കോട്ടയം: കോൺഗ്രസിൽ തർക്കങ്ങൾക്ക് ഇപ്പോഴും മുൻകാലത്തും ഒരു കുറവും ഉണ്ടായിട്ടില്ല. ഗ്രൂപ്പും വിഴുപ്പലക്കലും ഇല്ലെങ്കിൽ പിന്നെന്ത് കോൺഗ്രസ്. കെ മുരളീധരൻ പറഞ്ഞതുപോലെ ആ വിഴുപ്പ് അലക്കൽ തന്നെയാണ് കോൺഗ്രസിനെ ശുദ്ധീകരിക്കുന്നത്. വിഴുപ്പ് ഉണ്ടെങ്കിൽ അലക്കി ശുദ്ധീകരിക്കണം. ഇല്ലെങ്കിലാണ് നാറുന്നത്.
പുതുപ്പള്ളി വിജയത്തിനു ശേഷമുള്ള കോട്ടയത്തെ കോൺഗ്രസ് വാർത്താ സമ്മേളനമാണ് കഴിഞ്ഞ രണ്ടുദിവസത്തെ ട്രോൾ മഴ ! വാർത്താ സമ്മേളനത്തിൽ ആരാദ്യം സംസാരിക്കണമെന്ന് സംബന്ധിച്ച് തർക്കം ഉണ്ടായെന്ന തരത്തിലെ ദൃശ്യങ്ങളാണ് കാരണം. അത് തർക്കമല്ലെന്നും സ്നേഹമാണെന്നുമാണ് വിഡി സതീശന്‍റെ മറുപടി. കെ സുധാകരൻ പ്രതികരിച്ചിട്ടുമില്ല.
ഇനി അതെന്തെങ്കിലുമാകട്ടെ, ഇതിനേക്കാൾ വലിയ തർക്കങ്ങൾ എത്ര കണ്ടിരിക്കുന്നു കോൺഗ്രസിൽ. അതിലൊരു തർക്കം പ്രത്യേകിച്ച് എന്താണെന്നത് മനസിലാകാന്‍ മാത്രവുമില്ല.
കോൺഗ്രസിൽ ഇങ്ങനെ തർക്കവും ചോദ്യം ചെയ്യലും തിരുത്തലുകളും ഒക്കെ ഉള്ളതുകൊണ്ടാണ് വലിയ ആപത്തുകളിലൊന്നും ചെന്ന് പെടാതെ കോൺഗ്രസ് നേതാക്കൾ ഇങ്ങനെ കഴിഞ്ഞുപോകുന്നത്. അവർക്കെതിരെ ഇത്തരം ആരോപണങ്ങളല്ലാതെ വല്ലാത്ത മാസപ്പടി ആരോപണങ്ങൾ ഒന്നും ഉയരാത്തത് അതിനാലാണ്.
കോൺഗ്രസ് ഭരിക്കുമ്പോൾ ഒരു ലക്ഷം രൂപയുടെ ഒരു സാധനം 18 ലക്ഷം രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചാൽ ചോദിക്കാൻ സിപിഎമ്മുകാർ എത്തുന്നതിന് മുമ്പ് കോൺഗ്രസുകാരനെത്തും. ആ പരാതി പാർട്ടിക്കുള്ളിലും ആകില്ല ഉയർത്തുക, മാധ്യമങ്ങൾക്ക് മുമ്പിലാകും. പിന്നെ പ്രതിപക്ഷം ഇത് ഏറ്റുപിടിക്കുക ഇരട്ടി പ്രഹരശേഷിയുള്ള ആയുധം എന്ന നിലയിലായിരിക്കും.
അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസ് മന്ത്രിമാർ ദുഷ്പേര് സമ്പാദിക്കുന്നതും ഈ വഴിക്കാണ്. അതേസമയം ഇടതുപക്ഷത്തെ മന്ത്രിമാർക്ക് ആ 'ഗതികേടില്ല'. എത്ര വലിയ അപരാധം കണ്ടെത്തിയാലും പരസ്യമായി പറയാനാകില്ല. പത്രക്കാർക്ക് ചോർത്തിയാൽ പാർട്ടി അന്വേഷണം ചോർത്തിയ കുലംകുത്തിയെ സംബന്ധിച്ചാകും. കണ്ടുപിടിച്ചാൽ പിന്നെ അവന്‍റെ കാര്യം തീർന്നു.
അതിനാലാകണം ആരോപണങ്ങളുടെ തോത് ഉയർന്നതായിരിക്കും ആ പക്ഷത്ത്. കോടികളുടെ വലിപ്പം ഉയരും. എത്ര വ്യക്തമായ ആരോപണം ഉയർന്നാലും അണികൾ നേതാക്കളെ കണ്ടാൽ 'മന്നവേന്ദ്രാ വിളങ്ങുന്നു, ചന്ദ്രനെപ്പോലെ നിൻ മുഖം' എന്ന് പാടി പുകഴ്ത്തണം. അതിനാൽ കോൺഗ്രസിൽ ഒരു നേതാവിന് അഴിമതി നടത്തണമെങ്കിൽ വല്ലാത്ത പെടാപ്പാടാണ്. അപ്പുറത്താണെങ്കിൽ അഴിമതി കേന്ദ്രീകൃതമാണെന്നാണ് കോൺഗ്രസുകാരുടെ ആരോപണം. അത് ചിലപ്പോൾ അസൂയ കൊണ്ടും ആകാം.
എന്തായാലും കോൺഗ്രസിന്‍റെ കരുത്തും സൗന്ദര്യവും ഈ ഗ്രൂപ്പുകളും വിഴുപ്പലക്കലും പരസ്പരമുള്ള ഏറ്റുമുട്ടലുകളും തന്നെയാണ്.