Advertisment

ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ? തിരുവനന്തപുരത്ത് പാര്‍ട്ടിയെ മറികടന്നു ഒറ്റയ്ക്ക് സീറ്റ് തരപ്പെടുത്തിയ ആന്‍റണി രാജുവിനെ പുറത്താക്കാന്‍ ഒരുങ്ങി ഡോ . കെ സി ജോസഫ് !

New Update

publive-image

Advertisment

തിരുവനന്തപുരം : ഇടതുമുന്നണിയില്‍ സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോള്‍ ഘടകകക്ഷികളില്‍ പൊട്ടിത്തെറി തുടങ്ങി. മന്ത്രി സുനില്‍കുമാറിനെപ്പോലെയുള്ള ജനപ്രിയ നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിക്ഷേധം സിപിഐയില്‍ തുടരുന്നതിനിടെ മറ്റൊരു ഘടക കക്ഷിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കിലേയ്ക്ക്.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഡോ . കെ സി ജോസഫിന് മത്സരിക്കാന്‍ പോലും സീറ്റ് അനുവദിക്കാന്‍ ഇടതുമുന്നണി തയ്യാറാകാത്തത്തില്‍ പ്രതിക്ഷേധിച്ച് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്ത നടപടികളിലേയ്ക്ക് പോകും.

തിരുവനന്തപുരം സെന്‍ട്രലില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ആന്‍റണി രാജുവിന് മത്സരിക്കാന്‍ സിപിഎം സീറ്റ് നല്‍കിയെങ്കിലും ഇത് പാര്‍ട്ടി ബാനറിലല്ലെന്ന ആരോപണമാണ് കെ സി ജോസഫും കൂട്ടരും ഉന്നയിക്കുന്നത്.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിനാണ് തിരുവനന്തപുരം സീറ്റ് നല്കിയിരിക്കുന്നതെന്നും ഈ സീറ്റില്‍ കെ സി ജോസഫ് മത്സരിച്ചാലും പിന്തുണയ്ക്കാന്‍ സിപിഎം ഒരുക്കമാണെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞെങ്കിലും കെ സി ജോസഫ് വഴങ്ങിയില്ല.

എന്നാല്‍ ചങ്ങനാശേരിയോ കുട്ടനാടോ ഒന്നാം സീറ്റായി ആവശ്യപ്പെടുകയാണെന്നും പാര്‍ട്ടിയുടെ രണ്ടാം സീറ്റ് മാത്രമാണു തിരുവനന്തപുരം എന്നുമാണ് കെ സി ജോസഫ് പറയുന്നത്. അത് സിപിമ്മും അംഗീകരിച്ചേക്കില്ല. ഭാവി നടപടികള്‍ തീരുമാനിക്കാന്‍ ഡോ. കെ സി ജോസഫ് ഇന്ന് കോട്ടയത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റ് വിളിച്ചിരിക്കുകയാണ്.

ഇതോടെ ആന്‍റണി രാജൂ പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി സിപിഎമ്മുമായി ധാരണ ഉണ്ടാക്കി എന്നാണ് കെ സി ജോസഫിന്‍റെയും കൂട്ടരുടെയും ആരോപണം. അതിനാല്‍ ആന്‍റണി രാജുവിനെ ഉടന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തീര്‍മാനം.

പുറത്താക്കല്‍ തീരുമാനം ഇന്നോ നാളെയോ ഡോ. കെ സി ജോസഫ് പ്രഖ്യാപിച്ചേക്കും. ഇങ്ങനെ വന്നാല്‍ 80 കളില്‍ കേരളാ കോണ്‍ഗ്രസ് വിട്ട് പിന്നീട് സിപിഎം സഹയാത്രികനായി രാഷ്ട്രീയം തുടര്‍ന്ന ലോനപ്പന്‍ നമ്പാടന്‍റെ മാതൃകയില്‍ ആന്‍റണി രാജുവും ഇനി സിപിഎം സഹയാത്രികനായി തുടരേണ്ടി വരും.

എകെജി സെന്‍റര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ സ്വന്തം മണ്ഡലമാണ് സിപിഎം ആന്‍റണി രാജുവിനായി വിട്ടു നല്‍കുന്നത്. സ്വന്തമായി ഒരു 'കേരളാ കോണ്‍ഗ്രസ് ' രജിസ്ട്രേഷന്‍ കൈവശമില്ലാത്ത ആന്‍റണി രാജുവിന് മുന്‍പിലും മറ്റ് മാര്‍ഗങ്ങള്‍ ഇല്ല.

അതേസമയം സിപിഎം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാവാണ് ആന്‍റണി രാജൂ. എ കെ ജി സെന്‍ററിലെ പതിവ് സന്ദര്‍ശകന്‍ കൂടിയാണ് അദ്ദേഹം.

മയക്കുമരുന്നു കേസില്‍ മകന്‍ അറസ്റ്റിലായപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുവേണ്ടി ഏറ്റവും ശക്തമായി ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചത് ആന്‍റണി രാജുവായിരുന്നു.

kc joseph kerala congras
Advertisment