Advertisment

നിര്‍മ്മലാ കോളജിലെ പ്രാര്‍ത്ഥനാ പ്രശ്നത്തിന് ഉത്തരവാദി ആര് ? നിസ്കരിക്കാനെത്തിയത് രണ്ടു പെണ്‍കുട്ടികള്‍ മാത്രമെങ്കിലും പിന്നില്‍ ചില തീവ്രവാദ ശക്തികൾ; കത്തോലിക്കാ സഭയുടെ കോളജില്‍ ചിലർ വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിഷവിത്തു പാകാൻ ശ്രമിക്കുന്നു. കോളജില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനല്ല, പഠിക്കാനാണ് ! -മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update
Nirmala College Muvattupuzha

മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍ പഠനമല്ല, പ്രാര്‍ത്ഥനയാണു പ്രശ്നം. രണ്ടു മുസ്ലിം പെണ്‍കുട്ടികള്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു വിശ്രമ മുറിയില്‍ നിസ്കരിച്ചതും കോളജ് കാമ്പസില്‍ ഒരു വിഭാഗത്തിനും പ്രാര്‍ത്ഥിക്കാന്‍ സൗകര്യം കൊടുക്കാനാവില്ലെന്നും കോളജ് മാനേജ്മെന്‍റ് ശഠിച്ചതും പുതിയൊരു വിവാദത്തിനു വഴിമരുന്നിട്ടിരിക്കുന്നു.

Advertisment

പ്രാര്‍ത്ഥിക്കാന്‍ കോളജ് കാമ്പസിനുള്ളില്‍ത്തന്നെ പ്രത്യേകം സ്ഥലമനുവദിക്കണമെന്നാണ് നിര്‍മ്മലാ കോളജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം. പക്ഷെ കോളജ് കാമ്പസില്‍ അങ്ങേയറ്റം സുതാര്യമായ മതേതരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അതിനെതിരായ നടപടിക്കു തയ്യാറാവില്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കുന്നു. കോളജിന് 300 മീറ്റര്‍ മാത്രം ദൂരത്ത് മോസ്ക് ഉണ്ടെന്നും വെള്ളിയാഴ്ച ഉച്ചയ്ക്ക് അവിടെ പോയി നിസ്കരിക്കാന്‍ സമയമുണ്ടെന്നും മാനേജ്മെന്‍റ് ചൂണ്ടിക്കാട്ടുന്നു. 

നിഷ്കളങ്കമായ ഒരു പ്രാര്‍ത്ഥനാ സൗകര്യം മാത്രമല്ല ഇത്. നിസ്കരിക്കാനെത്തിയത് രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണെങ്കിലും ഇതിനു പിന്നില്‍ ചില തീവ്രവാദ ശക്തികളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എസ്എഫ്ഐ, എംഎസ്എഫ് എന്നിങ്ങനെ പ്രധാന വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെതിരെ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ മുസ്ലിം യൂത്ത് ലീഗും (എംവൈഎല്‍) ഇതൊരു പ്രശ്നമാക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ ഉമസ്ഥതയിലുള്ള മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍ വിദ്വേഷത്തിന്‍റെയും വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിഷവിത്തു പാകാനാണ് ചില വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. അതും പ്രാര്‍ത്ഥിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന ആവശ്യത്തിന്‍റെ പേരില്‍. 

ഒരു സമുദായത്തിലെ കുട്ടികള്‍ക്കു പ്രാര്‍ത്ഥിക്കാന്‍ സ്ഥലം നല്‍കിയാല്‍ മറ്റു സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളും അതേ സൗകര്യം ആവശ്യപ്പെടില്ലേ ? അങ്ങനെ ആവശ്യമുണ്ടായാല്‍ മാനേജ്മെന്‍റിന് അനുവദിക്കേണ്ടി വരികയും ചെയ്യില്ലേ ? 

ഇതൊന്നും ആലോചിക്കാതെ, വിദ്യാര്‍ത്ഥികളെ കോളജില്‍ ചെന്നു പ്രാര്‍ത്ഥിക്കണമെന്നു നിര്‍ദേശം നല്‍കി പറഞ്ഞുവിടുന്നവരാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍.

കൃത്യമായ ജനാധിപത്യ രീതികളും മതസൗഹാര്‍ദവും ഉന്നതമായ മതേതര ചിന്തയും വെച്ചുപുലര്‍ത്തുന്ന സമൂഹമാണു കേരള സമൂഹം. മുസ്ലിം രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ മുസ്ലിം ലീഗ് പോലെയുള്ള രാഷ്ട്രീയ കക്ഷികള്‍ ഇവിടെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണെന്ന കാര്യവും ഓര്‍ക്കണം.

1992 -ല്‍ ഹിന്ദു തീവ്രവാദം തലയ്ക്കുപിടിച്ച ചില ശക്തികള്‍ ബാബ്റി മസിജിദ് തകര്‍ത്തപ്പോള്‍ കേരളത്തില്‍ തികച്ചും സമാധാനം നിറഞ്ഞ ഒരന്തരീക്ഷം ഒരുക്കാന്‍ മുസ്ലിം ലീഗാണു നേതൃത്വം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. ലീഗിന്‍റെ സര്‍വ്വസമ്മതനായ നേതാവ് പാണക്കാടു ശിഹാബ് തങ്ങളുടെ പ്രഗത്ഭമായ നേതൃത്വം തന്നെയാണ് അന്നു സമുദായത്തെ ഒന്നിച്ച് ചേര്‍ത്തു നിര്‍ത്തിയത്.

മലപ്പുറം ഉള്‍പ്പെടെയുള്ള മുസ്ലിം സമുദായ കേന്ദ്രങ്ങളിലൊന്നും തീവ്രവാദ ചിന്തകള്‍ക്കും ആഹ്വാനങ്ങള്‍ക്കും വേരോടാന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.

തുല്യ ശക്തികളായ യുഡിഎഫും ഇടതുപക്ഷ മുന്നണിയും ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നതു കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനു കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയില്ലെന്നതും ഓര്‍ക്കണം.

കേരളത്തിന്‍റെ ജനസംഖ്യയില്‍ 26 ശതമാനം വരും മുസ്ലിം സമുദായക്കാര്‍. ക്രിസ്ത്യാനികള്‍ 19.5 ശതമാനവും. ബാക്കി 54.5 ശതമാനവും ഹിന്ദുക്കളും. പക്ഷെ വിവിധ ഹിന്ദു സമുദായങ്ങളില്‍ ഒരു ന്യൂനപക്ഷം മാത്രമേ ബിജെപിയോടൊപ്പം നില്‍ക്കുന്നുള്ളു. അതുകൊണ്ടാണ് ബിജെപി നേതാക്കള്‍ വോട്ടും പിന്തുണയും തേടി ക്രിസ്ത്യാനികളെ സമീപിക്കുന്നത്. സഭാദ്ധ്യക്ഷന്മാരുടെ അരമനകളില്‍ കയറിയിറങ്ങുന്നത്.

ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമേതുമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും തികഞ്ഞ സമാധാനത്തോടെയും ഐക്യത്തോടെയും കഴിയുന്ന നാടാണു കേരളം. ഈ സമാധാനാന്തരീക്ഷം തകര്‍ത്താല്‍ മാത്രമേ ചില വര്‍ഗീയ ശക്തികള്‍ക്ക് ഇവിടെ വളരാനാകൂ.

മുസ്ലിം വര്‍ഗീയത ചൂണ്ടിക്കാട്ടി ക്രിസ്ത്യാനികളെ ബിജെപിയിലേയ്ക്കു തിരിച്ചുവിടാനുള്ള ശ്രമവും കാര്യമായി നടക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നല്ല ഭൂരിപക്ഷത്തോടെ ജയിച്ചത് ക്രിസ്ത്യാനികളുടെയും പിന്തുണ കൊണ്ടാണെന്ന കാര്യവും പ്രധാനം തന്നെ. കൂടുതലായി ക്രിസ്ത്യന്‍ വോട്ടു കിട്ടിയാല്‍ മാത്രമേ ബിജെപിക്കു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയൂ എന്നതാണു യാഥാര്‍ഥ്യം.

മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള എല്ലാ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും താങ്ങും തണലും സംരക്ഷണവും ഒരുക്കുന്ന മതേതര സമൂഹമാണു കേരളത്തിലേത്. കേരളത്തിന്‍റെ മുഖ്യധാരാ രാഷ്ട്രീയവും ഈ വഴിക്കു തന്നെയാണു നീങ്ങുന്നത്.

ഈ രാഷ്ട്രീയ ബോധവും മതേതരചിന്തയുമാണ് കേരളം പുതിയ തലമുറയെ പഠിപ്പിക്കേണ്ടത്. ഇത്തരം പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കും വലിയ പങ്കുണ്ട്. സമുദായത്തിലെ തീവ്രവാദികളുടെയും കപടകുരുക്കന്മാരുടെയും വാക്കുകേട്ടു വളരാന്‍ കുട്ടികളെ അനുവദിക്കരുത്. 

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമ്പൂര്‍ണമായ മതേതരാന്തരീക്ഷം നിലനിന്നേ മതിതാകൂ. കോളജില്‍ പോകുന്നത് പ്രാര്‍ത്ഥിക്കാനല്ല, പഠിക്കാനാണ്. പ്രാര്‍ത്ഥന നടത്താന്‍ സ്വന്തം വീടുകളും ആരാധനാലയങ്ങളുമുണ്ട്. പ്രാര്‍ത്ഥനയും വിശ്വാസവുമെല്ലാം സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങളാണ്. പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല ഇതൊന്നും.

Advertisment