സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1557 അടി ഉയരത്തിൽ 18 മലകൾക്ക് നടുവിൽ ഒരു പുണ്യസങ്കേതം സ്വാമി അയ്യപ്പൻ്റെ പുങ്കാവനം ശബരിമല ക്ഷേത്രം.
വീണ്ടും ഒരു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തിന് തുടക്കമാവുമ്പോൾ കഴിഞ്ഞ തവണ തിരക്ക് നിയന്ത്രിക്കുന്നതിൽ അടക്കം സംഭവിച്ച വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് ഏറ്റവും പ്രധാനമായി ശബരിമലയിൽ സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിക്കേണ്ടത്.
ലോകത്തെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പുണ്യ ക്ഷേത്രമാണ് ശബരിമല. അവിടുത്തെ ആചാര അനുഷ്ഠാനങ്ങൾക്ക് ഭംഗം വരാതെ നോക്കുന്നതിനൊപ്പം ഗബരിമലയുടെ പരിശുദ്ധിയും പരിസ്ഥിതിയും സംരക്ഷിക്കാനും ശ്രദ്ധിക്കണം.
അത് പ്രധാനമായും ഭക്തരുടെ ഭാഗത്ത് നിന്നുമാണ് ഉണ്ടാവേണ്ടത് എന്നതാണ് ഏറ്റവും പ്രധാനം. ശബരിമല തീര്‍ഥാടനം പ്ലാസ്റ്റിക് മുക്തമാക്കുകയും അനാചാരങ്ങൾ ഒഴിവാക്കുകയും ചെയ്താൽ തന്നെ വലിയൊരളവ് ശുചിത്വം കാക്കാൻ കഴിയും.
മായം കലര്‍ന്ന ശര്‍ക്കരയും, വിഷാംശമുള്ള ഏലക്കയും ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അരവണയില്‍ ഉപയോഗിച്ചു എന്നതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ടൺ കണക്കിന് അരവണ പ്രസാദമാണ് കോടതി ഉത്തരവുമൂലം വിതരണം നടത്താതെ കഴിഞ്ഞ തീർത്ഥാടന കാലത്ത് മാറ്റിവച്ചിട്ടുള്ളത്.
ഇത് നശിപ്പിക്കുമ്പോൾ പോലും അത് പരിസ്ഥിതിയ്ക്ക് ദോഷം ചെയ്യും എന്ന വസ്തുത ആരും മറക്കരുത്. ഭക്തരുടെ ഇരുമുടിക്കെട്ടുകളില്‍ പൂജാദ്രവ്യങ്ങള്‍ പ്ലാസ്റ്റിക് കവറുകളില്‍ ആക്കി കൊണ്ടുവരുന്നത് ഗുരുതരമായ പരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.
ഒരു ഇരുമുടിയില്‍ ഏഴു മുതല്‍ 10 വരെ പ്ലാസ്റ്റിക് കൂടുകള്‍ ഉണ്ടാവും, കോടിക്കണക്കിന് ഭക്തര്‍ ശബരിമലയില്‍ എത്തുമ്പോൾ ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ് ശബരിമല ഉൾപ്പെടുന്ന വനാന്തരങ്ങളിൽ നിക്ഷേപിക്കപ്പെടുക.
അത് വന്യമൃഗങ്ങൾക്കടക്കം ഉണ്ടാക്കുന്ന ദോഷം വേറെ. ഇരുമുടിക്കെട്ടിലെ പൂജാ ദ്രവ്യങ്ങളിൽ പലതും ക്ഷേത്രത്തിൽ ഉപ
യോഗിക്കാറില്ലെന്നിരിക്കെ വെറും കച്ചവട താല്പര്യമാണ് ഇതിന് പിറകിൽ എന്ന ബോധ്യവും ഭക്തർക്ക് ഉണ്ടായാല്‍ നന്ന്.
തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിക്കുന്ന മെല്ലെ പോക്ക് നയം ഭക്തർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്.
പമ്പയിൽ ശുചിമുറി ഒരുക്കുന്നതിൽ അടക്കം സംഭവിച്ച വീഴ്ചകൾ പല തീർത്ഥാടന കാലത്തും ഉണ്ടാക്കിയ വെല്ലുവിളി ചെറുതല്ല. പക്ഷേ തെറ്റിൽനിന്ന് പാഠം പഠിക്കാനല്ല മറിച്ച് സാമ്പത്തിക ലാഭം മാത്രം ദേവസ്വം ബോർഡും സർക്കാറും ലക്ഷ്യമിടുമ്പോൾ എല്ലാം തകിടം മറിയുകയാണ്.
പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത തരത്തിൽ ശബരിമലയിൽ വികസനം നടപ്പാക്കുന്നതിന് നിരവധി പദ്ധതികളും റിപ്പോര്‍ട്ടുകളും ഉണ്ട്. എന്നാൽ ഒരു റിപ്പോർട്ട് പോലും ഫലം കണ്ടില്ല. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു
നിലക്കല്‍ മുഖ്യ ടൗണ്‍ഷിപ്പ് ആക്കി ഉയര്‍ത്തി ബേസ് ക്യാമ്പില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുക, എന്നത്.
തിരക്കുള്ള ദിനങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് അവിടെ വിശ്രമ സൗകര്യമൊരുക്കി തിരക്ക് കുറയുന്ന മുറയ്ക്ക് ഭക്തരെ മലകയറ്റിവിടുക എന്നൊക്കെ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഒന്നും നടപ്പാക്കിയില്ലെന്നത് വേറെ കാര്യം.
തിരുപ്പതി മാതൃകയിൽ ദർശനം ഒരുക്കാൻ കോടികൾ മുടക്കി നിർമ്മിച്ച ക്യു കോംപ്ലക്സ് സമുച്ചയം നിർമ്മിച്ചിട്ട് വർഷങ്ങളായെങ്കിലും ഉദേശിക്കുന്ന തരത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ല.
തിരക്ക് വർദ്ധിക്കുമ്പോൾ ഭക്തരെ ക്യു കോംപ്ലക്സിൽ തടഞ്ഞുനിർത്തി ടോക്കൺ സമ്പ്രദായത്തിൽ സന്നിധാനത്തേക്ക് കടത്തിവിടാനായിരുന്നു അന്ന് ലക്ഷ്യമിട്ടത്. പക്ഷേ ക്യു കോംപ്ലക്സ് ഉപയോഗശൂന്യമായി എന്നു മാത്രമല്ല അവിടെ വൃത്തിഹീനമാക്കപ്പെട്ടു എന്നതുകൂടി ശബരിമലയുടെ ശാപം ആകുകയാണ്.
ഓരോ വർഷവും തിരക്ക് ഏറുന്ന ഘട്ടത്തിലെങ്കിലും പഴയ ഫയലുകൾ പൊടിതട്ടിയെടുത്തത് അതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.
ഭക്തനും ഭഗവാനും ഒന്നാണെന്ന തത്വമസി പൊരുളാണ് ശബരിമലയിൽ. പ്രകൃതിയെ നമിച്ച് പ്രകൃതിയും ഭക്തനും മൂര്‍ത്തിയും സമന്വയിച്ച് മോക്ഷ പദത്തിലേക്ക് പ്രവേശിക്കുന്ന തീര്‍ത്ഥാടനം. അതാവട്ടെ ഇനിയെങ്കിലും ശബരിമലയുടെ തീര്‍ത്ഥാടന ലക്ഷ്യം.