Advertisment

ജോസ് കെ മാണിക്കു സിപിഎം വെച്ചു നീട്ടിയ രാജ്യസഭാ സീറ്റില്‍ നേതൃത്വത്തിന്‍റെ നിറഞ്ഞ സ്നേഹം മാത്രം ! സിപിഎമ്മിന്റെ ഈ ത്യാഗത്തിന് വലിയ രാഷ്ട്രീയമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റിൽ മാത്രമൊതുങ്ങിയ എൽഡിഎഫിന് ഐക്യം ഉറപ്പിക്കേണ്ടതിന്റെ അനിവാര്യതയുടെ രാഷ്ട്രീയം. പരിഗണിക്കപ്പെടാത്തവരുടെ നിരാശ ഇപ്പോഴും ബാക്കി ! -മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

ജോസ് കെ മാണി കാലാവധി പൂര്‍ത്തിയാക്കിയ സീറ്റ് തങ്ങള്‍ക്കു തന്നെ കിട്ടണമെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം നിരാകരിച്ച് സിപിഐ ഈ സീറ്റിനു മേല്‍ അവകാശമുന്നയിച്ചതോടെ ഇടതു മുന്നണിയില്‍ തര്‍ക്കം ഉയരുകയായിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും സിപിഐ പുറം തിരിഞ്ഞു നിന്നു.

New Update
jose k mani pinarai vijayan

നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹമന്ത്രിമാരോടൊപ്പം ജോസ് കെ മാണിയെയും കൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭാ സെക്രട്ടറിയുടെ മുറിയിലേയ്ക്കു നടന്നത് ആഘോഷമായിത്തന്നെയായിരുന്നു. മുറിയില്‍ സെക്രട്ടറിയുടെ കസേരയ്ക്കു മുന്നില്‍ ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിനൊപ്പം ചേര്‍ന്നിരുന്നു ഇരുവരും. തൊട്ടടുത്ത് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജും.

Advertisment

ജോസ് കെ മാണി രാജ്യസഭാ സീറ്റിന് നാമനിര്‍ദേശം കൊടുക്കുന്ന ചടങ്ങാണ്. കാലാവധി പൂര്‍ത്തിയാക്കിയ ജോസ് കെ മാണിയുടെ സീറ്റ് നിര്‍ബന്ധം പിടിച്ച സിപിഐയ്ക്കു വിട്ടുകൊടുത്തതിനേ തുടര്‍ന്ന് സിപിഎം സ്വന്തമായി കിട്ടേണ്ട സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും കേരളാ കോണ്‍ഗ്രസ് എംഎല്‍എമാരും പാര്‍ട്ടി നേതാക്കളും നോക്കി നില്‍ക്കെ വരണാധികാരി ഷാജി സി ബേബിക്കു മുമ്പില്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

സിപിഐക്കു കിട്ടിയ സീറ്റിനു വേണ്ടി പിപി സുനീറും പത്രിക നല്‍കി. മുസ്ലിം ലീഗിനു കിട്ടിയ സീറ്റിലേയ്ക്ക് സുപ്രീം കോടതി അഭിഭാഷകനും കെഎംസിസി ഡല്‍ഹി യൂണിറ്റ് പ്രസിഡന്‍റുമായ അഡ്വ. ഹാരിസ് ബീരാന്‍ നേരത്തേ പത്രിക നല്‍കിയിരുന്നു.

ആകെ ഒഴിവു വന്ന സീറ്റില്‍ രണ്ടെണ്ണം ഇടതു മുന്നണിക്കും ഒരു സീറ്റ് ഐക്യജനാധിപത്യ മുന്നണിക്കുമാണു കിട്ടുക. അതനുസരിച്ച് ഇരു മുന്നണികളില്‍ നിന്നുമായി മൂന്നു പേര്‍ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. തര്‍ക്കമോ ആശയക്കുഴപ്പമോ ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് ഒഴിവാകും..

ജോസ് കെ മാണി കാലാവധി പൂര്‍ത്തിയാക്കിയ സീറ്റ് തങ്ങള്‍ക്കു തന്നെ കിട്ടണമെന്ന കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം നിരാകരിച്ച് സിപിഐ ഈ സീറ്റിനു മേല്‍ അവകാശമുന്നയിച്ചതോടെ ഇടതു മുന്നണിയില്‍ തര്‍ക്കം ഉയരുകയായിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നെങ്കിലും സിപിഐ പുറം തിരിഞ്ഞു നിന്നു.

അവസാനം തങ്ങളുടെ സീറ്റ് ജോസ് കെ മാണിക്കു വിട്ടുകൊടുക്കാന്‍ സിപിഎം തീരുമാനിച്ചു. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മുന്നണി യോഗത്തില്‍ അവതരിപ്പിച്ചതോടെ തര്‍ക്കമെല്ലാം ഒതുങ്ങി.

ജോസ് കെ മാണിക്കു സീറ്റ് നല്‍കാന്‍ മുന്നണിക്കുള്ളിലും സിപിഎമ്മിലും മുന്‍കൈ എടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വെറും ഒരു സീറ്റിലേയ്ക്കൊതുങ്ങിയ മുന്നണിയില്‍ ഐക്യം ഉറപ്പിക്കേണ്ടതിന്‍റെ ആവശ്യം നന്നായി അറിയാവുന്ന പിണറായി വിജയന്‍ നിര്‍ണായക ഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസിനെ ചേര്‍ത്തു നിര്‍ത്തി എന്നതാണ് ഇതിലെ രാഷ്ട്രീയം.


ഇടതു മുന്നണിയില്‍ കേരള കോണ്‍ഗ്രസിന്, പ്രത്യേകിച്ച് അതിന്‍റെ ചെയര്‍മാന്‍ ജോസ് കെ മാണിക്ക്, വലിയ സ്ഥാനമുണ്ടെന്ന് ഒരു രാജ്യസഭാ തെരഞ്ഞെടുപ്പിലൂടെ മുന്നണി നേതൃത്വം തന്നെ ഉറക്കെ പറഞ്ഞിരിക്കുകയാണ്. ജോസ് കെ മാണിക്ക് സീറ്റ് നല്‍കാന്‍ സിപിഎം ത്യാഗം ചെയ്തത് ഒരു വലിയ സൂചനയാവുകയും ചെയ്തു. മുന്നണിയിലെ ഒരു പ്രധാന ഘടകകക്ഷിയുടെ താല്‍പര്യത്തിനു നേതൃപാര്‍ട്ടി തന്നെ വലിയ വിട്ടുവീഴ്ച ചെയ്തുവെന്നതാണു പ്രധാനം.


അതിനു പിന്നില്‍ കേരള രാഷ്ട്രീയത്തിലെ തന്നെ സംഭവബഹുലമായ ഒരു പശ്ചാത്തലമുണ്ട്. ഐക്യജനാധിപത്യ മുന്നണിയുടെ നെടുംതൂണുകളിലൊരാളായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് യുഡിഎഫിലുണ്ടായ സംഭവ പരമ്പരകളിലേയ്ക്കാണ് ഇതു വിരല്‍ ചുണ്ടുന്നത്. മാണിക്കു ശേഷം മകന്‍ ജോസ് കെ മാണി പാര്‍ട്ടി ചെയര്‍മാനായി. കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയും ചെയ്തു.

ഒരു ദിവസം അപ്രതീക്ഷിതമായി മാണി വിഭാഗം കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ നിന്നു പുറത്താക്കുന്നതാണു കണ്ടത്. അതിനു വളരെ മുമ്പു തന്നെ കേരള കോണ്‍ഗ്രസിനു മേല്‍ ഒരു കണ്ണുണ്ടായിരുന്ന പിണറായി വിജയന്‍ ജോസ് കെ മാണിയെ ഇടതു പാളയത്തിലേയ്ക്കു കൊണ്ടുവരാന്‍ കളമൊരുക്കി. 

ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി രാഷ്ട്രീയ നീക്കങ്ങള്‍ നടത്താനുറച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മാണി വിഭാഗം കേരള കോണ്‍ഗ്രസില്‍ വലിയ പ്രീതി അര്‍പ്പിച്ചു. പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് ആകട്ടെ, കേരള രാഷ്ട്രീയത്തിന്‍റെ പതിവു രീതി അനുസരിച്ച് ഇടതു ഭരണത്തിനു ശേഷം കേരള ഭരണം തങ്ങളുടെ കൈയിലേയ്ക്കു ഓടിയെത്തുമെന്നു കാത്തുമിരുന്നു. ഈ കാത്തിരിപ്പില്‍ മാണി വിഭാഗം പോയാലും ഒരു കുഴപ്പവുമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടി.

ജോസ് കെ മാണിയെയും കൂട്ടരെയും ചുവന്ന പരവതാനി വിരിച്ച് ഇടതു നേതൃത്വം സ്വീകരിച്ചു. 2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റും നല്‍കി. 99 സീറ്റുമായി ഇടതുമുന്നണി ജയിച്ചു. ഭരണത്തുടര്‍ച്ച നേടി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് രമേശ് ചെന്നിത്തല മാറി. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി.

കോട്ടയം ജില്ലയില്‍ ആകെയുള്ള ഒമ്പതു സീറ്റില്‍ അഞ്ചു സീറ്റും ഇടതുമുന്നണിയ്ക്കൊപ്പമെത്തി. സാധാരണ വൈക്കം, ഏറ്റുമാനൂര്‍ എന്നീ സീറ്റുകളാണ് ഇടതു മുന്നണിയോടൊപ്പം നില്‍ക്കുക. ഈ സീറ്റുകളോടൊപ്പം ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ സീറ്റുകള്‍കൂടി ഇടത്തേയ്ക്കു തിരിഞ്ഞു. അതും കോട്ടയം ജില്ലയില്‍. പത്തനംതിട്ടയില്‍ ആകെയുള്ള അഞ്ചു സീറ്റും അല്ലെങ്കില്‍ത്തന്നെ ഇടതു പക്ഷത്താണ്. ഇടുക്കി ജില്ലയിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വലിയ സ്വാധീനമുണ്ട്. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു കോണ്‍ഗ്രസ് വിഭാഗങ്ങളും കോട്ടയത്ത് ഏറ്റുമുട്ടുകയും യുഡിഎഫിലെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുകയും ചെയ്തത് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കുമെന്ന കണക്കുകൂട്ടലുകളുണ്ടായി.

നേരത്തെ ലോക്സഭാംഗമായിരുന്ന മാണി വിഭാഗം സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ കോട്ടയത്തു പരാജയപ്പെട്ടു. അതേ സമയത്താണ് ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി തീര്‍ന്നത്. ഒരു സമയത്തുതന്നെ മാണി വിഭാഗത്തിന് പാര്‍ലമെന്‍റില്‍ പ്രാതിനിധ്യം ഇല്ലാതായി.


മാണി വിഭാഗത്തിന്‍റെ ഈ പരാജയം മുതലാക്കി അവരെ തിരികെ കൊണ്ടുവരാമെന്ന് യുഡിഎഫിലെ ചില കേന്ദ്രങ്ങള്‍ കണക്കുകൂട്ടി. പക്ഷെ അതിലുമപ്പുറത്തെ കണക്കുകൂട്ടലുകള്‍ പിണറായി വിജയനും നടത്തുന്നുണ്ടായിരുന്നു. ജോസ് കെ മാണിക്കു സ്വന്തം പാര്‍ട്ടിക്കു കിട്ടേണ്ട സീറ്റ് കൊടുക്കാന്‍ മുന്‍കൈ എടുത്ത് മാണി വിഭാഗം കേരളാ കോണ്‍ഗ്രസിനോടു തനിക്കുള്ള കരുതല്‍ പിണറായി ആവര്‍ത്തിച്ചു പ്രകടിപ്പിച്ചു.


എത്ര തോല്‍വിയുണ്ടായാലും ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് മാണി വിഭാഗം കേരള കോണ്‍ഗ്രസിനു താല്‍പര്യം. യുഡിഎഫില്‍ കോണ്‍ഗ്രസില്‍ നിന്നു കട്ടിയിട്ടില്ലാത്ത കരുതലും സംരക്ഷണവും ഇടതുമുന്നണിയും സിപിഎമ്മും തങ്ങള്‍ക്കു നല്‍കുന്നുണ്ടെന്നതാണ് മാണി വിഭാഗം കേരള കോണ്‍ഗ്രസ് നേതാക്കളുടെ അനുഭവം. അതില്‍ പ്രത്യേകം ശ്രദ്ധവയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും.

വെറുമൊരു രാജ്യസഭാ സീറ്റിലെന്തിരിക്കുന്നുവെന്നു ചോദിക്കാം. പക്ഷെ ജോസ് കെ മാണിക്കു വെച്ചു നീട്ടിയ രാജ്യസഭാ സീറ്റില്‍ സിപിഎം നേതൃത്വത്തിന്‍റെ മുഴുവന്‍ സ്നേഹവും ഊഷ്മളതയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക കരുതലും.

Advertisment