Advertisment

ഒരൊറ്റ സ്വര്‍ണം പോലുമില്ല ! ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ വേട്ട വെറും ആറിൽ ഒതുങ്ങുമ്പോൾ ഓർമിക്കണം, അന്ന് കായികതാരങ്ങളോട് കാണിച്ച അനീതി. സ്വര്‍ണത്തിനടുത്തുവരെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ പ്രകടനം അഭിമാനകരം. ഇന്ത്യൻ കായികരംഗത്തിന് എന്തുപറ്റി ? - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
H

ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. 144 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം കൂടിയാണ്. പക്ഷെ പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന്‍റെ നേട്ടം വെറും ആറു മെഡലിലൊതുങ്ങി. അതും ഒരു സ്വര്‍ണ മെഡല്‍ പോലുമില്ലാതെ. പങ്കെടുത്ത രാജ്യങ്ങളില്‍ ഇന്ത്യ എത്തിയത് 71-ാം സ്ഥാനത്ത്.

Advertisment

അമേരിക്കയും ചൈനയും സ്വര്‍ണമുള്‍പ്പെടെ വിവിധ ഇനങ്ങളില്‍ മെഡലുകളേറെ വാരിക്കൂട്ടിയപ്പോള്‍ ഭീകരമായ യുദ്ധത്തിന്‍റെ നടക്കുനിന്നു വന്ന യുക്രൈന്‍ താരങ്ങള്‍ മൂന്നു സ്വര്‍ണമാണു നേടിയത്. പിന്നോക്ക രാജ്യങ്ങള്‍ പോലും പൊന്‍ തിളക്കമണിഞ്ഞു.

കരീബിയന്‍ രാജ്യമായ സെന്‍റ് ലൂസിയ്ക്കും കിട്ടി ഒരു സ്വര്‍ണ മെഡല്‍. കെനിയ, ഉഗാണ്ട, ഗ്വാട്ടിമാല, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിങ്ങനെ ലോക ഭൂപടത്തില്‍ അത്രയ്ക്കു വലിപ്പമോ സാമ്പത്തിക മുന്നേറ്റമോ ഇല്ലാത്ത രാജ്യങ്ങള്‍ പോലും സ്വര്‍ണമെഡലുകള്‍ അണിഞ്ഞാണു മടങ്ങിയത്.


ഇന്ത്യയ്ക്കെന്തുപറ്റി ? 1947 ആഗസ്ത് 15നു ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നു സ്വാതന്ത്ര്യം നേടിയ ഇന്ത്യ ഒരിക്കല്‍കൂടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോഴാണ് പാരീസില്‍ കായിക ലോകം മാറ്റുരച്ച ഒളിംപിക്സ് വേദിയില്‍ ഒരു നേട്ടവും കുറിക്കാനാവാതെ ഇന്ത്യ മടങ്ങിയത്. ഒരൊറ്റ സ്വര്‍ണമെഡല്‍ പോലുമില്ലാതെ


സ്വര്‍ണത്തിനടുത്തുവരെയെത്തിയ ഗുസ്തി താരം വിനേഷ് ഫോഗട്ട് മാത്രമാണ് ഇന്ത്യാ മഹാരാജ്യത്തിനു അഭിമാനമായത്. 50 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലിലെത്തിയ വിനേഷ് അവസാന നിമിഷത്തിലെ ഭാര പരിശോധനയില്‍ വെറും നൂറു ഗ്രാം കൂടിയതിന്‍റെ പേരില്‍ മത്സരത്തില്‍ നിന്നു പുറത്താക്കപ്പെടുകയായിരുന്നു.

ഇന്ത്യന്‍ കായികരംഗത്തു നടക്കുന്ന കടുത്ത അനീതികള്‍ക്കും ലൈംഗിക ചൂഷണത്തിനുമെതിരെ ഉയര്‍ന്ന കനത്ത ശബ്ദമായിരുന്നു വിനേഷ് ഫോഗട്ടിന്‍റേത്. ഗുസ്തി ഫെഡറേഷനില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ വിനേഷ് ഫോഗട്ട് മാത്രമല്ല, പ്രമുഖ ഗുസ്തി താരങ്ങളും മറ്റു കായികതാരങ്ങളും രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമുണ്ടായിരുന്നു.

അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍റെ അന്നത്തെ പ്രസിഡന്‍റിനെതിരെയായിരുന്നു ഗുസ്തി താരങ്ങള്‍ പോരിനിറങ്ങിയത്. ഗുസ്തി ഫെഡറേഷനില്‍ വനിതാ ഗുസ്തി താരങ്ങള്‍ക്കു നേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയായിരുന്നു ആ പോരാട്ടം. കേന്ദ്ര സര്‍ക്കാരിന്‍റെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും സര്‍വ പിന്തുണയോടുംകൂടെ ഗോദായില്‍ പിടിച്ചുനില്‍ക്കാനായിരുന്നു ഫെഡറേഷന്‍ പ്രസിഡ‍ന്‍റിന്‍റെ നീക്കം. അവസാനം അയാള്‍ക്കു സ്ഥാനമൊഴിയേണ്ടിവന്നു.

H

ലൈംഗിക ചൂഷണത്തിന്‍റെ പേരില്‍ ഡല്‍ഹിയില്‍ സമരത്തിനിറങ്ങിയ ഗുസ്തി താരങ്ങളെ അതിശക്തമായിത്തന്നെ ഡല്‍ഹി പോലീസ് നേരിട്ടു. വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് കഠിനമായി ദേഹോപദ്രവം ഏല്‍പ്പിച്ചു. പിടിച്ചു തള്ളുകയും റോഡില്‍ വീഴ്ത്തി തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. 

ഒളിംപിക്സും ഏഷ്യന്‍ ഗെയിംസുമുള്‍പ്പെടെ വിവിധ ലോക കായിക മത്സരങ്ങളില്‍ ഇന്ത്യയ്ക്കു അഭിമാന നേട്ടമുണ്ടാക്കിയ ഗുസ്തി താരങ്ങളാണ് തലസ്ഥാന നഗരിയില്‍ തെരുവുകളില്‍ ഇത്ര വലിയ പീഡനം നേരിട്ടത്.

2023 മെയ് 28 -നായിരുന്നു വിനേഷ് ഫോഗട്ടിനെ പോലീസ് ഡല്‍ഹിയില്‍ റോഡിലൂടെ വലിച്ചിഴച്ചത്. ആഗസ്ത് ആറാം തീയതി രാത്രി നഷ്ടപ്പെട്ട അവസരങ്ങളൊക്കെയും തിരിച്ചുപിടിച്ച്, തന്നെ തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ച അധികാര കേന്ദ്രങ്ങളെ തോല്‍പ്പിച്ച്, വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്സ് ഗോദായില്‍ ക്യൂബയുടെ യുസ് നെയ്ലിസ് ഗൂസ്മന്‍ ലോപസിനെ മലര്‍ത്തിയടിച്ച് ഫൈനലിലെത്തി. ഒളിംപിക്സ് സ്വര്‍ണ നിമിഷത്തിനു തൊട്ടടുത്ത്. ഇന്ത്യന്‍ ഗുസ്തിയില്‍ ഒരു വനിതാ താരം കൈവരിക്കുന്ന ഏറ്റവും വലിയ ഉയരം.

ഫൈനലിനു മുമ്പു നടന്ന ഭാര പരിശോധനയില്‍ കണ്ട നൂറു ഗ്രാമിന്‍റെ അധിക ഭാരം വിനേഷ് ഫോഗട്ടിന്‍റെയും ഒരു രാജ്യത്തിന്‍റെയും സുവര്‍ണ പ്രതീക്ഷകളെ മുഴുവന്‍ തച്ചുടയ്ക്കുകയായിരുന്നു.

vinesh Untitledpu

സ്വന്തം ഭാരം 50 കിലോഗ്രാമിനുള്ളില്‍ നിര്‍ത്താനുള്ള ബദ്ധപ്പാടുകണ്ട് 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാന്‍ വിനേഷ് ആകുന്നതു നോക്കിയെങ്കിലും അധികൃതര്‍ സമ്മതിച്ചിരുന്നില്ല. അന്തിം പംഗല്‍ എന്ന ഗുസ്തിക്കാരിക്കായിരുന്നു ആ വിഭാഗത്തില്‍ പ്രാതിനിധ്യം. ആദ്യ റൗണ്ടില്‍ത്തന്നെ അന്തിം പംഗല്‍ പുറത്താവുകയും ചെയ്തു. 

ഇന്ത്യ എന്ന വലിയ രാജ്യം നേരിടുന്ന കനത്ത പാപ്പരത്തത്തിലും ഷൂട്ടിങ്ങ് താരം മനുഭാക്കറിന്‍റെ വെങ്കലപ്രഭയും ജാവലിന്‍ താരം നീരജ് ചോപ്രയുടെ വെള്ളി വെളിച്ചവും മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നത്. വ്യക്തിഗത വിജയമെന്ന നിലയില്‍ ഈ രണ്ടു താരങ്ങളും നേടിയത് അഭിമാനകരമായ നേട്ടം.

ഇന്ത്യയുടെ കായികരംഗത്തിന് എന്തുപറ്റി ? സ്വാതന്ത്ര്യത്തിന്‍റെ 77 -ാം വര്‍ഷത്തിലും ഇന്ത്യയ്ക്ക് ഒരു കുതിച്ചുചാട്ടത്തിനു ശേഷി കൈവരിക്കാനായിട്ടില്ലെന്നതാണു വസ്തുത. ദാരിദ്ര്യവും പട്ടിണിയും ഇന്ത്യയെ ഇപ്പോഴും പിന്നോട്ടു വലിക്കുകയാണോ ?

 

Advertisment