തിരുവനന്തപുരം : നയതന്ത്ര വഴികളിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയെ തള്ളി സിപിഎം സെക്രട്ടറിയേറ്റ്.
സര്‍ക്കാര്‍ കാര്യങ്ങളില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നും വിവാദം സര്‍ക്കാരിന് കളങ്കം ചാര്‍ത്തെയെന്നും രാഷ്ട്രീയ മുന്‍ തൂക്കം ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.
സ്വന്തം ഓഫീസിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ജഗ്രതക്കുറവുണ്ടയെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന ഉയര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേതാക്കള്‍ വിമര്‍ശനം അഴിച്ചുവിട്ടതായാണ് സൂചന.
2016 -ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇതാദ്യമാണ് മന്ത്രിസഭയില്‍നിന്നോ പാര്‍ട്ടിയില്‍ നിന്നോ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയരുന്നത്.
കഴിഞ്ഞ ദിവസം വരെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറോട് മുഖ്യമന്ത്രി മൃദുസമീപനമാണ് സ്വീകരിച്ചതെന്നും അത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനോട് അവമതിപ്പുണ്ടാകാന്‍ കാരണമായെന്നും സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനമുണ്ടായി.
ഭൂരിപക്ഷം അംഗങ്ങളും ആ വാദത്തെ പിന്തുണച്ചതോടെ ശിവശങ്കറോട് മൃദു സമീപനം വേണ്ടെന്നും സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ തന്നെ സെക്രട്ടറിയേറ്റില്‍ തീരുമാനിക്കുകയായിരുന്നെന്നാണ് വിവരം.
കഴിഞ്ഞ 4 വര്‍ഷങ്ങളിലായി ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെയും ഒടുവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും സംസ്ഥാനത്തുണ്ടാക്കിയെടുത്ത രാഷ്ട്രീയ മേല്‍ക്കൈ സ്വര്‍ണക്കടത്ത് വിവാദത്തോടെ നഷ്ടമായി.
യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി ഓഗസ്റ്റ് മാസം മുതല്‍ രാഷ്ട്രീയ വിചാരണ പരിപാടികള്‍ സംഘടിപ്പിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത തസ്തികകളില്‍ ഇരിക്കുന്നവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
നീക്കം ചെയ്യേണ്ടവര്‍ ഉണ്ടെങ്കില്‍ മുഖം നോക്കാതെ തന്നെ നടപടിയെടുക്കണം.
ഇനിയും വീഴ്ച ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാനും പാര്‍ട്ടി മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.
ഇതോടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായി സര്‍ക്കാരില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ശക്തമാവുകയാണ്.
ജോണ്‍ ബ്രിട്ടാസ്, ചില ഉപദേശകര്‍ എന്നിങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്ന ലോബികളുടെ ശക്തി ഇടിയുകയുമാണ്.