ചെന്നൈ: ഇളയദളപതി വിജയിയുടെ അവസാന ചിത്രം പ്രീ സെയില്‍സില്‍ സര്‍വ റെക്കോര്‍ഡും തകര്‍ത്തേക്കും. തമിഴ്‌നാട്ടില്‍ ഇതുവരെയുള്ള ഒരു ചിത്രത്തിനും ലഭിക്കാത്ത അത്ര ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിന കളക്ഷനില്‍ അടക്കം പുതിയ റെക്കോര്‍ഡുകള്‍ ഈ ചിത്രം സൃഷ്ടിച്ചേക്കും. എച്ച് വിനോദാണ് ദളപതി 69 സംവിധാനം ചെയ്യുന്നത്.
അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ, വലിമൈ, തുനിവ് എന്നീ ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് വിനോദ്. തീരന്‍ അധികാരം ഒണ്‍ട്ര്, സതുരംഗ വേട്ട പോലുള്ള വലിയ വിജയങ്ങളായ ചിത്രങ്ങളും വിനോദ് സംവിധാനം ചെയ്തിട്ടുണ്ട്. വിജയിയുടെ അവസാന ചിത്രത്തില്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. അതേസമയം വമ്പന്‍ താരനിരയാണ് വിജയ് 69നുള്ളത്. മലയാള സിനിമയില്‍ നിന്ന് മമിത ബൈജുവും ചിത്രത്തിലുണ്ട്. പൂജ ഹെഗ്‌ഡെയാണ് വിജയിയുടെ നായിക. ബോബി ഡിയോളാണ് വില്ലനായി എത്തുന്നത്.
വിജയിയുടെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. പൂജയും വിജയിയും തമ്മിലുള്ള ഗാന രംഗത്തിന്റെ ചിത്രീകരണവും പൂര്‍ത്തിയായി. അതിവേഗത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. 2025 ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യാനാണ് വിനോദ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ വിജയിക്ക് ഇതിനിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതുകൊണ്ട് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളുകള്‍ വൈകിയേക്കും.
ഇളയദളപതിയുടെ അവസാന ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പേ തന്നെ കോടികളാണ് നിര്‍മാതാക്കള്‍ക്ക് നേടിക്കൊടുത്തിരിക്കുന്നത്. ഓവര്‍സീസ് റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്ന് ഫിലിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 78 കോടിയാണ് റൈറ്റ്‌സിലൂടെ ലഭിച്ചിരിക്കുന്നത്. ഇത് തമിഴ്‌സിനിമയിലെ തന്നെ സര്‍വകാല റെക്കോര്‍ഡുകളില്‍ ഒന്നാണ്. പ്രീസെയില്‍സില്‍ കോളിവുഡിലെ എല്ലാ റെക്കോര്‍ഡും ഈ ചിത്രം തകര്‍ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്