Advertisment

ഷീന ബോറ വധകേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ:  ഷീന ബോറ വധകേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഐഎൻഎക്സ് മീഡിയ കമ്പനി മുൻ മേധാവി ഇന്ദ്രാണി മുഖർജിക്ക് (50) സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ആദ്യ വിവാഹത്തിലെ മകൾ ഷീനയെ (25) 2012ൽ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസിൽ പിടിയിലായ ഇന്ദ്രാണി 2015 മുതൽ വിചാരണത്തടവിലായിരുന്നു.

Advertisment

publive-image

ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.

ഷീന സഹോദരിയാണെന്നാണ് ഇന്ദ്രാണി പുറത്തു പറഞ്ഞിരുന്നത്. പീറ്ററിന്റെ ആദ്യവിവാഹത്തിലെ മകൻ രാഹുലുമായുള്ള ഷീനയുടെ പ്രണയമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് നിഗമനം. സ്വത്ത് തന്നില്ലെങ്കിൽ ഇന്ദ്രാണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുമെന്നു ഷീന ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.

2012ൽ ഷീന യുഎസിലേക്കു പോയെന്നാണു കൊലയ്ക്കുശേഷം ഇന്ദ്രാണി എല്ലാവരോടും പറഞ്ഞത്. മൂന്നു വർഷത്തിനുശേഷം ഇന്ദ്രാണിയുടെ ഡ്രൈവർ ശ്യാംവർ റായി മറ്റൊരു കേസിൽ അറസ്റ്റിലായതോടെയാണ് കൊലയുടെ ചുരുളഴിഞ്ഞത്.

താനോടിച്ച കാറിൽ വച്ചാണു ഷീനയെ കൊന്നതെന്നു മൊഴി നൽകിയ റായി കേസിൽ മാപ്പുസാക്ഷിയായി. അഞ്ച് വർഷത്തെ വിചാരണത്തടവിനു ശേഷം കഴിഞ്ഞ വർഷം പീറ്ററിനു ജാമ്യം ലഭിച്ചിരുന്നു.

Advertisment