വായിൽ പഴം തിരുകിയ സാഹിത്യകാരന്മാരും ഘോരഘോരം കവല പ്രസംഗം നടത്തുന്നവരും , ഖദർ ധാരികളും ഇനിയും ഉണരേണ്ട സമയം അതിക്രമിച്ചില്ലേ ?. സാമൂഹിക അകലം മാനവികതയെ ഇല്ലാതാക്കണം എന്നാണോ അർത്ഥമാക്കുന്നത് ?. തന്റെ ജീവൻ പോയാലും മറ്റുള്ളവന്റെ ജീവൻ രക്ഷിക്കാൻ പഠിപ്പിച്ച സാമൂഹ്യ സേവന പരിഷകർത്താക്കൾ ജീവിച്ചിരുന്ന നാടിനെന്ത് സംഭവിച്ചു ?.
രാഷ്ട്രീയവും മതവും തലയിൽ കയറി പണത്തിനും അധികാരത്തിനും വേണ്ടി മാനവികതെയെന്ന ലോക സന്ദേശം പ്രചരിപ്പിക്കാനും അതിനെ ജീവ വായുവാക്കാനും പഠിപ്പിച്ചിരുന്ന നാടിനെ എല്ലാം മറന്ന് കുട്ടിച്ചോറാക്കി അവിടുത്തെ പൗരന്മാരുടെ ജീവന് പോലും പുല്ല് വില കല്പിച്ചോടുന്ന രാഷ്ട്രീയ തന്ത്രം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .
ലോകത്തകമാനം കോവിഡ്-19 , പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നൂറിലും കൂടുതൽ ഇന്ത്യക്കാർ മരിച്ചു കഴിഞ്ഞിരിക്കുന്നു . അസുഖം വന്ന് മരിക്കുന്നത് സ്വാഭാവികമാണെങ്കിലും , ഇവിടെ ഉന്നയിക്കുന്ന ഒരേ ഒരു ആവശ്യം ഓരോ ഇന്ത്യൻ പ്രവാസിക്കും അവരവരുടെ ജന്മനാട്ടിൽ കിടന്നുമരിക്കാനുള്ള അന്ത്യാഭിലാഷം സാധിപ്പിച്ച് കൊടുക്കാൻ ആരാണ് ശ്രമിക്കേണ്ടത് .
ചില പകർച്ചവ്യാധികളെ തടയുക സാധ്യമല്ല എന്നിരിക്കെ ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന പകർച്ചവ്യാധിയിൽ പെട്ട് വിദേശത്ത് കഴിയുന്നവർ അവിടെ കിടന്നു മരിക്കട്ടെ എന്നാണോ ഇപ്പോഴുള്ള രാഷ്ട്രീയ ചാണക്യന്മാരുടെ ആഗ്രഹം ?..
ഇന്ത്യൻ പ്രവാസികളുടെ ദുർവിധി മറ്റാർക്കും വരല്ലേ എന്ന് പ്രാർത്ഥിക്കാം .
പുതിയ വിവരങ്ങൾ വന്നാൽ മരിച്ചവരുടെ കണക്ക് കൂടാനാണ് സാധ്യത . ഓരോ ഇന്ത്യൻ പ്രവാസിയെയും ഇപ്പോൾ കോവിഡ്-19 അസുഖം ബാധിക്കുന്നതിന്റെ പ്രധാന കാരണം മാനസിക സംഘർഷമാണ് .പിറന്ന നാടിന്റെയും , പിറവി തന്നവരുടെയും കൂടാതെ ഉറ്റ ചങ്ങാതിമാരുടെയും സ്‌നേഹം കോഹിന്നൂർ രത്നത്തിന് പോലും പകരമാവില്ല . ആ സ്നേഹം തരുന്ന ഊർജ്ജം അവർക്ക് ഏത് പകർച്ച വ്യാധിയെയും ചെറുക്കാനുള്ള പ്രതിരോധശേഷി ശരീരത്തിന് കൊടുക്കുമെന്നുറപ്പാണ് . ഒരാളുടെയും മനോവിചാരങ്ങൾ ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ടൊന്നും കണ്ടുപിടിക്കാൻ കഴിയില്ലെന്ന് ഇനിയും മനസ്സിലാക്കാൻ വൈകരുത് .
ഒരാളെ പൊന്നിട്ടുകൊണ്ട് മൂടിയാലും കെട്ടിയിട്ടാൽ ആ മനസ്സിലേക്ക് ഒന്നും ഇറങ്ങിചെല്ലില്ലെന്നറിയണം . ലോകത്ത് ബന്ധനം കൊണ്ട് ആത്മാനുഭൂതികിട്ടുന്നത് പ്രണയത്തിന് മാത്രമാണെന്ന് അറിയണം . ഇപ്പോൾ ഓരോ പ്രവാസിക്കും അവന്റെ നാടിനോടായിരിക്കും പ്രണയം . ആ സാമീപ്യം തരുന്നത് മറ്റൊന്നും നൽകില്ലെന്ന് ഓർക്കുക .
നാട്ടിലേക്ക് പോകണം എന്നാഗ്രഹിക്കുന്ന ഓരോ ഇന്ത്യൻ പ്രവാസിയെയും എത്രയും പെട്ടെന്ന് അവരവരുടെ നാട്ടിലേക്ക് എത്തിക്കുക . അല്ലെങ്കിൽ വിദേശത്ത് മരിച്ച് വീഴുന്ന ഓരോ വിദേശ ഇന്ത്യക്കാരുടെയും ശാപം ഇന്ത്യയുടെ അടിവേരിളക്കും. അത് ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു അടയാളപ്പെടുത്തലായിരിക്കും .