കുവൈറ്റ് : ഞൊടിയിടകൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങളല്ല നവോദ്ധാനമെന്ന് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാന്‍ പി പ്രസാദ്. സ്ത്രീ - പുരുഷ സമത്വമാണ് എല്‍ ഡി എഫ് നയം. എന്നാല്‍ ആചാരങ്ങളുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് എല്‍ ഡി എഫ് അല്ല. അതേസമയം സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതിനെ എതിര്‍ക്കുന്ന വിഷ സര്‍പ്പങ്ങള്‍ക്ക് വിളക്ക് വയ്ക്കുന്ന ജോലിയില്‍ നിന്നും ജനാധിപത്യ വിശ്വാസികള്‍ പിന്മാറണമെന്നും പ്രസാദ് ആവശ്യപെട്ടു.
കുവൈറ്റില്‍ ആയിരത്തോളം പേരെ അണിനിരത്തി സിപിഐ അനുഭാവ പ്രവാസി സംഘടനയായ കേരള അസോസിയേഷൻ കുവൈറ്റ് സങ്കടിപ്പിച്ച ഏഴാമത് കെ സി പിള്ള അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഈ വർഷത്തെ കെ സി പിള്ള ഫൌണ്ടേഷൻ അവാർഡ് ജേതാവുകൂടിയായ പി പ്രസാദ്.
സാധാരണക്കാരന്റെ ഭാഷയിൽ ഹൃദയങ്ങളുടെ പാലം തീർത്ത കമ്മ്യൂണിസ്റായിരുന്നു കെ സി പിള്ളയെന്ന്‍ പ്രസാദ് പറഞ്ഞു. ദാർഷ്ട്യത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്നും കേൾക്കാൻ ഇടയായിട്ടില്ല. എതിർപ്പുകളുടെ ഘോഷയാത്രയെ സ്വീകരിച്ച അനിഷേധ്യ കമ്മ്യൂണിസ്റായിരുന്നു കെ സി പിള്ളയെന്നും പി പ്രസാദ് അഭിപ്രായപ്പെട്ടു.
ദുരിതങ്ങളുടെ ആഴങ്ങളിൽ നിന്നും കൊല്ലത്തെ കയർ തൊഴിലാളികളെ മോചിപ്പിക്കുന്നതിന് ഇറങ്ങി തിരിക്കുകയായിരുന്നു. വേദനിക്കുന്നവരുടെ ഉന്നമനത്തിനായി സ്നേഹത്തിന്റ നിറകുടം അടി മുതൽ മുടി വരെ നിറഞ്ഞു നിന്ന കെ സി പിള്ള പിന്നീടുള്ളവർക്ക് വലിയ പ്രചോദനമായി. നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ലാളിത്യത്തിന്റ പ്രതീകവുമായിരുന്ന കെ സി പിള്ളയുടെ ജീവിതം പുതിയ തലമുറക്കുള്ള വലിയൊരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഈ വർഷത്തെ കെ സി പിള്ള ഫൌണ്ടേഷൻ അവാർഡ് കെ സി പിള്ളയുടെ മകനും എൻ എസ് എച് പ്രസിഡന്റുമായ സാബുവും കേരള അസ്സോസിയേഷൻ ഭാരവാഹികളും ചേർന്ന് പി പ്രസാദിന് സമ്മാനിച്ചു. ഷഹീൻ അധ്യക്ഷത വഹിച്ചു.
ശ്രീ0ലാൽ മുരളി, ഉണ്ണി താമരാൾ, ചെസ്സിൽ രാമപുരം, ബാബു ഫ്രാൻസിസ്, പ്രവീൺ എന്നിവർ അനുസ്മരണ സന്ദേശങ്ങളർപ്പിച്ചു. ബിജു തിക്കൊടിയുടെ നേതൃത്വത്തില്‍ പഴയ കാല നാടക ഗാനാലാപനവും നടന്നു. സിപിഐ അനുഭാവ സംഘടനയുടെ ഗംഭീര പരിപാടിയില്‍ സിപിഎം അനുഭാവികളുടെ അഭാവം പ്രത്യേകം ശ്രദ്ധിക്കപെട്ടു.