കൊച്ചിയിൽ 614 കുടുംബങ്ങൾ കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം ദേശീയ തലത്തിൽ തന്നെ ചർച്ചയാവുമ്പോൾ പോലും പ്രശ്നത്തിന് പരിഹാരം നീളുകയാണ്. ഉപ തിരഞ്ഞെടുപ്പ് കാലത്ത് വിഷയം പ്രചരണമായുധമാവുകയും ചെയ്തു.
കേന്ദ്ര വഖഫ് ഭേദഗതി ബില്ലാണ് മുനമ്പം ഭൂമി പ്രശ്നം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. അതിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ഭൂമി വഖഫ് ഭൂമിയാണ് എന്ന തരത്തിൽ അവകാശ വാദം ഉയർന്നു.
വയനാട് മാനന്തവാടിയിൽ 5.45 ഏക്കർ ഭൂമിക്കു മേൽ വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നതും ഈ ഘട്ടത്തിൽ തന്നെ. ഇതോടെ വിഷയത്തിന് രാഷ്ട്രീയ നിറം കൂടി വന്നു. ഒപ്പം ഒരു ഭാഗത്ത് മുസ്ലിം സമുദായമാണ് എന്നതുകൊണ്ട് തന്നെ വർഗീയ ചിന്തകളും വഖഫ് ഭൂമി വിഷയത്തിൽ ഉയർന്നു.
1902-ൽ ഗുജറാത്തിൽ നിന്നെത്തിയ അബ്ദുൾ സത്താർ മൂസാ സേട്ടിന് തിരുവിതാംകൂർ രാജാവ് കൃഷിക്കായി നൽകിയ 404 ഏക്കർ 75 സെന്റ് ഭൂമിയിൽ ശേഷിക്കുന്ന 104 ഏക്കർ ഭൂമിയാണ് കൊച്ചി മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നത്തിന് ആധാരം.
സത്താർ സേട്ടിന്റെ പിൻഗാമി ഈ സ്ഥലം കോഴിക്കോട് ഫാറൂക്ക് കോളേജ് മാനേജ്മെന്റിന് ക്രയവിക്രയാധികാരമുള്ള വ്യവസ്ഥകളോടെ ദാനം നൽകി. ആധാരത്തിൽ വഖഫായി ദാനം ചെയ്യുന്നുവെന്ന രണ്ടു പരാമർശങ്ങളാണ് ഇത് വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിക്കാനുള്ള വഖഫ് ബോർഡിന്റെ ന്യായം.
ഇസ്ലാമിക നിയമപ്രകാരം വിശ്വാസി അള്ളാഹുവിന് സമർപ്പിക്കുന്ന സ്വത്താണ് വഖഫ്. രേഖാമൂലമോ വാക്കാലോ വഖഫ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ അത് എക്കാലത്തേക്കും വഖഫ് ഭൂമിയാകുമെന്നതാണ് വ്യവസ്ഥ. വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനാവില്ല.
വഖഫ് ബോർഡിന് ആ സ്വത്ത് നോട്ടീസ് പോലും നൽകാതെ അവകാശപ്പെടാം. ചോദ്യം ചെയ്ത് കോടതികളെയും സമീപിക്കാനാവില്ല. വഖഫ് ട്രിബ്യൂണലിനു മുന്നിൽ പരാതി നൽകാം എന്നു മാത്രം.
സ്വന്തം ഭൂമിയുടെ അവകാശം സ്ഥാപിക്കേണ്ട ബാദ്ധ്യത ഉടമയ്ക്കു മേൽവരുന്ന വിചിത്ര വ്യവസ്ഥയാണ് വഖഫ് നിയമത്തിലുള്ളത്. ഇത് ഒഴിവാക്കുന്നതാണ് വഖഫ് ഭേദഗതി ബില്ല്.
എന്നാൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലിനെ അനുകൂലിക്കാനോ തള്ളാനോ ഇടതുപക്ഷ സർക്കാരിന് രാഷ്ട്രീയപരമായി സാധിക്കില്ല. മുനമ്പത്ത് കുടിയിറക്കപ്പെടുന്നവരിൽ ഒരു കുടുംബം മാത്രമാണ് മുസ്ലിം സമുദയത്തിൽ നിന്നുള്ളത്. നാനൂറിലധികം കുടുംബങ്ങൾ ലത്തീൻ കത്തോലിക്കരും എണ്ണൂറോളം ഈഴവരും ബാക്കി കുടുംബി, ധീവര, പട്ടികജാതി വിഭാഗക്കാരുമാണ്.
അതുകൊണ്ട് തന്നെ ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കി. മറുഭാഗത്ത് വിഷയത്തെ എതിർത്ത് സമസ്ത അടക്കമുള്ള മുസ്‌ലിം സംഘടനകളും. സ്വന്തം ഭൂമിയിൽ നിന്നും കുടിയിറക്കപ്പേടേണ്ടി വരുന്നവരുടെ വേദനയ്ക്ക് അപ്പുറം സർക്കാരിനും രാഷ്ട്രീയപാർട്ടികൾക്കും വിഷയം വോട്ടുബാങ്ക് മാത്രമാവുമ്പോൾ പ്രശ്ന പരിഹാരം നീളുകയാണ്.
ഇതിനിടെ പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് രംഗത്ത് വന്നതോടെ സമസ്ത അടക്കമുള്ള സംഘടനകൾ എതിർപ്പ് കടുപ്പിച്ചു. മുനമ്പത്ത് സമവായമായാൽ പിന്നെ ഇതേ പ്രശ്നം ഉയരുന്ന എല്ലായിടത്തും സമവായം വേണ്ടിവരും എന്ന ചിന്തയാണ് സമസ്തയെ ഭയപ്പെടുത്തുന്നത്.
മുൻപ് രണ്ടാം മാറാട് കൂട്ടക്കൊല നടന്ന ഘട്ടത്തിൽ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നടത്തിയ അനുരഞ്ജന നീക്കം രാഷ്ട്രീയമായി ലീഗിന് വലിയ സ്വീകാര്യത പകർന്നിരുന്നു.
അതേ മാതൃക മുനമ്പത്തും നടത്താം എന്ന ലീഗിൻ്റെ നീക്കത്തിന് സമസ്ത വിലങ്ങ് തടി വെച്ചതോടെ പ്രശ്നം മുസ്ലിം സമൂഹത്തിനുള്ളിലും ചർച്ചയായിരിക്കുകയാണ്.
മതപരമായ വിഷയത്തിൽ മുസ്ലിം ലീഗ് ഇടപെടുന്നതിനോട് സമസ്തക്ക് പണ്ടേ എതിർപ്പാണ്. ആ എതിർപ്പ് വഖഫ് വിഷയത്തിൽ കൂടുതൽ രൂക്ഷമാവാനാണ് സാധ്യത.
വഖഫ് ഭൂമിയാണെന്ന തീരുമാനം വഖഫ് ബോർഡിനെക്കൊണ്ട് റദ്ദാക്കിക്കുകയാണ് സർക്കാറിന് മുന്നിലുള്ള ഏറ്റവും ലളിതമായ മാർഗം. അതിനായി സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കേണ്ടതും അത്യാവശ്യമാണ്.
ഇതിനിടയിൽ മുസ്ളിം ലീഗും പ്രമുഖ മുസ്ളിം സംഘടനകളും സമവായ പാതയിൽ എത്തിയില്ലെങ്കിൽ പ്രശ്ന പരിഹാരം നീളും. അത് രാഷ്ട്രീയത്തിനപ്പുറം വർഗീയ വിഷയവുമായി നാളെ തീരുകയും ചെയ്യും. അത് ഒഴിവാക്കാനാവണം എല്ലാവരും ശ്രദ്ധിക്കേണ്ടത്.
സ്നേഹവും സഹോദര്യവുമാണ് മത വിശ്വാസത്തിലൂടെ നമ്മൾ ആർജ്ജിക്കേണ്ടത്. മതവും വിശ്വാസവും ആരെയും അനാഥരാക്കാനും വേദനിപ്പിക്കാനുമാവരുത്.