കോഴിക്കോട്: വടക്കന്‍ കേരളത്തിലും മഴ ശക്തമായതോടെ കോഴിക്കോട്, വയനാട് ജില്ലകള്‍ അതിജാഗ്രതയില്‍. കോഴിക്കോട് ജില്ലയിലെ കെ.എ.പി ബറ്റാലിയന്‍ ഉള്‍പ്പെടെ മുഴുവന്‍ പോലീസ് സേനയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, കെ.എസി.ഇ.ബി, പി.ഡബ്ലു.ഡി തുടങ്ങിയ വകുപ്പുകളും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തു കഴിഞ്ഞു.താലൂക്ക് കണ്‍ട്രോള്‍ റൂമുകളും ജില്ലാ കണ്‍ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
കക്കയം ഡാമും തുറന്നതോടെ ജനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പന്ത്രണ്ട് ക്യാമ്ബുകളാണ് കോഴിക്കോട് ജില്ലയില്‍ മാത്രം തുറന്നിട്ടുള്ളത്. 518 പേരെ മാറ്റിപാര്‍പ്പിച്ചു. ആവശ്യമെങ്കില്‍ ഇനിയും ക്യാമ്പുകള്‍ തുറക്കും. മാവൂര്‍ മേഖല പൂര്‍ണമായും വെള്ളത്തിനടിയിലാക്കി. ചാലിയാര്‍ പുഴയും, ഇരുവഞ്ഞിപുഴയും കരകവിഞ്ഞ് ഒഴുകിയതും വനത്തിനുള്ളിലുണ്ടായ മലവെള്ള പാച്ചിലുമാണ് മാവൂരിലെ വെള്ളപ്പൊക്കത്തിന് കാരണം.
മാവൂര്‍ തെങ്ങിലക്കടവ്, കച്ചേരിക്കുന്ന് ഭാഗത്തെ വീടുകളാണ് പ്രധാനമായും ഒറ്റപ്പെട്ടു പോയത്. തെങ്ങിലക്കടവ് ഭാഗത്തെ നൂറോളം വീടുകളില്‍ നിന്ന് പലരേയും മാറ്റി പാര്‍പ്പിക്കുകയോ ബന്ധുവീടുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അനിത അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടു. ഒരു സര്‍വീസ് റദ്ദാക്കി.