Advertisment

കേരള സര്‍വകലാശാലാ സെനറ്റിലേക്ക്‌ ഗവർണർ നിർദേശിച്ച പിള്ളേരെ ദൂരെകളഞ്ഞുകൊണ്ട് അധികാരമില്ലെന്ന് വീണ്ടും ഓർമപ്പെടുത്തി ഹൈക്കോടതി. എന്നിട്ടും ചില ഗവര്‍ണര്‍മാര്‍ ഇപ്പോഴും തന്നിഷ്ടം മാതിരി പ്രവര്‍ത്തിക്കുന്നതാണു കഷ്ടം ! രാജ് ഭവനിലിരുന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ നിന്നു യോഗ്യരെ തെരഞ്ഞെടുക്കാന്‍ എന്തു സംവിധാനമാണ് ഗവര്‍ണര്‍ക്കുള്ളത് ? ഇത് പിൻവാതിൽ നിയമനം തന്നെ ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update
H

കേരള സര്‍വകലാശാലാ സെനറ്റിലേയ്ക്കു സ്വന്തം നിലയ്ക്കു നാലു പേരെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ഹൈക്കോടതി റദ്ദാക്കി. മികവും യോഗ്യതയുമുള്ളവരെയല്ല ഗവര്‍ണര്‍ സെനറ്റിലേയ്ക്കു നിര്‍ദേശിച്ചതെന്നു പറഞ്ഞാണ് ഹൈക്കോടതി നാലു വിദ്യാര്‍ത്ഥികളുടെയും നോമിനേഷന്‍ റദ്ദാക്കിയത്.

Advertisment

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സ്വന്തം നിലയ്ക്കു ചെയ്യാനിറങ്ങിത്തിരിച്ചതിന്‍റെ ഫലമായാണ് ഗവര്‍ണര്‍ക്ക് ഈ തിരിച്ചടി കിട്ടിയത്. ജനാധിപത്യത്തില്‍ ഗവര്‍ണര്‍ പദവി വെറും അലങ്കാരം മാത്രമാണെന്നും അധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്നും ഹൈക്കോടതികളും സുപ്രീം കോടതി തന്നെയും പല തവണ ഓര്‍മിപ്പിച്ചിട്ടുള്ളതാണ്. മിക്കപ്പോഴും കര്‍ശനമായ ഭാഷയില്‍ത്തന്നെ. സുപ്രീം കോടതിയുടെ ചില ഉത്തരവുകള്‍ ഗവര്‍ണര്‍മാര്‍ക്കു നേരെയുള്ള മൂര്‍ച്ചയേറിയ താക്കീതുമായിട്ടുണ്ട്. എന്നിട്ടും ചില ഗവര്‍ണര്‍മാര്‍ ഇപ്പോഴും തന്നിഷ്ടം മാതിരി പ്രവര്‍ത്തിക്കുന്നതാണു കഷ്ടം.

കലാ-കായിക രംഗങ്ങളിലും പഠന രംഗത്തും മികവു തെളിയിച്ച വിദ്യാര്‍ത്തികളെയാണ് സര്‍വകലാശാലാ സെനറ്റിലേയ്ക്ക് നാമനിര്‍ദേശം ചെയ്യേണ്ടത്. സര്‍വകലാശാലാ വിദ്യാര്‍ത്ഥികളില്‍ ഇങ്ങനെ മികവുറ്റവരെ തെരഞ്ഞെടുക്കാനുള്ള സംവിധാനം സര്‍വകലാശാലയ്ക്കാണെന്നതില്‍ സംശയമില്ല. രാജ് ഭവനിലിരുന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ നിന്നു യോഗ്യരെ തെരഞ്ഞെടുക്കാന്‍ എന്തു സംവിധാനമാണ് ഗവര്‍ണര്‍ക്കുള്ളത് ? രാജ് ഭവനിലുള്ളത് ? 

സര്‍വകലാശാല തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്ന അരുണിമ അശോക്, ടി.എസ് കാവ്യ, നന്ദകിഷോര്‍, പി.എസ് അവന്ദ് സെന്‍ എന്നിവരാണ് തങ്ങളെ അവഗണിച്ചതിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമനം അനുശാസിക്കുന്ന രീതിയിലാണ് നാമനിര്‍ദേശം നടത്തേണ്ടതെന്നും ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. യോഗ്യതയുള്ളവരുടെ പേര് സര്‍വകലാശാല നല്‍കിയ ലിസ്റ്റിലുള്ളപ്പോള്‍ യോഗ്യത കുറഞ്ഞവരെ നാമനിര്‍ദേശം ചെയ്യുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.പി നിയാസിന്‍റെ വിധി ന്യായത്തില്‍ വശദീകരിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്‍റെ രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശപ്രകാരമാണ് ഈ തരത്തില്‍ നാമനിര്‍ദേശം നടത്തിയതെന്ന കാര്യത്തില്‍ സംശയമില്ല. ഗവര്‍ണറുടെ പട്ടികയിലെ നാലു പേരും ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ നേതാക്കള്‍ പറയുന്നു.

ഒരു സര്‍വകലാശാലയില്‍ വിവിധ മേഖലകളില്‍ മികവും യോഗ്യതയുമുള്ളവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ആത്യന്തികമായി ആ സര്‍വകലാശാലയ്ക്കു തന്നെയാണ്. സര്‍വകലാശാലാ സെനറ്റില്‍ അങ്ങനെയുള്ള സ്ഥാനങ്ങളിലേയ്ക്കാണ് സര്‍വകലാശാല തെരഞ്ഞെടുത്തു നല്‍കിയ നാലു വിദ്യാര്‍ത്ഥികളുടെ പട്ടിക മാറ്റിവെച്ച് സ്വന്തം നിലയ്ക്കു മറ്റു വിദ്യാര്‍ത്ഥികളുടെ പേര് ചാന്‍സലര്‍ എന്ന നിലയ്ക്കു ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തത്.

ഇത് തികഞ്ഞ ഒരു പിന്‍വാതില്‍ നിയമനം തന്നെയാണ്. ഇത്തരം നടപടികള്‍ക്ക് ഒരു ഗവര്‍ണര്‍ തന്നെ ഒരുങ്ങുന്നത് ഒട്ടു ഭൂഷണമല്ല. ഇത്തരം നടപടികള്‍ക്ക് കോടതികളുടെ മുമ്പില്‍ നില്‍ക്കാനാവില്ലെന്ന സത്യം പരിചയസമ്പന്നനായ ഗവര്‍ണര്‍ക്ക് അറിയാന്‍ വയ്യാത്തതല്ല. അതിനുള്ള തിരിച്ചടി അദ്ദേഹത്തിനു ഹൈക്കോടതിയില്‍ നിന്നു തന്നെ കിട്ടുകയും ചെയ്തു.

ഗവര്‍ണര്‍ക്ക് അമിത അധികാരമൊന്നുമില്ലെന്നു ഹൈക്കോടതി ഓര്‍മിപ്പിക്കുകയും ചെയ്തു.

 

Advertisment