Advertisment

യുദ്ധവും യുദ്ധഭീഷണിയും കാശ്മീരിലെ അശാന്തിയും ദശാബ്ദങ്ങളായി ഭാരതം വേദനയോടെ സഹിച്ചുകൊണ്ടിരിക്കുന്നു . ഇന്ദിരാഗാന്ധിയുടെ നടപടികളെ ആരാധനയോടെ സ്മരിക്കണം. പക്ഷേ ഇപ്പോള്‍ കാശ്മീരില്‍ ഇതിനേക്കാള്‍ വ്യത്യസ്തവും സുരക്ഷിതവും സമാധാനപരവുമായ മറ്റേതെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ എതിർക്കുന്നവര്‍ അതുകൂടി പറയേണ്ടതുണ്ട്‌. കാശ്മീര്‍ അശാന്തിയുടെ ചരിത്രപരമായ പിന്നാമ്പുറങ്ങള്‍ ?

author-image
ടി ജി വിജയകുമാര്‍
Updated On
New Update

publive-image

Advertisment

വിഭജനത്തിനു ശേഷം ഭാരതം നേരിട്ടിരുന്ന രണ്ടു പ്രധാന ഭീഷണികളും വെല്ലുവിളിയുമായിരുന്നു പാകിസ്ഥാനും കിഴക്കൻ പാകിസ്ഥാനും ( ഇന്നത്തെ ബംഗ്ലാദേശ്‌ ) ഒപ്പം ചൈനയും ചേർന്ന വെല്ലുവിളി.

1971 ലെ ഇന്‍ഡോ- പാക് യുദ്ധം 'ബംഗ്ലാദേശ്' എന്ന ഒരു രാജ്യത്തിന്റെ പിറവിക്കു വേണ്ടി മാത്രമുള്ളതായിരുന്നു എന്ന് ചിന്തിക്കുവാന്‍ പലര്‍ക്കും ഇഷ്ടം തോന്നുമ്പോഴും അതിന്റെ പിന്നാമ്പുറത്തേയ്ക്ക് വായന നീട്ടുവാന്‍ മറ്റു പലരെയുംപോലെ ഞാനും ഇഷ്ടപ്പെട്ടിരുന്നു, .

അമേരിക്ക ഒരു വശത്തും റഷ്യ മറുവശത്തുമായി 70 കളില്‍ ശീതയുദ്ധം മുറുകുമ്പോള്‍ ഇന്ത്യയും അതില്‍ ഒരു കക്ഷിയാകേണ്ടി വന്നു എന്നത് വെറും യാദൃശ്ചികമല്ല. ഇന്ത്യാ -റഷ്യ സൌഹൃദത്തെക്കുറിച്ച് നല്ല ബോദ്ധ്യമുണ്ടായിരുന്ന അമേരിക്ക ഇന്ത്യയുടെ ബദ്ധവൈരിയായിരുന്ന പാകിസ്ഥാനെ കൂട്ട് പിടിക്കുക സ്വാഭാവികം.

ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് കാഷ്മീരിനോട് ചേര്‍ന്ന് പാകിസ്ഥാന്‍, ഒപ്പം വടക്ക് കിഴക്ക് അതിര്‍ത്തിയില്‍ കിഴക്കന്‍ പാകിസ്ഥാനും <ഇന്നത്തെ ബംഗ്ലാദേശ് >.

publive-image

ചുരുക്കത്തില്‍ ഇന്ത്യയുടെ രണ്ടു പാര്‍ശ്വങ്ങളില്‍ നിന്ന് ശത്രു ഭീഷണി ഉയര്‍ത്തുമ്പോള്‍ അത് മുതലെടുക്കുവാനും ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാനും അമേരിക്കയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ സാദ്ധ്യത ഇല്ലാതാക്കുക എന്ന തന്ത്രപരമായ തീരുമാനം എടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചാണക്യ ബുദ്ധിയായിരുന്നൂ കിഴക്കന്‍ പാകിസ്ഥാനില്‍ വ്യാപകമായിക്കൊണ്ടിരുന്ന അസ്വസ്ഥതയില്‍ ഇടപെടുവാനും ഇന്‍ഡോ - പാക് യുദ്ധമായി പരിണമിക്കുവാനും കാരണമായത് എന്ന് ഞാനും എന്നെപ്പോലുള്ളവരും വിശ്വസിക്കുന്നു.

അക്കാര്യത്തില്‍ ഇന്നും ഇന്ദിരാഗാന്ധിയെ ആരാധനയോടെ സ്മരിക്കുവാനും അത് കാരണമായി. അതെ രീതിയില്‍ ചിന്തിക്കുവാന്‍ പിന്നീട് വന്ന ഒരു പ്രധാനമന്ത്രിക്കും <അണുവിസ്പോടനം നടത്തിയ വാജ്പേയിയെ സ്മരിക്കുന്നു > കഴിഞ്ഞിട്ടില്ല എന്ന് തന്നെ ചിന്തിക്കേണ്ടി വരും.

ഇന്ത്യന്‍ ആര്‍മിയും ബംഗ്ലാദേശ് പോരാളികളും ചേര്‍ന്നൊരുക്കിയ 'മുക്തിബാഹിനി' എന്ന സഖ്യം ഇന്ത്യന്‍ സൈന്യത്തിന്റെ പിന്‍ബലത്തോടെ വിജയം കണ്ടെത്തിയപ്പോള്‍ പിറവിയെടുത്തത് 'ബംഗ്ലാദേശ്' എന്ന രാജ്യമാണ്. ഒഴിവാക്കിയത്‌ വടക്കുകിഴക്ക്‌ അതിർത്തിയിൽ നിന്നുള്ള പാകിസ്ഥാന്റെയും മറ്റുസാമ്രാജ്യത്വ ശക്തികളുടേയും ഭീഷണിയും.

അന്ന് പാകിസ്ഥാന്‍ പരമാധികാരിയും പട്ടാള മേധാവിയും ആയിരുന്ന ജനറല്‍ യാഹ്യാഖാന്‍ അധികാരമൊഴിയുകയും സുല്‍ഫിക്കര്‍ അലി ഭൂട്ടോ അധികാരത്തില്‍ വരുകയും ചെയ്തു.

publive-image


< ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ വന്ന ഭുട്ടോ അന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ മേധാവി ആയിരുന്ന ജെ എന്‍ ദീക്ഷിദിനോട് ചെവിയില്‍ പറഞ്ഞത്, 'നിങ്ങള്‍ കിഴക്കന്‍ പാകിസ്ഥാന്‍ എടുത്തെങ്കില്‍ ഞങ്ങള്‍ കാശ്മീര്‍ എടുത്തോളാം' എന്നാണ്‌ >


അന്ന് വരെ കാശ്മീര്‍ പ്രശ്നം ഒരു അവകാശവാദമായിരുന്നെങ്കില്‍, അന്നുതൊട്ട് അതൊരു പകവീട്ടലും കൂടിയായി മാറി എന്നര്‍ത്ഥം. അവര്‍ കാശ്മീര്‍ വിഘടന പ്രവര്‍ത്തനം ഊർജ്ജസ്വലമാക്കി. എന്ന് മാത്രമല്ല, പുതിയ പോര്‍മുഖങ്ങള്‍ തുറക്കുവാനുള്ള ശ്രമവും ആരംഭിച്ചു.

നേപ്പാള്‍ ആയിരുന്നു അതില്‍ മുഖ്യം. ഒപ്പം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ ആസ്സാം,സിക്കിം, ത്രിപുര, മണിപ്പൂര്‍, മിസോറം, അരുണാചല്‍പ്രദേശ്‌, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളെ 'ഏഴു സഹോദരിമാര്‍ <സെവൻ സിസ്റ്റർസ്‌>' എന്ന്‍ പേരിട്ട് അവിടെയും വിഘടന പ്രവര്‍ത്തങ്ങള്‍ക്ക് ലക്ഷ്യമിട്ടു. ഈ സംസ്ഥാനങ്ങളില്‍ കാലാകാലങ്ങളായി ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന അശാന്തി നമ്മള്‍ അറിയുന്നുമുണ്ട്‌.

ചൈനയ്ക്കുമുണ്ട് ഏറെ താത്പര്യങ്ങള്‍. ടിബറ്റ്‌ പോലുള്ള സംസ്ഥാനങ്ങളെ കൂടാതെ അരുണാചല്‍ പ്രദേശ്‌ പോലുള്ള സംസ്ഥാനങ്ങളും അവര്‍ ലക്ഷ്യം വെക്കുന്നുണ്ട്. പാകിസ്ഥാന്‍ / അറബ് വാണിജ്യബന്ധങ്ങള്‍ക്കും പ്രതിരോധത്തിനും ഒപ്പം ഇന്ത്യയുടെ അതിര്‍ത്തിയിലേയ്ക്കുള്ള സര്‍പ്പദൃഷ്ടിക്കും ഒക്കെ ആവശ്യമായ ഹിമാലയന്‍ പാതയടക്കമുള്ള ലക്ഷ്യങ്ങള്‍ അവര്‍ക്കുള്ളില്‍ സജീവമാണ്.

ചുരുക്കത്തില്‍ ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ്/ വടക്ക് കിഴക്കന്‍ മേഘലകളില്‍ ശത്രുരാജ്യങ്ങളുടെ പ്രവര്‍ത്തനം അതി ശക്തമാണ്. ഇതിനെയൊക്കെ അല്പമെങ്കിലും മുൻകൂട്ടി കാണുകയും ചിന്തിക്കുകയും ചെയ്തത് ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി മാത്രമായിരുന്നു എന്ന് കാണാം.

publive-image

ഇതേ ശക്തികള്‍ തന്നെ ഇന്ത്യയ്ക്ക് ചുറ്റുമുള്ള സമുദ്രമേഖലകളിലും അവരുടെ ആധിപത്യം ഉറപ്പിക്കുവാന്‍ കാലാകാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ശ്രിലങ്ക നമുക്കൊരു സജീവ വിഷയമാകുന്നത്. ശ്രീലങ്കയില്‍ ഏതൊരു വിദേശ ശക്തികളും സൈനികമായ അല്ലെങ്കില്‍ വാണിജ്യപരമായ മേല്‍കൈ നേടുന്നുവെങ്കില്‍ അതിനെ ആശങ്കയോടെ മാത്രമേ കാണുവാന്‍ കഴിയൂ.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ പ്രമുഖം 'കൊളംബോ' ആണ്. ലോക വ്യാപാരത്തിന് ഉപയോഗിക്കുന്ന എഷ്യന്‍ രാജ്യങ്ങളുടെ ഒരു പ്രമുഖ അഭയം.

കൊച്ചിയില്‍ നിന്നും ചിറ്റഗോങ്ങില്‍ ന്നിന്നും ഒക്കെ ചെറിയ കപ്പലുകളില്‍ <ഫീദർ വെസ്സെൽ> ചരക്കുകള്‍ കയറ്റി കൊളംബോ യില്‍ എത്തിച്ച് അവിടെ നിന്നും വലിയ കപ്പലുകളില്‍ <മദർ വെസ്സെൽ > മാറ്റികയറ്റിയാണ് യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും ഒക്കെ ചരക്കുകള്‍ എത്തിക്കുക.

ഇത്രയേറെ സമുദ്രാതിര്‍ത്തി നമുക്കുണ്ടായിട്ടും ഇക്കാര്യത്തില്‍ ഒരു മേല്‍ക്കൈ നേടാന്‍ നമുക്ക് കഴിഞ്ഞില്ല എന്നുള്ളത് നമ്മുടെ ഒരു വലിയ പരാജയം തന്നെയാണ്. അവിടെയാണ് 'വിഴിഞ്ഞം' പോലുള്ള പദ്ധതികളുടെ പ്രാധാന്യം.

സിംഗപ്പൂര്‍, മലേഷ്യ , ഹോംഗ് കോംഗ്, തൈലാന്റ്റ്, തൈവാന്‍, തുടങ്ങിയ രാജ്യങ്ങളിലൊക്കെ ചൈനയുടെ മേല്‍ക്കൈ കാണാം. അവിടുത്തെ പ്രധാന വ്യവസായ സംരഭകരായി മുന്നില്‍ നില്‍ക്കുന്നതും ചൈനക്കാര്‍ തന്നെ. അവര്‍ക്കാവട്ടെ ചൈനയുടെ യുടെ സാമ്പത്തിക/ നയതന്ത്ര സഹായങ്ങളും.

publive-image

ആ ശ്രേണിയില്‍ ഏറ്റവും ഒടുവിലായി നമ്മള്‍ അറിയുന്ന ഒരു വാര്‍ത്തയാണ്, 'മാലെദ്വീപില്‍ ചൈന പിടിമുറുക്കുന്നു' എന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ മാത്രമല്ല, ഇന്ത്യന്‍ ജനതയും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്‌. ആയിരക്കണക്കിന് ദ്വീപുകളുടെ ഒരു സമൂഹമാണ് 'മാലെദ്വീപ്' ജനവാസമുള്ളതോ, 400/500 ദ്വീപുകള്‍ മാത്രം.

ജനവാസമില്ലാത്ത ദ്വീപുകള്‍ അവര്‍ പാട്ടത്തിനെടുത്തത് എന്തിനാവാം ? ഉത്പാദന പ്രക്രിയകള്‍ക്കുള്ള ഫാക്ടറികള്‍ ഉയര്‍ത്തുവാന്‍ വേണ്ടിയാകാം, ടൂറിസം മേഖലയില്‍ മൂലധനം ഇറക്കുവാനാകാം, ഒപ്പം പ്രതിരോധമേഖലയില്‍ ഇന്ത്യക്കെതിരെയുള്ള മറ്റൊരു പ്രധാന സാങ്കേതവുമാകം എന്നിടത്ത്‌ ഇന്ത്യന്‍ കണ്ണുകളും ബുദ്ധിയും ഉണരേണ്ടത് എന്ന് തോന്നുന്നു.

അന്ന് ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ മേധാവി ആയിരുന്ന ജെ.എന്‍ ദീക്ഷിത്തിനോട് ചെവിയില്‍ , 'നിങ്ങള്‍ കിഴക്കന്‍ പാകിസ്ഥാന്‍ എടുത്തെങ്കില്‍ ഞങ്ങള്‍ കാശ്മീര്‍ എടുത്തോളാം' എന്നു പറഞ്ഞ വാക്ക്‌ സാധ്യമാക്കാൻ അവർ പണിപ്പെടുകയാണ്‌. യുദ്ധവും യുദ്ധഭീഷണിയും കാശ്മീരിലെ അശാന്തിയും ഭാരതം വേദനയോടെ ദശാബ്ദങ്ങളായി സഹിച്ചുകൊണ്ടിരിക്കുകയാണ്‌ .

കാശ്മീരിലെ പ്രാദേശിക രാഷ്ട്രീയ കക്ഷികളും ദേശത്തെ ബുദ്ധിജീവികളെന്ന് അഭിനയിക്കുന്ന ഒരുകൂട്ടം ദേശദ്രോഹികളും അതിൽ നിന്നും നേട്ടമുണ്ടാക്കുകയുമാണ്‌…

കാശ്മീർ പ്രശ്നം പരിഹരിക്കുവാൻ എന്താണു മാർഗ്ഗം ? ഭാരതസർക്കാർ ഇപ്പോൾ എടുത്ത നടപടികളിൽ നിന്നും വ്യത്യസ്തവും സുരക്ഷിതവും സമാധാനപരവുമായ മറ്റേതെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ ഈ നടപടികളെ എതിർക്കുന്ന കോൺഗ്രസ്സും മറ്റുള്ളവരും അതു പറയേണ്ടതുണ്ട്‌.

ഹോങ്‌കോംഗിനു സ്വാതന്ത്ര്യം നൽകി ചൈനയുടെ അധിനിവേശം അവസാനിപ്പിക്കുവാനെങ്കിലും ഇടതു കക്ഷികൾ ആവശ്യപ്പെടേണ്ടതുമുണ്ട്‌.

jammu jammu kashmir#
Advertisment