Advertisment

ക്രിസ്തീയ ശിഷ്യത്വത്തിൻ്റെ മാനം സ്നേഹം പങ്കുവയ്ക്കലാണ്: മാർപാപ്പാ

New Update
fdtfyfygu

ഓഗസ്റ്റ് 6 മുതൽ 8 വരെ ക്യൂബെക്ക് സിറ്റിയിൽ നടക്കുന്ന കൊളംബസ് യോദ്ധാക്കൾ അഥവാ നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ പരമോന്നത സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ഫ്രാൻസിസ് പാപ്പാ സന്ദേശം കൈമാറി.

Advertisment

ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി  ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കുന്ന സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം, നൈറ്റ്സ് ഓഫ് കൊളംബസ് മേധാവി പാട്രിക് ഇ കെല്ലി വഴിയാണ് കൈമാറിയത്. അരക്ഷിതാവസ്ഥയുടെ നിഴൽ വിരിച്ച ഈ ലോകത്തിൽ, നൈറ്റ്സ് ഓഫ് കൊളംബസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന എല്ലാ ഉപവിപ്രവർത്തനങ്ങൾക്കും പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു. കുടുംബങ്ങളെ ചേർത്തു നിർത്തിക്കൊണ്ട് അംഗങ്ങൾ നൽകുന്ന ക്രിസ്തുസാക്ഷ്യത്തെ പാപ്പാ അഭിനന്ദിക്കുകയും ചെയ്തു.

വാഴ്ത്തപ്പെട്ട മൈക്കൽ മക്‌ഗിവ്‌നിയുടെ പ്രാവചനിക ദർശനത്താൽ ഉരുവാക്കപ്പെടുകയും, നയിക്കപ്പെടുകയും ചെയ്യുന്ന സംഘടന, അപ്പസ്തോലിക തീക്ഷ്ണതയാൽ, പാവങ്ങൾക്കുള്ള സേവനത്തിലും സഭയുടെ ഐക്യവും,സാഹോദര്യവും കാത്തുസൂക്ഷിക്കുന്നതിനും ഏറെ സഹായകരമായിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. വിശ്വാസ ജീവിതത്തിൽ കുടുംബങ്ങളെ ഉറപ്പിച്ചുനിർത്തുവാനും, നവതലമുറക്ക് വിശ്വാസപരിശീലനം നൽകുവാനുമുള്ള സംഘടനയുടെ പ്രവർത്തനങ്ങളെയും പാപ്പാ പ്രത്യേകം  അനുസ്മരിച്ചു.ആത്മീയ പരിപാലനത്തിനായി ഇനിയും സംഘടന എടുക്കുന്ന നല്ല തീരുമാനങ്ങൾക്ക് പാപ്പാ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

അമേരിക്കയിൽ നടന്ന ദിവ്യകാരുണ്യകോൺഗ്രസിനു നേതൃത്വം വഹിച്ചതും നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങളായിരുന്നു. എല്ലാവരുടെയും സമാധാനത്തിനും രക്ഷയ്ക്കും വേണ്ടി അർപ്പിക്കുന്ന വിശുദ്ധ കുർബാന നല്ല ഫലങ്ങൾ ജീവിതത്തിൽ നല്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, ക്രൈസ്തവ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനു സംഘടന നൽകുന്ന പ്രോത്സാഹനളെയും, ചെയ്യുന്ന പ്രവർത്തനങ്ങളെയും പാപ്പാ പ്രത്യേകം കൃതജ്ഞതയോടെ അനുസ്മരിച്ചു.

ജൂബിലി വർഷത്തിലേക്കു പ്രവേശിക്കുന്ന തിരുസഭയിൽ ഇനിയും ആത്മീയതയുടെ നിറവുണ്ടാകണമെന്നും, കർത്താവിന്റെ കാരുണ്യം തേടി വരുന്നവർക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ കബറിടത്തിനു മുകളിലുള്ള  അൾത്താരയുടെ  കൂടാരം കൂടുതൽ മനോഹരമായി കാണുന്നതിന്, അറ്റകുറ്റപ്പണികൾ ചെയ്യുന്നതിന് നൈറ്റ്സ് ഓഫ് കൊളംബസ് നൽകുന്ന സഹായങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു. സമ്മേളനത്തിൽ സംബന്ധിക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.



Advertisment