പാലാ: യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു കൊണ്ട് കോൺ (ഐ) മുൻ ബ്ലോക്ക് പ്രസിഡണ്ടും നിരവധി പ്രവർത്തകരും ഇടതുമുന്നണിക്കൊപ്പം ചേർന്നു. കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡണ്ട് ജോസഫ് സഖറിയാസും സഹപ്രവർത്തകരുമാണ് പാലായിൽ എൽഡിഎഫിനൊപ്പം ചേർന്നത്.
ഇന്നലെ രാമപുരത്ത് തുറന്ന വാഹനത്തിൽ പ്രചാരണത്തിനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയെ രാമപുരം മരങ്ങാട് ബൂത്തിൽ നിരവധി പ്രവർത്തകരോടൊപ്പം എത്തി സ്വീകരിച്ചത് ഇക്കഴിഞ്ഞ ദിവസം വരെ കോൺഗ്രസ് നേതാവായിരുന്ന ജോസഫ് സഖറിയാസാണ്. കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി ഹാരങ്ങളും രണ്ടിലകളുമായി എത്തുന്നതു കണ്ട് ജോസ് കെ മാണിയും അമ്പരന്നു.
ഞങ്ങളും ഇന്നു മുതൽ ജോസിനൊപ്പമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞപ്പോഴാണ് സ്ഥാനാർത്ഥിക്കും വിവരം പിടികിട്ടിയത്. ജോസ് കെ മാണിയുടെ നിലപാടാണ് ശരിയെന്നും വികസന കാഴ്ചപ്പാടാണ് നാടിന് വേണ്ടതെന്നും വർഗീയതയെ ചെറുക്കാൻ മതനിരപേക്ഷതയുടെ മുന്നണിയായ എൽഡിഎഫിനെ കഴിയൂ എന്നും ജോസഫ് സഖറിയാസ് നടത്തിയ ചെറു പ്രസംഗത്തിൽ പറഞ്ഞു.
കെ എം മാണിയുടെ ആജന്മ രാഷ്ട്രീയ ശത്രുവായിരുന്ന മുൻ കേന്ദ്ര മന്ത്രി എംഎം ജേക്കബിന്റെ ജേഷ്ഠ സഹോദരപുത്രന്റെ മനംമാറ്റം രാമപുരത്ത് എൽഡിഎഫിന് കൂടുതൽ കരുത്തായി. പാലാ മണ്ഡലത്തിലെ കൂടുതൽ കോൺഗ്രസ് പ്രവർത്തകർ വരും ദിവസങ്ങളിൽ ജോസ് കെ മാണിക്ക് ഒപ്പം അണിചേരുമെന്ന് ജോസഫ് സഖറിയാസ് അറിയിച്ചു.
രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ രാമപുരത്തെ കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്നു ജോസഫ് സഖറിയാസ്.
എൽഡിഎഫിന് പിന്തുണ അറിയിച്ച് എത്തിയ പ്രവർത്തകർക്ക് നന്ദി അറിയിച്ച ജോസ് കെ മാണി ഇവരെ സ്വീകരിച്ചു. മറ്റ് പഞ്ചായത്തുകളിലും നിരവധി പേർ ഉടൻ എൽഡിഎഫിനൊപ്പം ചേരുമെന്ന് ജോസ് കെ മാണി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബൈജു ജോണും പ്രവർത്തകരെ സ്വീകരിക്കാനെത്തി. എൽ ഡിഎഫിനൊപ്പമെത്തിയ കോൺഗ്രസ് പ്രവർത്തകർ ജോസ് കെ മാണിക്കുവേണ്ടി രാമപുരത്ത് പ്രാരണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ രാമപുരത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 14000-ൽ പരം വോട്ടിന്റെ ലീഡാണ് മുൻപ് ലഭിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കേരള കോൺ (എം) സ്ഥാനാർത്ഥി പിഎം മാത്യു രണ്ടിലയിൽ ലീഡു നേടുകയും രാമപുരം പഞ്ചായത്ത് മേഖലയിലെ മൂന്ന് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് നേടുകയും ചെയ്തിരുന്നു. എന്നാൽ ഗ്രാമ പഞ്ചായത്തിൽ ബിജെപിയുമായി കോൺഗ്രസ് രഹസ്യ സഖ്യത്തിൽ ചേരുകയായിരുന്നു.
ഇതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ അന്നു മുതൽ പ്രതിഷേധിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്ര തീക്ഷിത കരുനീക്കം കോൺഗ്രസ് നേത്രത്വത്തിൽ തന്നെ രാമപുരത്ത് ഉണ്ടായിരിക്കുന്നത്. മുൻ കോൺഗ്രസ് പ്രസിഡണ്ടിനെ പാലായിൽ എത്തിച്ചിരുന്നെങ്കിലും ജനപങ്കാളിത്തം ഉറപ്പാക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക കോൺഗ്രസ് നേതാക്കളും അവിടേക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല.
കൈപ്പത്തിയിൽ മത്സരിച്ചാൽ വോട്ട് കിട്ടുമോ എന്ന് യുഡിഎഫ് സ്ഥാനാർത്ഥി മുൻപ് ചോദിച്ചതും കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു. പരമ്പരാഗത കോൺഗ്രസ് പ്രവർത്തകർക്കിടയിൽപാലാ മേഖലയിൽ പുകയുന്ന വികാരങ്ങളാണ് നേതാക്കൾ തന്നെ എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിന് ഇടയാക്കിയിരിക്കുന്നത്.