തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍.
ന്യുമോണിയക്കെതിരെയുള്ള വാക്സിൻ കുട്ടികള്‍ക്ക് എടുത്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക. ന്യൂമോകോക്കൽ കൺജഗേറ്റ് വാക്‌സിനും (പിസിവി), ഫ്ലൂ വാക്‌സിനും ഉൾപ്പെടെയുള്ള വാക്സിനുകളാണ് ഇതിനായി എടുക്കേണ്ടത്.
വ്യക്തിശുചിത്വമാണ് ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാൻ പ്രധാനമായി വേണ്ടത്. അതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാനും ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ കഴുകാനും കുട്ടികളെ ശീലിപ്പിക്കുക. കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈകൾ നന്നായി കഴുകാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
രോഗ പ്രതിരോധശേഷി കൂട്ടുക എന്നതും പ്രധാനമാണ്. പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം തന്നെ കുട്ടികള്‍ക്ക് കൊടുക്കുക. സമീകൃതാഹാരം ഏറെ പ്രധാനമാണ്. ഇതിനായി പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയവ ഉള്ളവരിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. അതുപോലെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കിൽ കൈകള്‍ കൊണ്ട് മറയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കുക.
വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. പൊടിയും അലർജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ തറകൾ, ഫർണിച്ചറുകൾ, പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക.