വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യ കൂമ്പാരത്തില്‍ കുടുങ്ങി തൊഴിലാളിയായ ജോയി മരിച്ചത് കേരളത്തിനു നുറുങ്ങുന്ന വേദനയായി. തിരുവനന്തപുരം നഗരത്തിന്‍റെ ഹൃദയഭാഗമായ തമ്പാനൂരില്‍ റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന് റെയില്‍ പാളങ്ങള്‍ക്കു താഴെ കൂടി പോകുന്ന ആമയിഴഞ്ചാന്‍ തോട് എന്ന മാലിന്യത്തോടു വൃത്തിയാക്കാനിറങ്ങിയ എന്‍ ജോയി (47).
റെയില്‍വേ പ്ലാറ്റ് ഫോമിനും പാളങ്ങള്‍ക്കുമിടയിലൂടെ പോകുന്ന ആമയിഴഞ്ചാന്‍ തോട്. പവര്‍ ഹൗസ് റോഡിലെത്തി വലത്തോട്ടു തിരിഞ്ഞ് എംസി റോഡിനടിയിലൂടെ കടന്ന് വഞ്ചിയൂര്‍ വഴി കടന്നുപോകുന്ന ഈ മാലിന്യത്തോട് നഗരത്തിന്‍റെ മാലിന്യം മുഴുവന്‍ ഏറ്റെടുത്തുകൊണ്ടാണ് ഒഴുകുന്നത്. അതും നഗരമധ്യത്തിലൂടെത്തന്നെ.
നഗരവാസികള്‍ വലിച്ചെറിയുന്ന മാലിന്യമാണ് ഈ തോട്ടിലൂടെ ഒഴുകുന്നത്. വിദ്യാഭ്യാസരംഗത്ത് കേരളം വളരെ മുമ്പിലാണെങ്കിലും മാലിന്യ സംസ്കരണ കാര്യത്തില്‍ ഏറെ പിന്നില്‍ത്തന്നെ. പ്ലാസ്റ്റിക്കും മിച്ചം വരുന്ന ആഹാരസാധനങ്ങളും ഉപയോഗിച്ചുകഴിഞ്ഞ പാഴ്വസ്തുക്കളുമെല്ലാം പുറത്തേയ്ക്കു വലിച്ചെറിയുന്ന രീതിയാണ് തിരുവനന്തപുരത്തെ നഗരവാസികളുടേത്. കേരളത്തിലെങ്ങും മലയാളികളുടെ പൊതു സ്വഭാവം ഇതുതന്നെ. കൊച്ചിയിലും കോഴിക്കോട്ടും മാത്രമല്ല, ചെറു നഗരങ്ങളിലും മാലിന്യം വലിയ പ്രശ്നം തന്നെയാണ്.
മാലിന്യ സംസ്കരണത്തെക്കുറിച്ച് മാറിമാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പല വാഗ്ദാനങ്ങളും നിരത്താറുണ്ടെങ്കിലും ഇതുവരെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുമ്പ് മേയറായിരുന്ന കാലത്ത് തിരുവനന്തപുരം നഗരസഭ മാലിന്യ സംസ്കരണത്തിനായി വലിയൊരു പദ്ധതി രൂപവല്‍ക്കരിച്ചിട്ട് നടപ്പിലാക്കാന്‍ തുടങ്ങിയതാണ്. നഗരത്തില്‍ നിന്ന് അല്‍പ്പമകലെ വിളപ്പില്‍ശാലയില്‍ ഇതിന് സ്ഥലവും സ്വന്തമാക്കി. പോബ്സൺ ഗ്രൂപ്പ് എന്ന ബിസിനസ് സ്ഥാപനത്തെ കരാര്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ജൈവ മാലിന്യവും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വേര്‍തിരിച്ച് ജൈവ മാലിന്യം സംസ്കരിച്ചു വളമാക്കാനും മറ്റുള്ളവ ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ നശിപ്പിക്കാനുമായിരുന്നു പരിപാടി. ജൈവകൃഷി ഏറെയുണ്ടായിരുന്ന പോബ്സൺ ഗ്രൂപ്പ് വളം മുഴുവന്‍ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. പക്ഷെ ഒരു മാലിന്യ പ്ലാന്‍റ് തങ്ങളുടെ അടുത്തുവരുന്നതിനെ വിളപ്പില്‍ശാലക്കാര്‍ എതിര്‍ത്തു. ജനങ്ങള്‍ സമരത്തിനിറങ്ങിയതോടെ വിളപ്പില്‍ശാല പദ്ധതിയില്‍ നിന്ന് നഗരസഭ പിന്തിരിഞ്ഞു.
വീടുകളില്‍നിന്നു മാലിന്യം നേരിട്ടു ശേഖരിക്കാനും അതു വേര്‍തിരിച്ച് സംസ്കരിക്കാനും നശിപ്പിക്കാനും നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഓരോ കുടുംബവും മാസംതോറും ഒരു ചെറിയ തുക നല്‍കണം. കോളനികള്‍ കേന്ദ്രീകരിച്ചും ഇങ്ങനെ മാലിന്യ ശേഖരണം നടത്തുന്നുണ്ട്. പക്ഷേ ഇതിനു സഹകരിക്കാതെ സ്വന്തം വീട്ടിലെ മാലിന്യം രാത്രി ഇരുട്ടിന്‍റെ മറവില്‍ റോഡ് വക്കിലും ഓടകളിലും നിക്ഷേപിക്കുന്ന നഗരവാസികള്‍ ധാരാളം.
സമ്പന്നരും ഉന്നത സ്ഥാനങ്ങളുള്ളവരും ഇങ്ങനെ റോഡരികിലും ഓടകളിലും വലിച്ചെറിയുന്ന മാലിന്യവും പ്ലാസ്റ്റിക് കവറുകളുമാണ് ഒഴുക്കില്‍പ്പെട്ട് ആമയിഴഞ്ചാന്‍ തോട്ടിലെത്തി ഭൂമിക്കടിയിലൂടെയുള്ള ഭാഗത്ത് അടിഞ്ഞുകൂടുന്നത്. റെയില്‍വേ സ്റ്റേഷനും റെയില്‍പാളങ്ങള്‍ക്കും അടിയിലൂടെയാണ് ഇതു കടന്നുപോകുന്നത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വഴി ദിവസേന യാത്രചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ വലിച്ചെറിയുന്ന വെള്ളക്കുപ്പികളും പ്ലാസ്റ്റിക് കൂടുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ആമയിഴഞ്ചാന്‍ തോട്ടിലേയ്ക്കാണെത്തുക.
മഴ കടുത്തതോടെ തോടു വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളിലൊരാളായ ജോയി മലിനജലത്തില്‍ മുങ്ങിത്താഴുകയായിരുന്നു. 13 -ാം തീയതി ശനിയാഴ്ച കാലത്ത് 11 മണിയോടെ മുങ്ങിത്താണ ജോയിയുടെ മൃതദേഹം കിട്ടിയത് മൂന്നാം ദിവസം തിങ്കളാഴ്ച രാവിലെ 11 മണിയോടെ. 900 മീറ്റര്‍ ദൂരെ കിഴക്കേ കോട്ടയ്ക്കടുത്ത് തകരപ്പറമ്പുഭാഗത്താണ് മൃതദേഹം കാണപ്പെട്ടത്.
വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം കട്ടിപിടിച്ച് ഉറച്ചിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്കരമായിരുന്നു. ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ഡൈവിങ്ങ് വിദഗ്ദ്ധരും ദുരന്തനിവാരണ സേനാംഗങ്ങളും നേവിയില്‍ നിന്നു വന്ന മുങ്ങല്‍ വിദഗ്ദ്ധരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുത്തുവെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കോട്ട തകര്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
ആമയിഴഞ്ചാന്‍ തോടു വൃത്തിയാക്കാന്‍ 'ഓപ്പറേഷന്‍ അനന്ത' എന്ന പേരില്‍ 2015 -ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒരു വലിയ പദ്ധതി നടപ്പാക്കിയതാണ്. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണായിരുന്നു പദ്ധതിയുടെ നേതൃത്വം. ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകരനും മുന്നിട്ടിറങ്ങി. എതിര്‍പ്പുകളേറെയുണ്ടായിട്ടും പദ്ധതി മുന്നേറുകയും 800 ട്രക്ക് നിറയെ മാലിന്യം നീക്കുകയും ചെയ്തു. ഒരു വലിയ മഴ പെയ്താലുടനെ തമ്പാനൂരില്‍ ഉണ്ടാകുമായിരുന്ന വെള്ളക്കെട്ട് അതോടെ അവസാനിച്ചു.
2016 -ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്‍റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ അനന്ത' രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. എല്ലാ പിന്തുണയുമായി ജില്ലാ കളക്ടര്‍ വാസുകി മുന്നില്‍ നിന്നു. പക്ഷെ ചില വന്‍കിട ഹോട്ടലുടമകളും സ്ഥലമുടമകളും പദ്ധതിക്കു തുരങ്കം വെച്ചു. എങ്ങുമെത്താതെ 'ഓപ്പറേഷന്‍ അനന്ത' പൂട്ടിക്കെട്ടി.
ഇന്നിപ്പോഴിതാ കേരളം മുഴുവന്‍ മഴ തകര്‍ത്തു പെയ്യുകയാണ്. പലേടത്തും വെള്ളക്കെട്ടുകള്‍ സാധാരണം. മാലിന്യങ്ങള്‍ നിറഞ്ഞ് ഓടകള്‍ അടഞ്ഞു കിടക്കുന്നു. ജോയി എന്ന പാവപ്പെട്ട തൊഴിലാളി മലിനജലത്തില്‍ മുങ്ങി മരിച്ചപ്പോള്‍ അധികൃതര്‍ ഉണര്‍ന്നു. മാധ്യമങ്ങള്‍ വലിയ റിപ്പോര്‍ട്ടുകള്‍ നിരത്തി.
അപ്പോഴും ഇരുട്ടിന്‍റ മറവില്‍ സ്വന്തം വീട്ടിലെ മാലിന്യങ്ങളും പാഴ് വസ്തുക്കളും പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ച് വഴിവക്കത്തും ഓടകളിലും നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടുന്നു. നഗരസഭകളും അധികൃതരും നിസഹായരായി നില്‍ക്കുന്നു.