Advertisment

നിശബ്ദ കൊലയാളി രക്തസമ്മര്‍ദമോ? ശ്രദ്ധിക്കാം ഈ ലക്ഷണങ്ങള്‍

New Update
എപ്പോഴും ബിപി ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ട്?

രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാത്തതുകൊണ്ടുതന്നെ നിശബ്ദ കൊലയാളിയെന്നാണ് രക്താതിമര്‍ദം അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം അറിയപ്പെടുന്നത്. ശരീരത്തിന്‌റെ വിവിധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കാന്‍ ഈ നിശബ്ദ കൊലയാളിക്കു സാധിക്കും. മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറ് എന്നിവയിലേക്കു നയിക്കാനും സാധിക്കും.

ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റേതായി സംശയിക്കേണ്ട ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

1. തലവേദന

അടിക്കടിയുള്ള തലവേദന രക്തസമ്മര്‍ദം കൂടിനില്‍ക്കുന്നതിന്‌റെ സൂചനയാകാം. തലയുടെ ഇരുവശങ്ങളിലുമായാകും ഈ വേദന അനുഭവപ്പെടുക.

2. കാഴ്ചപ്രശ്‌നങ്ങള്‍

കണ്ണുകളിലെ രക്തക്കുഴലുകളെ തകരാറിലാക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കാരണമാകും. മങ്ങിയ കാഴ്ച, രണ്ടായി കാണുക, പെട്ടെന്ന് കാഴ്ച കുറയുക തുടങ്ങിയ കാഴ്ച പ്രശ്‌നങ്ങള്‍ ഇതിന്‌റെ ഭാഗമായുണ്ടാകാം. ഉയര്‍ന്ന രക്തസമ്മര്‍ദം റെറ്റിനയ്ക്ക് തകരാറുണ്ടാക്കുകയും ഹൈപ്പര്‍ടെന്‍സീവ് റെറ്റിനോപ്പതിക്ക് കാരണമാകുകയും ചെയ്യും. ഇത് ചികിത്സിക്കാതിരുന്നാല്‍ കാഴ്ച നഷ്ടത്തിലേക്കു നയിക്കും.

3. മൂക്കില്‍നിന്ന് രക്തം വരിക

ഇത് അത്ര സാധാരണമായ ലക്ഷണമല്ലെങ്കിലും അടിക്കടി മൂക്കില്‍നിന്ന് രക്തം വരികയാണെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം സംശയിക്കണം. രക്തസമ്മര്‍ദം വര്‍ധിക്കുമ്പോള്‍ മൂക്കിലെ ദുര്‍ബലമായ ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതാണ് രക്തസ്രാവത്തിന് കാരണമാകുന്നത്.

4. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്

ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തിനു രക്തം കാര്യക്ഷമമായി പമ്പ് ചെയ്യുന്നതിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് ശ്വാസകോശത്തില്‍ ദ്രാവകമടിഞ്ഞു കൂടുന്നതിനും ശ്വാസമെടുക്കാന്‍ പ്രയാസം അനുഭവപ്പെടുന്നതിനും ഇടയാക്കും.

5. ക്ഷീണം

അമിതമായ ക്ഷീണം ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റെ ലക്ഷണമാകാം. ഹൃദയത്തിനു ഫലപ്രദമായി രക്തം പമ്പ് ചെയ്യാന്‍ സാധിക്കാതെ വരുന്നതിനാല്‍ തലച്ചോറിലേക്കും മറ്റ് പ്രധാന അവയവങ്ങളിലേക്കും ഓക്‌സിജനും പോഷകങ്ങളും വിതരണം ചെയ്യുന്നതിന് തടസമാകും. ഇതാണ് അമിതക്ഷീണത്തിലേക്കു നയിക്കുന്നത്.

6. ക്രമരഹിതമായ ഹൃദയമിടിപ്പ്

അരിത്മിയ എന്നറിയപ്പെടുന്ന ക്രമരഹിതമായ അല്ലെങ്കില്‍ വേഗത്തിലുള്ള ഹൃദയമിടിപ്പ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്‌റെ ലക്ഷണമാണ്. രക്തം പമ്പ് ചെയ്യാന്‍ ഹൃദയം കഠിനമായി പ്രവര്‍ത്തിക്കുന്നതിന്‌റെ ഫലമാണ് മിടിപ്പിലുണ്ടാകുന്ന ഈ വ്യത്യാസം.

7. ക്രിയാറ്റിന്‍ കൂടുക

ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കകളെ അപകടത്തിലാക്കും. ഇതിന്‌റെ ഫലമായി ക്രിയാറ്റിന്‌റെ അളവ് കൂടാം.

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ എത്രയും പെട്ടെന്ന് വിദഗ്‌ധോപദേശം സ്വീകരിക്കണം. രക്തസമ്മര്‍ദം നേരത്തെ കണ്ടെത്തുക വഴി ശരീരത്തിലെ മറ്റ് അവയവങ്ങളെ ബാധിക്കുന്നത് തടയാനാകും.

 

Advertisment