Advertisment

വിശ്വാസികൾ ദുഃഖവെള്ളിയാഴ്ച ദിവസം ദൈവത്തിന് സമർപ്പിക്കുന്നു, ദുഃഖവെള്ളിയാഴ്ചയുടെ മതപരമായ പ്രാധാന്യം അറിയാം

New Update
good-friday update.jpg

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയിട്ടാണ് ആചരിക്കുന്നത്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച്, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിനു ശേഷം, മറ്റുള്ളവര്‍ക്കു വേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങി യേശു കുരിശില്‍ മരിച്ച ദിനത്തെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ ദുഃഖ വെള്ളിയായി ആചരിക്കുന്നത്.

Advertisment

ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച (Great Friday, ഗ്രെയിറ്റ്‌ ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ, ക്രിസ്തീയ ജീവിതത്തില്‍ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം വിശ്വാസികൾ ദൈവത്തിന് സമർപ്പിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാർത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങളുടെ വായനയും നടത്തി വരുന്നു. ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവും നില നിൽക്കുന്നു. കുരിശിൽക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീർ കുടിക്കാൻ കൊടുത്തതിന്റെ ഓർമയിൽ വിശ്വാസികൾ കയ്പുനീർ രുചിക്കുന്ന ആചാരവുമുണ്ട്.

Advertisment