ലോകമെമ്പാടും ലക്ഷക്കണക്കിനാളുകള്‍ നേരിടുന്ന ഒരു പ്രശ്‌നമാണ് അപസ്മാരം. എന്നാല്‍ സ്ത്രീകളില്‍ കണ്ടുവരുന്ന അപസ്മാരത്തിന് അല്പം സങ്കീര്‍ണതകള്‍ കൂടുതലാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് അതിനുകാരണം. ജനനം, കൗമാരം, ആര്‍ത്തവം, പ്രസവം, ആര്‍ത്തവവിരാമം, വാര്‍ദ്ധക്യം ഇങ്ങനെ ഓരോ ഘട്ടത്തിലും സവിശേഷ പരിചരണം വേണ്ടിവരുന്നു.
ഹോര്‍മോണുകളും അപസ്മാരവും
സ്ത്രീകളിലുണ്ടാകുന്ന അപസ്മാരത്തില്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് വലിയ പങ്കുണ്ട്. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്‍ അപസ്മാര സാധ്യത കൂട്ടുന്നു. എന്നാല്‍ പ്രൊജസ്റ്ററോണ്‍ എന്ന ഹോര്‍മോണ്‍ അപസ്മാര സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് ഹോര്‍മോണുകളാണ് സ്ത്രീകളില്‍ ഏറ്റവും നിര്‍ണായകമായി പ്രവര്‍ത്തിക്കുന്നത്.
ചെറുപ്രായത്തില്‍ അപസ്മാരം ഉണ്ടാകുന്ന പെണ്‍കുട്ടികളുടെ ഭാവികൂടി കണക്കിലെടുത്തുകൊണ്ടുവേണം ചികിത്സ തുടങ്ങാന്‍. ദീര്‍ഘകാല ആരോഗ്യം ഉറപ്പുവരുത്തുന്ന മരുന്നുകള്‍ വേണം ഇവര്‍ക്ക് തെരഞ്ഞെടുക്കാന്‍. അപസ്മാരത്തിന് നല്‍കുന്ന ചില മരുന്നുകള്‍ കുട്ടികളുടെ ശരീരഭാരം കൂടാനും ആര്‍ത്തവക്രമം തെറ്റാനും പി.സി.ഒ.ഡി പോലെയുള്ള ഹോര്‍മോണല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഇതെല്ലാം ഭാവിയില്‍ ഗര്‍ഭംധരിക്കാന്‍ തടസ്സമായേക്കാം. കൃത്യസമയത്ത് ചികിത്സ തുടങ്ങുകയും പരിശോധനകള്‍ മുറപോലെ നടത്തുകയും ചെയ്താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി കുറയ്ക്കാനാകും.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളില്‍, അണ്ഡം ഉല്പാദിപ്പിക്കപ്പെടുന്ന സമയത്തും ആര്‍ത്തവത്തിന് ശേഷവും ഈസ്ട്രജന്റെ അളവ് കൂടുന്നതിനാല്‍ അപസ്മാരം ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ക്രമരഹിതമായ ആര്‍ത്തവചക്രമുള്ളവരില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാം. അതുകൊണ്ട് ആര്‍ത്തവചക്രം കൃത്യമായി നിരീക്ഷിച്ച ശേഷം, അത് സാധാരണ ഗതിയിലാക്കിയ ശേഷം വേണം അപസ്മാരത്തിനുള്ള മരുന്നുകള്‍ കഴിക്കേണ്ടത്.
അപസ്മാരം വിവാഹജീവിതത്തില്‍
സാമൂഹികമായ പല തെറ്റിദ്ധാരണകളും അപസ്മാരത്തെ ചുറ്റിപ്പറ്റി നമ്മുടെ നാട്ടിലുണ്ട്. യുവതികള്‍ക്ക് കല്യാണാലോചനകള്‍ വരുമ്പോഴെല്ലാം അപസ്മാരം ഒരു പ്രധാന ചര്‍ച്ചാവിഷയമാകാറുണ്ട്. ഇക്കാര്യത്തെ കുറിച്ച് തുറന്നുസംസാരിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള ഇടമുണ്ടാകേണ്ടത് അത്യാവശ്യമാണ്. മാനസികപിന്തുണയുടെ പ്രാധാന്യം വളരെ വലുതും. കൃത്യമായ അറിവും അവബോധവും കൊണ്ടുവേണം ഇത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍.
അപസ്മാരം ഉള്ള സ്ത്രീകള്‍ ഗര്‍ഭനിരോധന മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേണം ഇവര്‍ അവ ഉപയോഗിക്കാന്‍ കാരണം ചിലപ്പോള്‍ അത് അപസ്മാരത്തിന് വേണ്ടി കഴിക്കുന്ന മരുന്നുകളുമായി ചേരാത്തതായിരിക്കും.
അപസ്മാരമുള്ള യുവതികള്‍ ഗര്‍ഭം ധരിക്കാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍ കുറഞ്ഞത് മൂന്ന് മാസം മുന്‍പെങ്കിലും തയാറെടുപ്പുകള്‍ തുടങ്ങേണ്ടതുണ്ട്. സ്ഥിരമായി കാണുന്ന ഗൈനക്കോളജിസ്റ്റിനെ സമീപിക്കുകയും മരുന്നുകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും വേണം. അപസ്മാരം നിയന്ത്രിക്കാന്‍ പലതരം മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരുണ്ട്. ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മരുന്നില്‍ മാറ്റങ്ങള്‍ വരുത്തണം. ഇല്ലെങ്കില്‍ അപസ്മാരത്തിന് കഴിക്കുന്ന മരുന്നുകള്‍ വന്ധ്യതയ്ക്ക് കാരണമായേക്കാം.
പണ്ടുകാലത്ത് ഗര്‍ഭിണികളിലെ അപസ്മാരത്തിന് നല്‍കിയിരുന്ന മരുന്നുകള്‍ ഭ്രൂണത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന മരുന്നുകള്‍ ലഭ്യമാണ്. എങ്കിലും 3% മുതല്‍ 25% വരെ സ്ത്രീകളിലും ഭ്രൂണത്തിന് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടാണ് കൂടുതല്‍ ചെക്കപ്പുകളും മേല്‍നോട്ടവും ഗര്‍ഭിണികള്‍ക്ക് വേണമെന്ന് പറയുന്നത്.
അമ്മയ്ക്കോ അച്ഛനോ അപസ്മാരമുണ്ടെങ്കില്‍ കുഞ്ഞിനും രോഗമുണ്ടാകുമോ?
20-30% രോഗികളില്‍ മാത്രമാണ് ജനിതക കാരണങ്ങളാല്‍ അപസ്മാരം ഉണ്ടാകുന്നത്. അതായത് നിങ്ങള്‍ക്ക് അപസ്മാരമുണ്ടെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് അപസ്മാരമുണ്ടാകാനുള്ള ചെറിയൊരു സാധ്യതയുണ്ട്. എങ്കിലും ഭൂരിഭാഗം രോഗികളിലും (60%70%) മറ്റ് കാരണങ്ങള്‍ കൊണ്ടാണ് അപസ്മാരം ഉണ്ടാകുന്നത്. ഇനി നിങ്ങളില്‍ നിന്ന് ജനിതകമായി കുഞ്ഞിന് ഭാവിയില്‍ അപസ്മാരമുണ്ടായാലും, കൃത്യമായ പരിശോധനകളിലൂടെയും ചികിത്സയിലൂടെയും ഒരു സാധാരണ ജീവിതം നയിക്കാന്‍ നിസംശയം കഴിയും.
ആറ് മാസത്തിനും ആറ് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പനി കൂടുമ്പോള്‍ അതിനോടനുബന്ധിച്ച് അപസ്മാരം ഉണ്ടാകാറുണ്ട്. അപസ്മാരമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ ഇതിന് കാര്യമായ ചികിത്സയൊന്നും വേണ്ടിവരാറില്ല. കുട്ടി വളരുമ്പോള്‍ അത് സ്വാഭാവികമായി ഭേദമായിക്കൊള്ളും. ഡോക്ടറെ കണ്ട് പരിശോധനകള്‍ക്ക് വിധേയരാകുകയും അപകടസാദ്ധ്യതകള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ചെയ്യേണമെന്ന് മാത്രം..
ഗര്‍ഭകാലത്തെ അപസ്മാരം; വേണം അതീവജാഗ്രത
ഗര്‍ഭം ധരിച്ച് ആദ്യത്തെ എട്ട് ആഴ്ചക്കാലം ഭ്രൂണത്തിന്റെ ആരോഗ്യത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. കാരണം, ഇക്കാലത്താണ് കുഞ്ഞിന്റെ ശരീരത്തിലെ പ്രധാന അവയവങ്ങള്‍ ഉണ്ടാകുന്നത്. ഭ്രൂണത്തിന് അപാകതകള്‍ ഇല്ലായെന്ന് ഉറപ്പാക്കാന്‍ സാധാരണ ഗര്‍ഭിണികളേക്കാള്‍ കൂടുതല്‍ സ്‌കാനിങ്ങുകള്‍ വേണ്ടിവരും. ഭ്രൂണത്തിന് തകരാറുകള്‍ ഉണ്ടായാല്‍ ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്‌കം, ഹൃദയം, മുഖത്തിന്റെ ആകൃതി, കൈകാലുകള്‍ എന്നിവയില്‍ കാര്യമായ തകരാറുകളോ വൈകല്യങ്ങളോ ഉണ്ടാകാനിടയുണ്ട്. സാധാരണ അപസ്മാരത്തിന് കഴിക്കുന്ന മരുന്നുകള്‍ ഇക്കാലയളവില്‍ തുടരാന്‍ പാടില്ല. നിര്‍ബന്ധമായും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഗര്‍ഭകാലത്തിന് അനുയോജ്യമായ മരുന്നുകള്‍ വേണം കഴിക്കാന്‍. പലപ്പോഴും ഗൈനക്കോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഫീറ്റല്‍ മെഡിസിന്‍ വിദഗ്ധര്‍ എന്നിവര്‍ സംയുക്തമായിട്ടായിരിക്കും ഗര്‍ഭിണികളിലെ അപസ്മാരത്തെ ചികില്‌സിക്കുന്നത്.
ഗര്‍ഭം മൂന്ന് മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ അമ്മയുടെ ആരോഗ്യത്തിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. ഈ സമയത്ത് അമ്മയ്ക്ക് അപസ്മാരമുണ്ടായാല്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും ഗര്‍ഭസ്ഥശിശുവിന് ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാത്ത സാഹചര്യവും ഉണ്ടാകാം. ഇതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചേക്കാം. അതുകൊണ്ട് പരമാവധി അപസ്മാരം ഉണ്ടാകാതെ നോക്കേണ്ട സമയമാണിത്. പ്രസവത്തോടടുക്കുന്തോറും അപസ്മാരത്തിന് മരുന്നുകഴിക്കുന്ന സ്ത്രീകളുടെ ശരീരഭാരം കൂടും. കേരളത്തിലെ സ്ത്രീകളില്‍ പൊതുവേ 6 മുതല്‍ 10 കിലോ വരെ കൂടാറുണ്ട്. ഇക്കാലത്ത് പ്രൊജസ്റ്ററോണിന്റെ അളവ് കൂടുന്നതിനാല്‍ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കുറയും. എങ്കിലും ശ്രദ്ധയും കരുതലും ആവശ്യമാണ്. ഈ സമയത്തും കഴിക്കുന്ന മരുന്നുകളിലും അവയുടെ ഡോസുകളിലും ഡോക്ടര്‍മാര്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കാറുണ്ട്.
പ്രസവം കഴിഞ്ഞാലുടന്‍ പ്രൊജസ്റ്ററോണിന്റെ അളവ് കുത്തനെ കുറയുന്നു. അതിനാല്‍ പ്രസവത്തോടനുബന്ധിച്ച് അപസ്മാരം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രസവത്തിന് ഏതാണ്ട് 4-5 ദിവസങ്ങള്‍ക്ക് മുന്‍പും പ്രസവശേഷമുള്ള 72 മണിക്കൂര്‍ കാലയളവിലും അതീവശ്രദ്ധ അനിവാര്യമാണ്. തുടര്‍ന്നുള്ള അഞ്ചോ ആറോ ദിവസങ്ങളിലും കരുതല്‍ വേണം. പ്രസവത്തിനായി ആശുപത്രി തെരഞ്ഞെടുക്കുമ്പോള്‍ അപസ്മാരമുണ്ടായാല്‍ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്ള ആശുപത്രി തന്നെ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
പ്രസവാനന്തരമുണ്ടാകുന്ന അപസ്മാരം
പ്രസവശേഷമുണ്ടാകുന്ന അപസ്മാരം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ വെല്ലുവിളികളുണ്ടാക്കുന്നു. യാദൃശ്ചികമായി അപസ്മാരമുണ്ടായാല്‍ അമ്മയുടെ കൈയില്‍ നിന്ന് നവജാതശിശു താഴെ വീഴാനിടയുണ്ട്. കിടക്കുമ്പോഴാണ് അമ്മയ്ക്ക് അപസ്മാരം ഉണ്ടാകുന്നതെങ്കില്‍ കുഞ്ഞിന്റെ ദേഹത്തേക്ക് മറിയാതിരിക്കാനും ശ്രദ്ധിക്കണം. അപസ്മാരത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലേക്ക് ഏതാനും സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരന്തരീക്ഷമാണ് അപസ്മാരമുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം വീടുകളില്‍ ഒരുക്കിനല്‍കേണ്ടത്.
വാര്‍ദ്ധക്യത്തിലെ അപസ്മാരം
ആര്‍ത്തവവിരാമത്തിനു ശേഷം ഹോര്‍മോണുകളുടെ അളവ് കുറയുന്നതിനാല്‍ അപസ്മാരം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. ദീര്‍ഘകാലമായി അപസ്മാരത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ അതിന്റെതായ പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. എല്ലുകളുടെ ശക്തി ക്ഷയിക്കുക, വിറ്റാമിന്‍ ഡിയുടെ കുറവ് എന്നിവ അതില്‍ ചിലതാണ്. ഈ ഘട്ടത്തില്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് പോലെയുള്ള തെറാപ്പികളും കൃത്യമായ ചെക്കപ്പുകളും ആവശ്യമായി വന്നേക്കാം.
പ്രായമാകുന്തോറും വീണ് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുകയും, ഹൃദയഘാതം ഉണ്ടാവാനുള്ള സാധ്യത കൂടുന്നതിനാലും അപസ്മാരം നിയന്ത്രിക്കേണ്ടത് അനിവാര്യമായിത്തീരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍, കൃത്യമായി മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം നിരന്തര നിരീക്ഷണവും പരസഹായവും ആവശ്യമായി വരാം.
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അപസ്മാരമുള്ള സ്ത്രീകള്‍ക്ക് കൃത്യമായ ചെക്കപ്പുകള്‍ ആവശ്യമാണെന്ന് ഏറെക്കുറെ മനസ്സിലായിക്കാണുമല്ലോ. ഓരോ ജീവിതഘട്ടത്തിനും അനുസരിച്ച് മരുന്നുകളിലും അവയുടെ അളവിലും മാറ്റങ്ങള്‍ വരുത്തണം. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറയ്ക്കാനായിരിക്കും ഡോക്ടര്‍മാര്‍ ശ്രമിക്കുക. അതിനാല്‍ മരുന്നുകള്‍ കഴിക്കാന്‍ മടിക്കരുത്. കൃത്യമായ ചികിത്സയിലൂടെ അപസ്മാരമുള്ള സ്ത്രീകള്‍ക്കും സാധാരണപോലെ സന്തോഷപൂര്‍വം പ്രസവിക്കാനും തുടര്‍ന്ന് ജീവിക്കാനും കഴിയും. ഇക്കാര്യത്തില്‍ വീടിനകത്തുനിന്നും പുറത്തുനിന്നും മികച്ച പിന്തുണ ആവശ്യമാണെന്ന് മാത്രം.
തയ്യാറാക്കിയത് : ഡോ. സന്ദീപ് പദ്മനാഭന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ന്യൂറോളജി ആന്‍ഡ് എപിലെപ്‌സി മാനേജ്‌മെന്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി