ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച നയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ ഒരു പ്രധാന പ്രഖ്യാപനം വിദേശ സര്‍വകലാശാലകള്‍ക്കു വഴി തുറന്നുകൊണ്ടുള്ളതാണ്. വര്‍ഷം തോറും ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി വിദേശത്തേയ്ക്കു പൊയ്‌ക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിദേശ സര്‍വകലാശാലകള്‍ വരുന്നുവെന്ന വാര്‍ത്തയ്ക്കു വലിയ പ്രാധാന്യമുണ്ട്.
വിദേശ സര്‍വകലാശാലകള്‍ക്ക് സ്വയംഭരണാവകാശത്തോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം യുജിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നതുമാണ്. ഇതുപ്രകാരം അമേരിക്ക ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലെയും പ്രമുഖ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസ് തുറക്കാന്‍ നടപടി തുടങ്ങുകയും ചെയ്തിരിക്കുന്നു.
യുജി നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചുതന്നെയാവണം ധനകാര്യമന്ത്രി ബാലഗോപാല്‍ കേരളത്തിലും വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചത്.
സിപിഎമ്മിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്കു വിരുദ്ധമാണ് ബജറ്റിലെ ഈ നിര്‍ദേശം എന്നതാണ് പുതിയ വിവാദമുയര്‍ത്തുന്നത്
വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള യുജിസി തീരുമാനത്തെ അന്നുതന്നെ സിപിഎം നേതൃത്വം ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തെ ഇകഴ്ത്തുന്ന ഈ നടപടി ഉന്നത വിദ്യാഭ്യാസരംഗത്തെ കൂടുതല്‍ ദുഷിപ്പിക്കുമെന്നാണ് 2023 ജനുവരി ഏഴാം തീയതി സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആക്ഷേപിച്ചത്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കടുത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ മന്ത്രി ബാലഗോപാല്‍ ബജറ്റില്‍ വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്നത് ശ്രദ്ധേയമാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കലാലയങ്ങള്‍ക്കു കഴിയാത്തതുതന്നെയാണ് പ്രതിസന്ധിക്കു കാരണം.
ഇംഗ്ലീഷ്, മലയാളം, കെമിസ്ട്രി, ഫിസിക്സ് എന്നിങ്ങനെയുള്ള പരമ്പരാഗത വിഷയങ്ങളിലെ ബിരുദ - ബിരുദാനന്തര ക്ലാസുകളോടൊന്നും മിക്ക വിദ്യാര്‍ത്ഥികളും ഇന്നു താല്‍പര്യം കാണിക്കുന്നില്ല. പല കോളജുകളിലും, പ്രത്യേകിച്ച് മധ്യ കേരളത്തില്‍, വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരികയാണ്.
പരമ്പരാഗത കോഴ്സുകളില്‍ ഉന്നത ബിരുദമെടുത്താലും അനുയോജ്യമായ ജോലി കിട്ടാനില്ലെന്ന സ്ഥിതി വന്നിരിക്കുന്നു
കുറെ വര്‍ഷം മുമ്പുവരെ എഞ്ചിനീയറിങ്ങ് ആയിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് പ്രഗത്ഭരായ കുട്ടികള്‍ക്ക് ഇഷ്ടവിഷയം. എഞ്ചിനീയറിങ്ങ് കോളജുകളിലേയ്ക്കു കുട്ടികളുടെ തള്ളിക്കയറ്റം കണ്ടിട്ട് 2001 -ലെ എകെ ആന്‍റണി സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ എഞ്ചിനീയറിങ്ങ് - മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചു. സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് ഒരു വലിയ വിപ്ലവം തന്നെയായിരുന്നു അത്.
ധാരാളം സ്വകാര്യ മാനേജ്മെന്‍റുകള്‍ കേരളത്തിലങ്ങോളമിങ്ങോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. അധികവും എഞ്ചിനീയറിങ്ങ് കോളജുകള്‍. പ്രവേശന പരീക്ഷ എഴുതി മുന്തിയ റാങ്ക് കിട്ടാത്ത കുട്ടികള്‍ക്കും പ്രവേശനം ഉറപ്പായി. ഇവരൊക്കെ വലിയ ഫീസ് കൊടുത്ത് എഞ്ചിനീയറിങ്ങ് പഠനം തുടങ്ങി.
പണം കൊടുത്ത് എഞ്ചിനീയറിങ്ങിന് പ്രവേശനം നേടുന്നതുപോലെയല്ല സര്‍വകലാശാല നടത്തുന്ന പരീക്ഷ പാസാകുന്നതെന്ന സത്യം പെട്ടെന്നു ഇവര്‍ക്കു ബോധ്യമായി. മാത്തമാറ്റിക്സ് ശരിക്കു പഠിക്കാന്‍ ശേഷിയുള്ളവര്‍ക്കു മാത്രമേ എഞ്ചിനീയറിങ്ങ് വിഷയങ്ങള്‍ പെട്ടെന്നു പഠിക്കാനാകൂ. ഓരോ പരീക്ഷ കഴിയുമ്പോഴും തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി കൂടി വന്നു. എഞ്ചിനീയറിങ്ങ് പഠനം അത്ര എളുപ്പമല്ലെന്ന് പെട്ടെന്നു കേരള സമൂഹത്തിനു മനസിലായി.
ക്രമേണ എഞ്ചിനീയറിങ്ങ് കോഴ്സുകളില്‍ കുട്ടികള്‍ക്കു പ്രിയമില്ലാതെയായി. എഞ്ചിനീയറിങ്ങ് പാസായവരില്‍ത്തന്നെ മികച്ച ജോലി കിട്ടിയതു കുറച്ചുപേര്‍ക്കു മാത്രം.
കൊട്ടിഘോഷിച്ചു തുടങ്ങിയ എഞ്ചിനീയറിങ്ങ് കോളജുകള്‍ ഒന്നൊന്നായി പൂട്ടുന്നതും കേരളം കണ്ടു. 2001 -ല്‍ തുടങ്ങിവെച്ച എഞ്ചിനീയറിങ്ങ് കോളജ് വിപ്ലവം കുറെ വര്‍ഷത്തിനു ശേഷം ദയനീയമായി പരാജയപ്പെട്ടു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തെ എപ്പോഴും മുന്‍പന്തിയില്‍ നിര്‍ത്തിയിരുന്നത് ഇവിടുത്തെ കലാലയങ്ങള്‍ തന്നെയാണ്. ലോകത്തെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ മലയാളികളായ യുവാക്കള്‍ ഉന്നത പദവിയിലെത്തി നില്‍ക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് തിരുവനന്തപുരത്താണു തുടങ്ങിയത്. ഇവിടെ ജോലിചെയ്യുന്നവരിലധികവും സാധാരണ കുടുംബങ്ങളിലെ അംഗങ്ങള്‍.
ഇനിയിപ്പോള്‍ ഈ വിദ്യാഭ്യാസം മതിയാവില്ലെന്ന് കാലം നമ്മെ പഠിപ്പിക്കുന്നു. ഡേറ്റാ മൈനിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡേറ്റാ അനാലിസിസ് എന്നിങ്ങനെ അത്യാധുനിക കോഴ്സുകള്‍ മതി പ്രഗത്ഭരായ കുട്ടികള്‍ക്ക്
തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ത്തന്നെ ഇത്തരം മേഖലകളിലെ ഉന്നത പഠനത്തിനും ഗവേഷണത്തിനുമായി ഡിജിറ്റല്‍ സര്‍വകലാശാല തുടങ്ങിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലെയുള്ള അത്യാധുനിക വിഷയങ്ങളുടെ പഠന - ഗവേഷണ കേന്ദ്രമാണ് ഈ സര്‍വകലാശാല. ഇന്ത്യയില്‍ ഇത്തരമൊരു സര്‍വകലാശാല ഇതാദ്യം.
കേരളത്തില്‍ വിദ്യാഭ്യാസ രംഗം ഇങ്ങനെ പുതിയ വളര്‍ച്ച നേടുകയാണ്. ലോകമെമ്പാടും വളരുന്ന വിജ്ഞാന മേഖലകള്‍ക്കൊപ്പം. ഇത്തരം വിജ്ഞാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വിദഗ്ദ്ധ ജോലികള്‍ ചെയ്തുകൊടുക്കുന്നുമുണ്ട് ഡിജിറ്റല്‍ സര്‍വകലാശാല.
അതിനെല്ലാം നല്ല പ്രതിഫലം വാങ്ങുന്നുമുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറയുന്നു. സര്‍ക്കാരില്‍ നിന്ന് സഹായമൊന്നും സ്വീകരിക്കാതെ സര്‍വകലാശാലയ്ക്ക് ഇങ്ങനെ സ്വയം പര്യാപ്തത നേടാന്‍ അധിക കാലം വേണ്ടിവരില്ലെന്നാണ് ഡോ. സജി ഗാപിനാഥന്‍റെ പ്രതീക്ഷ.
ഒരു വശത്ത് കേരളം ഇങ്ങനെ വളര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് പരമ്പരാഗത കോഴ്സുകളുമായി നമ്മുടെ കോളജുകളും സര്‍വകലാശാലകളും ഇഴഞ്ഞു നീങ്ങുന്നത്. ഇതു പരിഹരിക്കേണ്ടതുണ്ട്. നിലവിലുള്ള കോളജുകളും സര്‍വകലാശാലകളും കോഴ്സുകളും പാഠ്യ പദ്ധതികളും മാറ്റേണ്ടിയിരിക്കുന്നു.
ഒപ്പം ലോകോത്തര നിലവാരമുള്ള വിദേശ സര്‍വകലാശാലകളും വരട്ടെ. ഒപ്പം സംസ്ഥാനത്തുതന്നെ സ്വകാര്യ മേഖലയിലും സര്‍വകലാശാലകളും ആധുനിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഉയരട്ടെ.
കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ കുറിച്ചത് കേരളത്തിലെ യുവ തലമുറയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വാചകങ്ങളാണ്. ഭാവിയിലേയ്ക്കുള്ള വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വരികള്‍.
പോളിറ്റ് ബ്യൂറോ മാറി ചിന്തിക്കുക തന്നെ വേണം.