കൊച്ചി: പത്തുമാസം പ്രായമായ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി സുമനസുകള്‍ ഒന്നിച്ചപ്പോള്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിലൂടെ സമാഹരിച്ചത് 12.5 ലക്ഷം രൂപ. ദിവസ വേതനക്കാരനായ മനോജ്- രജിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടി അലംകൃതയുടെ ചികിത്സയ്ക്കായാണ് സുമനസുകള്‍ മിലാപിലൂടെ ചികിത്സാ ധനസമാഹരണം നടത്തിയത്.
ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ആശുപത്രി അധികൃതരാണ് ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം നടത്തിയ ക്യാംപയിനിലൂടെ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും 10 രൂപ മുതല്‍ 10,000 രൂപ വരെ സംഭാവനകള്‍ ലഭിച്ചു. 1200 ലധികം ദാതാക്കളില്‍ നിന്ന് 12.5 ലക്ഷം രൂപ സമാഹരിച്ചു.
കരള്‍ ദാനം ചെയ്യാന്‍ മാതാവ് തയാറായിരുന്നുവെങ്കിലും ആവശ്യത്തിന് പണം ഇല്ലാതിരുന്നത് ഇവരെ ഏറെ ദുഖത്തിലാക്കിയിരുന്നു. എന്നാല്‍ സുമനസുകള്‍ കനിഞ്ഞതോടെ മിലാപ് വഴി സാമ്പത്തിക ബുദ്ധിമുട്ടും മറികടക്കുകയായിരുന്നു.
കുട്ടിയുടെ ട്രാന്‍സ്പ്ലാന്റ് വിജയകരമായി പൂര്‍ത്തീകരിക്കുകയും ഇപ്പോള്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഈ ആഴ്ച ആശുപത്രി വിടാനാകുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ക്രൗഡ്ഫണിംഗ് പ്ലാറ്റ്‌ഫോം മിലാപ്പില്‍ സ്വരൂപിച്ച ഫണ്ട് വിവിധ അവയവമാറ്റത്തിനായി കേരളത്തിലെ 60 ലധികം കുട്ടികളെ സഹായിച്ചിട്ടുണ്ട്