രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ മുതൽ ആശങ്കയും സമ്മർദ്ദവും തോന്നുന്നതിനെയാണ് മോണിങ് ആങ്‌സൈറ്റി എന്ന് പറയുന്നത്. ചില പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടും പാരമ്പര്യമായ പ്രശ്‌നങ്ങൾ കാരണവും ഈ അവസ്ഥ ഉണ്ടാവാം. സമ്മർദ്ദം വധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, പഞ്ചസാര-കഫീൻ എന്നിവയുടെ അമിത ഉപയോഗവും രാവിലെ ഉത്കണ്ഠയ്ക്ക് കാരണമാണ്. കൂടാതെ മുൻപ് അനുഭവിച്ചിട്ടുള്ള ട്രോമയെ അതിജീവിക്കാൻ കഴിയാത്തതും ദിവസം എങ്ങനെ കടന്നു പോകുമെന്ന അമിതമായ ചിന്തയും മോണിങ് ആങ്സൈറ്റിക്ക് കാരണമാകാം.
വിശ്രമരഹിതമായി അനുഭവപ്പെടുക, അസ്വസ്ഥതയും നിരാശയും,അമിതക്ഷീണം, നെഞ്ചിൽ കനം തോന്നുന്നതുപോലെയും പേശികൾ വലിഞ്ഞുമുറുകുന്നതു പോലെയും തോന്നുക, ഹൃദയമിടിപ്പും ശ്വസനനിരക്കും വേഗത്തിലാവുക, മനസ്സിനെ ശാന്തമാക്കാൻ കഴിയാതിരിക്കുക, ആശങ്കകളെ നിയന്ത്രിക്കാൻ കഴിയാതാവുക, ഉറക്കക്കുറവ്, ദഹനക്കുറവ്,തലവേദന എന്നിവയാണ് മോണിങ് ആങ്‌സൈറ്റിയുടെ ലക്ഷണങ്ങൾ
വ്യായാമം, യോഗ എന്നിവ ശീലമാക്കുന്നത് ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ഉത്കണ്ഠാ ലക്ഷണങ്ങളെ കുറയ്ക്കുമെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ആങ്സൈറ്റി ആന്റ് ഡിപ്രഷൻ വ്യക്തമാക്കുന്നു. രാവിലെ എഴുന്നേറ്റയുടൻ ശ്വസനവ്യായാമങ്ങൾ ചെയ്യണം. ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ നെഗറ്റീവ് ചിന്തകൾ ഇല്ലാതാവുകയും ഉത്കണ്ഠയെ അകറ്റാനും സഹായകരമാവും.
മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മദ്യത്തിന്റെ ഉപഭോഗവും കഫീൻ ശീലവും കുറയ്ക്കണം. അതിനുപകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. ഭക്ഷണം പോഷകസമ്പന്നവും മിതവുമായിരിക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരപലഹാരങ്ങളും കുറയ്ക്കണം.