ഈ കപ്പൽ ആടിയുലയുകയില്ല സാർ ആടിയുലയുകയില്ല. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. ആ കപ്പിത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞ ഈ വാക്കുകൾ പിന്നിട് നവകേരള സദസിന് ആറന്മുളയിലെത്തിയപ്പോൾ മന്ത്രി വീണാ ജോർജ് വീണ്ടും ആവർത്തിച്ചു.
'ഈ കപ്പൽ ആടിയുലയുകയില്ല. നവകേരളത്തിന്റെ തീരത്ത് ഈ കപ്പൽ നങ്കൂരമിടും, കാരണം ഇതിനൊരു കപ്പിത്താനുണ്ട്. പ്രതിസന്ധികളില്‍ പതറാതെ സമൂഹത്തെ ഒപ്പം നിര്‍ത്തി മുന്നോട്ട് നയിക്കാന്‍ കഴിയുന്നവനെന്ന ബോധ്യം കേരളത്തിലെ പൊതു സമൂഹത്തിലുണ്ടായതിന്റെ പ്രതിഫലനം കൂടിയാണ് വീണ ജോർജിന്റെ വാക്കിലൂടെ അന്ന് പ്രകടമായത്.
എന്നാൽ പിന്നീടുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നത് കപ്പിത്താൻ്റെ കഴിവില്ലായ്മയാണ്. ഇന്നിപ്പോൾ കപ്പൽ ആടിയുലയുകയാണ്. സർക്കാർ തലത്തിലും ഭരണതലത്തിലും. അമ്പേ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണിന് ഇടതുപക്ഷ സർക്കാർ.
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ പരാജയപ്പെട്ടല്ലോ, ഭരണവിരുദ്ധ വികാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇപ്പോഴാണോ അത് നിങ്ങൾ അറിയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ തിരിച്ചുള്ള പ്രതികരണം.
കാര്യങ്ങൾ മുഖ്യമന്ത്രിക്ക് കൂടി അന്ന് ബോധ്യമായി എന്ന് വ്യക്തം. രാഷ്ട്രീയ നേതൃത്വത്തിന്റെ കാര്യശേഷിക്കുറവിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ഐഎഎസ് തലപ്പത്തെ തമ്മിലടി. ഐഎഎസ്, ഐപിഎസ് വിഭാഗങ്ങളിലെ ചേരിപ്പോരും കുറ്റകൃത്യങ്ങളോളമെത്തുന്ന ദുഷ്‍ചെയ്തികളും കേരളം ചർച്ച ചെയ്തു മടുക്കുകയാണ്.
ബ്യൂറോക്രസിയിലെ നിലവാരത്തകർച്ചയായി ഇത് ഉയർത്തിക്കാട്ടാമെങ്കിലും ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് തന്നെയാണ് എല്ലാറ്റിലും കാരണം. അഴിമതിയും വർഗീയതയും വ്യാപകമാവുമ്പോൾ തെറ്റുകൾ യഥാസമയം കണ്ടെത്താനും ഉത്തരവാദികളെ ശിക്ഷിക്കാനും സംവിധാനങ്ങളില്ലാത്തതല്ല പ്രശ്നം. അവ പ്രവർത്തനക്ഷമമല്ല എന്നതാണ്.
ക്രിമിനൽ സ്വഭാവമുള്ളവർ പൊലിസ് സംവിധാനത്തിൽ ഏറുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കണ്ടതും കേട്ടതും. പക്ഷേ ഇന്നിപ്പോൾ ബ്യൂറോക്രസി തലത്തിൽ പോലും അതിൻ്റെ പ്രവണത വർധിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
തെരുവിൽ കാണുന്ന ഗുണ്ടാപകയും ഏറ്റുമുട്ടലും ഭരണതലത്തിലും എത്തി. എഡിജിപി എം.ആർ അജിത് കുമാറിന് എതിരെ ആരോപണം ഉയർന്നപ്പോൾ നടപടി എടുക്കുന്നതിൽ കാലതാമസം വരുത്തിയ സർക്കാർ കൃത്യമായ സൂചനയാണ് ഇത്തരം പ്രവണത കാണിക്കുന്നവർക്ക് നൽകിയത്.
അതിൻ്റെ തുടർച്ച തന്നെയാണ് ഒരു പ്രശാന്ത് സമൂഹ്യമാധ്യമത്തിൽ കുറിപ്പിട്ടതിലും ഒരു കെ ഗോപാലകൃഷ്ണൻ വാട്സ്അപ്പ് ഗ്രൂപ് ഉണ്ടാക്കിയതിലൂടെയും തെളിയുന്നത്. നടപടി എടുക്കേണ്ടവർ അതത് സമയത്ത് കണ്ണടക്കുന്നത് ഇതിന് ഒരു കാരണമാണെന്നും പറയാതെ വയ്യ.
കടുത്ത നിലപാടുകളിലൂടെ നീണ്ട 15 വർഷം സിപിഎമ്മിനെ നയിച്ച മുഖ്യമന്ത്രി പക്ഷേ ആ സ്ഥാനം ഏറ്റെടുത്ത അന്നുമുതൽ നിലപാടുകളിൽ വെള്ളം ചേർക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിയന്ത്രണം എം ശിവശങ്കരൻ ഐഎഎസിൽ എത്തിയപ്പോൾ തന്നെ ആദ്യ സൂചന ലഭിച്ചു തുടങ്ങിയതാണ്.
പാർട്ടിയെ നിയന്ത്രിക്കുന്ന അത്ര എളുപ്പത്തിൽ ഭരണതലത്തെ നിയന്ത്രിക്കാൻ പിണറായി വിജയന് കഴിഞ്ഞില്ല. ആ മെയ് വഴക്കം പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് ഇല്ല എന്ന് പറയുന്നതാവും സത്യം.
ഇപ്പോൾ ആടിയുലയുന്ന കപ്പലിന്റെ കപ്പിത്താന് കലിയിളകുമെങ്കിലും പ്രളയവും മഹാമാരികളും എന്നും രക്ഷയ്‌ക്കെത്തണമെന്നില്ലെന്ന യാക്കോബായ സഭാ നിരണം മുൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസിൻ്റെ പഴയ ഒരു പ്രതികരണം ഇവിടെ ഒരിക്കൽ കൂടി മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കട്ടെ.