കോവിഡ് മഹാമാരിക്കലത്ത് അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്നു. പതിനാല് ദിവസത്തെ ക്വറന്റൈൻ ഒക്കെ കഴിഞ്ഞ് തിരികെ വരാനായി കോവിഡ് ടെസ്റ്റ് നടത്തുവാൻ നടത്തിയ യാത്രയിൽ കണ്ട ചില കാഴ്ച്ചകൾ മറവികയറി മായുന്നില്ല.
രാവിലെ ചാറ്റമഴയിൽ ഈറനണിഞ്ഞു കിടന്ന പത്രം എടുത്ത് ആദ്യം നോക്കിയത് കോവിഡ് രോഗികളുടെ എണ്ണമാണ്. ആശ്വാസദായകമല്ലാത്ത അക്കവും നോക്കി നെടുവീർപ്പിട്ടാണ് വീട്ടിൽ നിന്നും പത്തനംതിട്ട സിറ്റിയിലേക്ക് ടെസ്റ്റിന് യാത്ര തിരിച്ചത്.
രാവിലെ ഏഴുമണിക്ക് അധികം ജാനബാഹുല്യമില്ലാത്ത റോഡായ വകയാർ, പൂങ്കാവ് വഴി പത്തനംതിട്ടയിൽ എത്തിയപ്പോൾ നമ്മുടെ കൊച്ചു കേരളത്തിലും കോവിഡ് പിടിവിടാതെ വിറങ്ങലിച്ചു നിൽക്കുവാൻ സുപ്രധാന കാരണങ്ങൾ ഉണ്ടെന്ന് മനസ്സിലായി.
ഏകദേശം ഇരുപത് കിലോമീറ്റർ ദൂരം ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തുകൂടി യാത്രചെയ്‌തപ്പോൾ 168 ആൾക്കാരെ മാസ്‌ക് ഇല്ലാതെയോ, വേണ്ടരീതിയിൽ ധരിക്കാതെയോ എണ്ണുവാൻ കഴിഞ്ഞു. വല്ലാത്ത ഒരു ഭീതി മനസ്സിലേക്ക് ഓടിയെത്തുകയും ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന് ഇതും കാരണമാണെന്ന് മനസ്സിലാവുകയും ചെയ്‌ത നിമിഷം.
ആ യാത്രയിൽ ഒരു നിയമവും ബാധകമല്ലാത്തപോലെ കണ്ട നല്ലൊരു ശതമാനവും 50-നും 80-നും ഇടയിലുള്ള പുരുഷന്മാരാണ്. കടത്തിണ്ണയിലും പാതയോരത്തും, കവലകളിലും ഇവർ നിന്നും ഇരുന്നും നടന്നും സല്ലാപം നടത്തുകയും പുകവലിയിൽ ഏർപ്പെടുകയും ഒക്കെ ചെയ്യുകയാണ്.
ബീഡി വലിയ്ക്കുവാൻ വേണ്ടി ദുഃഖാചരണത്തിൽ ദേശീയ പതാക താഴ്ത്തികെട്ടുന്ന മാതിരി മാസ്‌ക് താഴ്ത്തി വച്ചിരിക്കുന്നു. പ്രായമായവരിൽ കോവിഡ് പിടിച്ചുകഴിഞ്ഞാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ ദിനംപ്രതി കണ്ടിട്ടും കേട്ടിട്ടും ഒരു കൂസലുമില്ല അപ്പാപ്പന്മാർക്ക്.
ഇനിയൊരു കൂട്ടർ യാത്ര ചെയ്യുന്നവരാണ്. അവർ ഓട്ടോയിലും, ബസ്സിലും ഒക്കെ തിക്കിത്തിരക്കി ഇരിക്കുന്നുവെന്ന് മാത്രമല്ല മാസ്‌ക് എഴുപതുകളിൽ സിനിമയിൽ കാണുന്ന വില്ലന്മാർ തൂവാല കഴുത്തിൽ കെട്ടി നിൽക്കുന്ന പോലെ ധരിച്ചിരിക്കുന്നു.
അടുത്തത്, റോഡിൽ വണ്ടിയിൽ വരുന്ന മീൻ വാങ്ങാൻ കൂടി നിൽക്കുന്നവരാണ്. മത്തി കാണുമ്പോൾ മത്ത് പിടിക്കുന്ന ചേച്ചിമാർ സൂക്ഷിക്കുക, നിങ്ങളുടെ മാസ്‌ക് കഴുത്തിലാണ് കിടക്കുന്നത് !
ചിലയിടത്ത് റോഡിലൂടെ പോകുന്നവരോട് വഴിയരുകിൽ താമസിക്കുന്നവർ കുശലം പറയുന്നു, സർക്കാർ 'മാസ്‌ക് ധരിക്കരുത്' എന്ന് പ്രത്യേക സർക്കുലർ ഇറക്കിയിട്ടുള്ള പോലെയൊരു നിൽപ്പ്. റോഡിൽ പലയിടത്തും പണികൾ നടക്കുകയും മരം മുറിക്കുകയും ചെയ്യുന്നുണ്ട്. അവിടെ ലോഡിങ്ങ് അൺലോഡിങ് ചെയ്യുന്ന ചേട്ടന്മാർ മാസ്‌ക് മെനയോടെ താഴേക്ക് അൺലോഡ് ചെയ്‌തു വച്ചിരിക്കുന്നു!
ഒരു കാര്യം സമ്മതിക്കാതെ തരമില്ല. കോവിഡ് പ്രോട്ടോക്കോൾ മാന്യമായി പാലിച്ച് നടക്കുന്നവർ കൂടുതലും ചെറുപ്പക്കാരാണ്. അതിൽതന്നെ പെൺകുട്ടികൾ കാട്ടുന്ന ജാഗ്രത മുതിർന്നവർ കണ്ടുപഠിക്കണം. രാവിലെ ഏഴുമണിക്ക് ഇരുപത് കിലോമീറ്റർ ദൂരത്തിൽ റോഡരുകിൽ കണ്ണിൽ നേരിട്ട് പതിഞ്ഞ കാഴ്ച്ചയുടെ വിശേഷമാണ് പങ്കുവച്ചത്. കണ്ണിൽപ്പെടാതെ പോയ ഭാഗ്യവാന്മാർ ഇനിയും എത്രയോ. സിറ്റിയിലെ വികൃതികൾ ഇതിലും കഠിനമായിരിക്കും എന്ന് അപ്പോൾ ഓർത്തുപോയി.
പറയാനുള്ളത് ഇത്രയേയുള്ളൂ. മരണം കയ്യിലെടുത്ത് കളിക്കരുത്. പ്രതീക്ഷയോടെ വാക്‌സിൻ മുന്നിൽ എത്തുമ്പോഴും കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും നാഴികയ്ക്ക് നാൽപ്പതുവട്ടം കോവിഡ് ദുരന്തത്തിൻറെ പേരിൽ പ്രാകുമ്പോൾ സർക്കാരും ആരോഗ്യ രംഗത്തുള്ളവരും പറയുന്ന ചട്ടങ്ങൾ സ്വയം പാലിക്കുന്നുണ്ടോ എന്ന് ചിന്തിക്കുക. ബിക്കിനി ധരിക്കും പോലെ മാസ്‌ക് ധരിക്കാതിരിയ്ക്കുക. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
-ജോയ് ഡാനിയേൽ
പത്തനംതിട്ട ജില്ലയിലെ കൂടൽ സ്വദേശി. ചെറുകഥാകൃത്ത്, നോവലിസ്റ്റ്. ഖിസ്സ-01, ഖിസ്സ-02 എന്നീ കഥാസമാഹാരങ്ങളുടെ എഡിറ്റർ. 2017 മുതൽ 'പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ' എന്ന കോളം എഴുതുന്നു.