കഴിഞ്ഞ സെപ്റ്റംബര്‍ 29ന് ദില്ലി കേരള ഹൗസില്‍ ദി ഹിന്ദു ദിനപത്രത്തിലെ ലേഖികയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖം ഉയർത്തിയ വിവാദം ഒന്നു അടങ്ങിയപ്പോഴാണ് ഇ.പി ജയരജൻ്റെ 'കട്ടൻ ചായയും പരിപ്പു വടയും' എന്ന ആത്മകഥ പുതിയ വിവാദം ഉയർത്തുന്നത്.
മലപ്പുറം ജില്ലയുടെ പേര് പറഞ്ഞുളള വിവാദമായ പരാമര്‍ശം താൻ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുകയും തുടർന്ന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ദിനപത്രം പുറത്തുവരികയും ചെയ്തു. ഖേദപ്രകടനത്തിലും തുടർ വിവാദങ്ങൾ ഉയർന്നെങ്കിലും അതിൽ തീർന്നു ആ വിവാദം.
സ്വാഭാവികമായി മുഖ്യമന്ത്രിയെ പോലുള്ള ഒരാൾ താൻ നടത്താത്ത പരാമർശം ഒരു പത്രത്തിൽ വന്നാൽ ആ പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കേണ്ടതല്ലേ. എന്നാൽ അതൊന്നും ഇവിടെ നടന്നില്ല. ഇതുതന്നെയാവും ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഇ.പി ജയരാജന്റെ ആത്മകഥയ്ക്കും സംഭവിക്കാൻ പോകുന്നത്.
താൻ എഴുതാത്ത കാര്യങ്ങൾ ആത്മകഥ എന്ന പേരിൽ ഡിസി ബുക്സ് പുറത്തുവിട്ടു എന്ന് ആരോപിച്ച ജയരാജൻ അങ്ങനെ ചെയ്ത നടപടിയിൽ ഡിസി ബുക്സ് പരസ്യമായി മാപ്പ് പറയണം എന്നും പുറത്തുവിട്ട പ്രിന്റുകൾ പിൻവലിക്കണം എന്നും മാത്രമാണ് വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെട്ടത്.
താൻ പ്രതിനിധാനം ചെയ്യുന്ന സിപിഎം എന്ന പാർട്ടിയെയും തന്നെയും പ്രതിക്കൂട്ടിൽ ആക്കിയ പരാമർശങ്ങൾ അടങ്ങിയ ലേഖനം എഴുത്തുകാരന്റെ അനുമതിയില്ലാതെ പുറത്തുവിട്ട ഒരു പ്രസാധകന് എതിരെ എത്ര ലഘുവായിട്ടും ലളിതമായിട്ടുമാണ് ഇ.പി ജയരാജൻ നിയമനടപടി സ്വീകരിച്ചിരിക്കുന്നത് എന്ന് നോക്കുക.
ഇവിടെ ഇനി ഡിസി ബുക്സ് മാപ്പ് പറയുന്നതിൽ തീരും ഈ വിവാദവും. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ഉയർത്തിയ വിവാദം കെട്ടടങ്ങിയത് പോലെ.
എന്നാൽ ഇവിടെ കുറച്ചു കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട്. എഴുത്തുകാരന്റെ അനുമതിയില്ലാതെ ഒരു പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിടാൻ പ്രസാധകനെ സമർദ്ദം ചെലുത്തിയതാര് ?
ഒരു രാഷ്ട്രീയ പാർട്ടി ഏറെ നിർണായകമായ തിരഞ്ഞെടുപ്പ് നേരിടുന്ന ഘട്ടത്തിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കാൻ തുനിഞ്ഞതിന് പിന്നിലെ ഗൂഢാലോചന എന്ത് ?
പി സരിൻ കോൺഗ്രസ് വിട്ടതും സിപിഎമ്മിനായി പാലക്കാട് മത്സരത്തിനിറങ്ങിയത് പോലും മാസങ്ങൾക്ക് മുമ്പേ തീരുമാനിച്ച് എഴുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ഇടം നേടിയത് എങ്ങനെ ?
പുസ്തകത്തിന്റെ പേരും കവർ ചിത്രവും എല്ലാം രൂപകൽപന ചെയ്യുന്നത് ഏറെ ആലോചനകൾക്കും മറ്റും ഒടുവിലാണ്.
ഇന്നലെ ആത്മകഥാ വിവാദം പുറത്തുവന്ന ഘട്ടത്തിൽ ഇ.പി ജയരാജൻ ആദ്യം പ്രതികരിച്ചത് തൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് താൻ ആരെയും സമീപിച്ചിട്ടില്ല എന്നായിരുന്നു. പിന്നെയെങ്ങനെ പുസ്തകത്തിന്റെ പേരും കവർ ചിത്രവും ഡിസിയുടെ കയ്യിൽ എത്തി.
ഡിസി ബുക്കുമായി ഇ.പി ജയരാജൻ ഏതെങ്കിലും തരത്തിൽ കരാറിൽ ഏർപ്പെട്ടിരുന്നോ ? ഉണ്ടെങ്കിൽ അത് മറച്ചുവെച്ചത് എന്തിന്.
ഇവിടെ ഇപ്പോൾ ചോദിച്ച ചോദ്യം എന്തായാലും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പാർട്ടി ഇ.പിയോട് ചോദിക്കുക തന്നെ ചെയ്യും. പാർട്ടിയ്ക്ക് നൽകുന്ന വിശദീകരണത്തിൽ ഇ.പി എന്തു മറുപടി പറയും എന്നതിനെ ആശ്രയിച്ചിരിക്കും പരിപ്പു വടയുടെയും കട്ടൻ ചായയുടെയും ഭാവി.
ഇനി വിശദീകരണം ചായ കോപ്പയിലെ കൊടുങ്കാറ്റ് ആകുമോ എന്നും അറിയില്ല.
-എഡിറ്റര്‍