ടെലിവിഷന്‍ താരങ്ങളായ ക്രിസ് വേണുഗോപാലും, ദിവ്യ ശ്രീധറും വിവാഹിതരായത് കഴിഞ്ഞ ദിവസമാണ്. ഏതൊരു താരവിവാഹത്തെയും പോലെ ഇവരുടെ കല്യാണവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. വിവാഹാശംസകള്‍ നേര്‍ന്നുള്ള കമന്റുകള്‍ക്കൊപ്പം തന്നെ, പരിഹസിച്ചും വിമര്‍ശിച്ചുമുള്ള കമന്റുകളും ധാരാളമുണ്ട്.
ക്രിസ് വേണുഗോപാലിന്റെ നരച്ച താടി കണ്ട് അദ്ദേഹത്തിന് പ്രായക്കൂടുതലുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പല കമന്റുകളും. വാര്‍ധക്യ കാലത്തെ വിവാഹമെന്നും, മുത്തച്ഛന്റെ കല്യാണമെന്നുമടക്കം പരിഹാസങ്ങള്‍ ഉയരുന്നുണ്ട്.
ക്രിസ് വേണുഗോപാല്‍ ഇപ്പോള്‍ അഭിനയിക്കുന്ന ഒരു സീരിയലില്‍ അദ്ദേഹം പ്രായമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒരു പക്ഷേ, ഇതും അദ്ദേഹത്തിന് പ്രായമേറിയ ആളാണെന്ന് കരുതാന്‍ കാരണമായേക്കാം.
സോഷ്യല്‍ മീഡിയയിലെ ചില കമന്റുകള്‍
എങ്കിലും, ഒരു സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ പരിഹാസവും വിമര്‍ശനവും പതിവാക്കുന്ന സോഷ്യല്‍ മീഡിയ ശൈലി ഇവിടെയും അഭംഗുരം തുടരുകയാണ്. മുത്തച്ഛനെന്ന് വിളിച്ച് പരിഹസിക്കുന്ന ക്രിസ് വേണുഗോപാലിന് യഥാര്‍ത്ഥത്തില്‍ 49 വയസ് മാത്രമാണ് പ്രായം. മാത്രമല്ല, അദ്ദേഹം ഒരു ബഹുമുഖ പ്രതിഭ കൂടിയാണെന്നതാണ് വാസ്തവം. പ്രായം അളക്കേണ്ടത് മുടിയിലെ നര നോക്കിയല്ലെന്ന് ചുരുക്കം.
1975 ഒക്ടോബർ 4നാണ് ജനനം. വോയ്‌സ് കോച്ച്, നടൻ, എഴുത്തുകാരൻ, ഹിപ്‌നോതെറാപ്പിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനാണ്. സിവില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം അപ്ലൈഡ് സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സും സ്വന്തമാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ റേഡിയോ ജോക്കിയായാണ് കരിയറിന് തുടക്കമിട്ടത്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടന്‍ കൂടിയാണ്.
ക്രിസിന്റെ ബന്ധു വഴി വന്ന ആലോചനയാണ് ദിവ്യയുമായുള്ള വിവാഹത്തിലേക്ക് നയിച്ചത്. ഇടക്ക് ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസ്സില്‍ താന്‍ പങ്കെടുത്തിട്ടുണ്ട് എന്നാല്‍ ഒരിക്കലും വിവാഹം നടക്കുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞിരുന്നു.