മാന്യമായി, പ്രതിപക്ഷ ബഹുമാനത്തോടെ വിമർശനം. പൊതുവേദികളിൽ പരസ്പര സ്നേഹവും വിനയവും ആദരവുമെല്ലാം പ്രകടമാക്കുന്ന തരത്തിൽ പെരുമാറ്റം. നേരിൽ കാണുമ്പോൾ രാഷ്ട്രീയം മറന്നുള്ള സ്നേഹാദരം .
മുൻപ് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടങ്ങളിൽ കണ്ട കാഴ്ചകൾ ഇങ്ങനെയായിരുന്നുവെങ്കിൽ പരസ്പരം വെല്ലുവിളിച്ചും വ്യക്തിഹത്യ നടത്തിയും കള്ള പ്രചരണങ്ങൾ നടത്തിയും ഒരു ത്രില്ലർ സിനിമ തിരക്കഥ പോലെയാണ് ഇന്നിപ്പോൾ നമ്മൾ കാണുന്ന തിരത്തെടുപ്പും അതിന്റെ പ്രചരണവും. വ്യക്തിപരമായ ചെളിവാരിയെറിയലുകള്‍ക്കിടയിൽ മലീമാസമാകുന്ന തിരഞ്ഞെടുപ്പ് അന്തരീക്ഷം.
മണ്ഡലത്തിൻ്റെ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞും വികസന പദ്ധതികൾ മുന്നോട്ടു വെച്ചും ഒരു പോസിറ്റീവ് വൈബ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് അന്യംനിന്നു പോകുന്ന ദൃശ്യമാണ് ഇപ്പോൾ പാലക്കാട് അടക്കം കാണുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിലാണ് പുതിയ കാലത്തെ പുതിയ പ്രവണതകൾക്കും വെല്ലുവിളികൾക്കുമനുസരിച്ച് പ്രചരണം ചിട്ടപ്പെടുത്തുന്ന രീതി മലയാളികൾ കണ്ടത്. സ്ഥാനാർത്ഥികളെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ഏത് അറ്റംവരെയും പോകാം എന്ന് വടകര തെളിയിച്ചു.
പാലക്കാട് ഇപ്പോൾ കാണുന്നതും ഏതാണ്ട് അതേ മാതൃകയിലുള്ള ട്രൻ്റ് തന്നെയാണ്. പ്രാദേശിക വികസന പ്രശ്നങ്ങളിൽ ഊന്നിയുള്ള പ്രചരണത്തിന് പകരം ട്രോളി ബാഗ് വിവാദവും വർഗ്ഗീയ പരാമർശങളും എല്ലാം നിറഞ്ഞ ദിനങ്ങൾ. പ്രതിക്ഷിക്കാത്ത വലിയ ചില രാഷ്ട്രീയ മാറ്റങ്ങൾ കണ്ട തിരഞ്ഞെടുപ്പിൽ പക്ഷെ ഈ രാഷ്ട്രീയ മാറ്റങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചു എന്നതാണ് പരിതാപകരം.
രാഷ്ട്രീയ മാറ്റത്തിൻ്റെ പേരിൽ അവരുടെ ജീവിത പങ്കാളികളെയും കുട്ടികളെയും മാതാപിതാക്കളെയും വരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണം. അത് എതിർക്കപ്പെടുക തന്നെ വേണം. വെറുപ്പിൻ്റെ രാഷ്ട്രീയം പൊതുജനം തിരിച്ചറിയുന്നുണ്ട് എന്ന ബോധവും ബോധ്യവും രാഷ്ട്രീയ നേതൃത്വം തിരിച്ചറിയണം.
അവർ നിങ്ങളുയർത്തുന്ന വിവാദങ്ങൾക്കോ വ്യക്തിഹത്യകൾക്കോ അപവാദ പ്രചരണങ്ങൾക്കോ ആവില്ല തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക.
സാധാരണ ജനത്തിൻ്റെ കാഴ്ചപ്പാട് അത് ഈ ഉയർത്തുന്ന വിവാദങ്ങൾക്കപ്പുറം നാടിന്റെ വികസന സ്വപ്നങ്ങളിൽ തന്നെയാവും. ആ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാവും അവർ അവരുടെ വോട്ട് രേഖപ്പെടുത്തുക. അവിടെയാണ് തിരഞ്ഞെടുപ്പ് ഉത്സവമാകുന്നതും.
അജണ്ടകൾ സൃഷ്ടിച്ച് വാർത്താ മാധ്യമങ്ങളെ തങ്ങളുടെ പ്രചരണത്തിലേയ്ക്ക് അടുപ്പിക്കുന്ന തന്ത്രങ്ങൾ പലപ്പോഴും അതിര് വിടുന്നു. കൊല്ലും കൊലവിളിയുമായി മാറുന്ന തിരഞ്ഞെടുപ്പ് പ്രചരണകാലം വിവാദ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നഷ്ടപ്പെടുന്നത് നാടിൻ്റെ സമാധാന അന്തരീക്ഷമാണ് .
- എഡിറ്റര്‍