്തിൽ വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തുന്നവരെ ചികിത്സക്കായി ആരോഗ്യ മന്ത്രാലയം ഏറ്റെടുക്കും. അല്ലാത്തവർക്ക് വീടുകളില്‍ തന്നെ കർശന നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം . ഇവർക്കുമേൽ ആരോഗ്യ മന്ത്രാലയത്തിന്റെ കരുതല്‍ ഉണ്ടായിരിക്കും .