രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷിക ദിനാചരണം മുന്നില്‍ നില്‍ക്കെ ഭരണഘടനയെ ചൊല്ലി വീണ്ടും വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഇവിടെ സി പി എം വീണ്ടും നിയമക്കുരുക്കില്‍ ആവുന്നു എന്നതും കാണാതിരിക്കാനാവില്ല.
1949 നവംബര്‍ 26 നാണ് ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യന്‍ ഭരണഘടന പാസാക്കിയത്. ഇന്ത്യ രാജ്യത്തിന്റെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ നവോത്ഥാന നിയമരേഖയാണ്.
ഭാരതത്തിലെ ഓരോ മനുഷ്യനേയും ഒരു പോലെ ഉള്‍ക്കൊളളുന്ന നമ്മുടെ ഭരണഘടന പൗരന് ഉറപ്പാക്കുന്ന അവകാശങ്ങളും അധികാരങ്ങളും എത്രത്തോളം നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നുളളത് തന്നെയാണ് ഇവിടെ ചര്‍ച്ചാവിഷയം.
ഓരോ വ്യക്തിയുടേയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിര്‍വ്വചിച്ചിരിക്കുന്ന രാജ്യത്തിന്റെ ഭരണഘടന മഹത്തായ തുല്യതയുടെ രേഖയും മാനവിക മൂല്യത്തിന്റെ പ്രഖ്യാപനവുമാണ്.
ഭരണഘടനയുടെ മൂല്യങ്ങള്‍ ഓരോ വ്യക്തിയുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാകേണ്ടത് ഒരു അനിവാര്യതയാണ്. ഭരണഘടന നിലവില്‍ വന്ന് 75 വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ അര്‍ത്ഥതലങ്ങള്‍, മൂല്യങ്ങള്‍ എന്നിവ നമ്മളില്‍ ചിലരെങ്കിലും മനസ്സിലാക്കിയില്ല എന്നു തന്നെ വേണം മന്ത്രി സജി ചെറിയാന് എതിരായ കോടതി നടപടിയെ വീക്ഷിക്കുമ്പോള്‍ മനസ്സിലാവുന്നത്.
2022 ജൂലായില്‍ മല്ലപ്പള്ളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ
ചേര്‍ത്ത് വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഭരണഘടനയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അന്ന് മന്ത്രി നടത്തിയത്.
ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യമെന്നുമാണ് സജി ചെറിയാന്‍ അന്ന് പറഞ്ഞത്.
ആ പറഞ്ഞതും പ്രസംഗശൈലിയും എല്ലാം കേള്‍ക്കുന്ന ആരിലും അത് അവഹേളനമാണ് എന്ന് വ്യക്തമായി തിരിച്ചറിയാന്‍ പറ്റും. പ്രസംഗം വിവാദമായപ്പോള്‍ ആ ബോധ്യം മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും ഉണ്ടായത് കൊണ്ടാണല്ലോ അന്ന് സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജി വച്ചതും.
എന്നാല്‍ പിന്നിട് അവഹേളിക്കുക വിമര്‍ശിക്കുക എന്നീ രണ്ടു വാക്കുകളുടെ അര്‍ത്ഥതലത്തില്‍ മന്ത്രി സജി ചെറിയാനെതിരെ അന്ന് കേസ് എടുക്കാതിരുന്ന പൊലീസും ഇന്നിപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
പറയുമ്പോള്‍ അവഹേളനവും എന്നാല്‍ വിവാദമാവുമ്പോള്‍ പറഞ്ഞതിന്റെ പൊരുള്‍ മാറ്റുകയും ചെയ്യുന്ന സിപിഎം നയം മുമ്പ് എം വി ജയരാജന്റെ പ്രസംഗത്തിലും നമ്മള്‍ കണ്ടതാണ്. ശുംഭന്മാര്‍ എന്ന പ്രയോഗത്തില്‍.
അന്നു അത് വിവാദമായപ്പോള്‍ ശുഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ത്ഥം കണ്ടെത്തിയെങ്കിലും എം വി ജയരാജനെ സുപ്രിം കോടതി വെറുതെ വിട്ടില്ല. ശിക്ഷ നല്‍കുക തന്നെ ചെയ്തു.
വാവിട്ടു പോയ വാക്കിന്റെ പേരില്‍ വെള്ളംകുടിക്കേണ്ടിവന്ന രാഷ്ട്രീയക്കാരില്‍ മുന്നണി വ്യത്യാസമില്ലാതെ നേതാക്കളുണ്ട് എന്നത് മറ്റൊരു വസ്തുത. പഞ്ചാബ് മോഡല്‍ പ്രസംഗിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രി സ്ഥാനം തെറിച്ചെങ്കില്‍ എം.എം. മണിയെ ചതിച്ചതും ഒരു പ്രസംഗത്തിലെ പ്രയോഗമായിരുന്നു.
വണ്‍, ടൂ, ത്രീ, ഫോര്‍... ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത് ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു...'' പ്രസംഗം വിവാദമായതോടെ മണിയെ ഇടുക്കി ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി.എം. നീക്കി.
ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്ത് കേസെടുക്കുകയും റിമാന്‍ഡിലാവുകയും ചെയ്തു.
ഇവിടെയും ഇനി സ്ഥിതി വ്യത്യസ്ഥമാകാന്‍ വഴിയില്ല.
പക്ഷെ ഇവിടെ അവഹേളിക്കപ്പെട്ടത് ഭരണഘടനയാണ് എന്നത് കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുക തന്നെയാണ് .
- എഡിറ്റര്‍