Advertisment

മഞ്ഞപ്പിത്തം പടരുന്നു ; ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക, ചികിത്സ വൈകരുത്

New Update
hepatitis1.jpg

സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുകയാണ്.  രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനും ഹോട്ടലുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാനും നിർദേശമുണ്ട്. 

Advertisment

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്.  രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. 

മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിക്കണം 

രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ചർമത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ചികിത്സ തേടുക. വീട്ടിൽ നിന്ന് മാറിനിൽക്കുന്നവരും കുടിവെള്ളത്തിൻറെ കാര്യത്തിൽ ശ്രദ്ധ നൽകണം. ഐസ്, വെള്ളം എല്ലാം കഴിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം വൃത്തിയില്ലാത്ത വെള്ളത്തിലൂടെ രോഗം എളുപ്പത്തിൽ പകരാം.

‌ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക.

2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. 

3. കൊഴുപ്പുള്ളതും എണ്ണ ‌അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക

4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങൾ പാടില്ല. 

5. മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക. 

6. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. 

7. ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം. 

8. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക. 

20 മിനുട്ടെങ്കിലും തിളപ്പിച്ച വെള്ളമായിരിക്കണം കുടിക്കേണ്ടത്. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതിൽ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികൾക്ക് പ്രത്യേക പാത്രത്തിൽ ഭക്ഷണം നൽകുക. അവ തിളപ്പിച്ച വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങൾ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ തിളപ്പിച്ച വെള്ളത്തിൽ കഴുകിയെടുത്ത് ഉപയോഗിക്കുക.

Advertisment