തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ നിർത്തിവെച്ച കെ റയിൽ പദ്ധതി മറ്റൊരു ഉപതെരഞ്ഞെടുപ്പ് വേളയിൽ വീണ്ടും ജീവൻ വെയ്ക്കുമ്പോൾ കേരളം വീണ്ടും സമര പ്രതിഷേധങ്ങളുടെ വേദിയാവും.
കൂറ്റനാട് നിന്ന് രണ്ടു കൊട്ട അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്താൻ കെ റെയിലൂടെ സാധ്യമാവും എന്ന വിചിത്ര വാദങ്ങൾ വീണ്ടും ഉയരുമ്പോൾ പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്.
കെ റയിൽ പാളത്തിൽ ഏറുമ്പോൾ പാളം തെറ്റുന്നത് കുറെ പേരുടെ ജീവിതം കൂടിയാണ്.
പിണറായി വിജയൻ സർക്കാറിൻ്റെ സ്വപ്‌നപദ്ധതിയാണ് കെ റയിൽ അഥവാ സിൽവർ ലൈൻ. വലിയ പ്രചരണം നൽകി പദ്ധതിയ്ക്ക് തുടക്കം കുറിച്ചപ്പോൾ പക്ഷെ സർക്കാരിന് നേരിടേണ്ടി വന്നത് വലിയ ജനകിയ പ്രതിഷേധമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് വീണ്ടും കെ റയിലിനെ ട്രാക്കിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോൾ സിൽവർ ലൈൻ പദ്ധതി വീണ്ടും ചർച്ചയാവുകയും പ്രതിഷേധത്തിന് ആക്കം കൂട്ടുകയുമാണ് ചെയ്യുന്നത്.
ഒമ്പത് ജില്ലകളിലായി 108 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടത്. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് 'സില്‍വര്‍ലൈന്‍' എന്ന അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നത്. കാസര്‍ഗോഡ് - തിരുവനന്തപുരം പാതയില്‍ 529.45 കിലോമീറ്ററിലാണ് പദ്ധതി.
മണിക്കൂറില്‍ 200 കിലോമീറ്ററായിരിക്കും പരമാവധി വേഗം. ഒരു ട്രെയിനില്‍ 9 ബോഗികളുണ്ടാകും. ബിസിനസ്, സ്റ്റാന്‍ഡേര്‍ഡ് ക്ലാസുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം.
കൊച്ചി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ 11 സ്റ്റേഷനുകളുണ്ടാകും. 64,000 കോടി രൂപയാണ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവ് വിലയിരുത്തിയത്.
എന്നാൽ പദ്ധതിയ്ക്കായി സ്ഥലമേറ്റെടുക്കലിനോട് അനുബന്ധിച്ച മഞ്ഞ കല്ലുകൾ അതിരിട്ട് നടപടിക്രമങ്ങൾ തുടങ്ങിയതോടെയാണ് കോഴിക്കോട് അടക്കം ജനകീയ പ്രതിഷേധവും പ്രതിപക്ഷ സമരങ്ങളും ശക്തമായത്.
പിന്നെ കേരളത്തിലുടനീളം കണ്ടത് വലിയൊരു സമര പോരാട്ടം. ജീവിത സമ്പാദ്യം മുഴുവൻ സ്വരൂപിച്ച് സ്വരുക്കൂട്ടിയ വീടിന് മുന്നിലും പിന്നിലും എന്തിന് അടുക്കളയിലും കിടപ്പുമുറിയിലും വരെ മഞ്ഞക്കുറ്റികൾ സ്ഥാപിച്ചപ്പോൾ സ്ത്രീകളും കുട്ടികളും വരെ സമരപാതയിലിറങ്ങി.
കെ റയിൽ പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്ത് മറ്റ് വികസന പ്രവർത്തനങ്ങൾ സാധ്യമാകാതെ വന്നതും, എന്തിന് വീട്ടുകാർക്ക് ബാങ്ക് വായ്പ അനുവദിക്കാതെ വന്നതുമെല്ലാം പ്രതിഷേധത്തിന്റെ ഭാവം മാറ്റി.
പദ്ധതിയെ അനുകൂലിച്ച് സിപിഎമ്മും എതിർത്ത് യുഡിഎഫും ബിജെപിയും അണിനിരപ്പോൾ കെ റയിൽ രാഷ്ട്രീയ വിഷയമായി മാറി. കുടുംബശ്രീക്കാരുടെ അപ്പവിൽപ്പനയ്ക്കു വരെ കെ റയിൽ എന്ന വിചിത്രവാദങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉന്നയിച്ചു.
കൂറ്റനാട് നിന്ന് രണ്ടു കൊട്ട അപ്പവുമായി കൊച്ചിയിൽ പോയി അതു വിറ്റ് ഉച്ചയ്ക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്താൻ കെ റെയിൽ വന്നാൽ ആകുമെന്നായിരുന്നു എം വി ഗോവിന്ദൻ്റെ വാദം.
കെ റെയിൽ വന്നാൽ മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് കാസർക്കോട്ടു നിന്ന് തിരുവനന്തപുരത്തെത്താം എന്നതായിരുന്നു ഈ വാദത്തിൻ്റെ പിൻബലം.
എന്നാൽ സിൽവർലൈൻ അതേപടി നടപ്പാക്കാനാകില്ലെന്നും പദ്ധതിയിൽ മാറ്റം വേണമെന്നും വ്യക്തമാക്കുന്ന മെട്രോമാൻ ഇ. ശ്രീധരന്റെ നിലപാട് പദ്ധതിയെ എതിർക്കുന്നവർക്ക് പിൻബലമേകി.
ആദ്യം സെമി ഹൈസ്പീഡ് റെയിൽ വേണമെന്നും പിന്നീട് ഇത് ഹൈസ്പീഡാക്കണമെന്നും ഇ. ശ്രീധരൻ മുഖ്യമന്തിയ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. പുതിയ പാതയെ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കാൻ കഴിയണം.
നിലവിലെ സിൽവർ ലൈൻ ദേശീയ റെയിൽപാതയുമായി ബന്ധിപ്പിക്കാൻ കഴിയില്ല. ബ്രോഡ്ഗേജ് സംവിധാനത്തിലേക്ക് മാറിയാലേ ഇത് സാധ്യമാകൂ.
മംഗലാപുരം ഉൾപ്പടെ കേരളത്തിനു പുറത്തേക്കും ഹൈസ്പീഡ് പാത നീട്ടണം. എങ്കിൽ മാത്രമേ പദ്ധതി പ്രായോഗികമാകൂ എന്ന് കൂടി മെട്രോ മാൻ റിപ്പോർട്ടിൽ വ്യക്തയാക്കി. ഇ. ശ്രീധരൻ്റെ വാദത്തെ മുഖ്യമന്ത്രിയും സിപിഎമ്മും അവഗണിച്ചത് പ്രതിഷേധങ്ങൾക്ക് കരുത്തു പകരുന്നതാണ് പിന്നെ കണ്ടത്.
ബി ജെ പി സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി പദ്ധതിയെ എതിർത്തതോടെ ഇക്കാര്യത്തിലെ കേന്ദ്ര സർക്കാർ താൽപര്യം എതിരായി. ഒടുവിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെ റയിലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു.
ഇതിനിടെ കെ റയിൽ കമ്പനിയുമായി ചര്‍ച്ച ചെയ്തശേഷം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ അറിയിക്കണമെന്ന് ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചു എങ്കിലും പദ്ധതി താത്കാലികമായി നിറുത്തിയെന്നും ഉചിതമായ സമയത്ത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.
അതിനിടെ കെ റെയിലിന് ബദലായി അതിവേഗട്രയിനായ വന്ദേഭാരത് കേരളത്തിൽ ഓടിച്ച് ബിജെപി നേട്ടം കൊയ്തു.
ഇന്നിപ്പോൾ സാങ്കേതിക പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ കെ റെയിലിൽ തുടർ നടപടികൾക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിൻ്റെ പ്രസ്താവനയോടെ വീണ്ടും കെ റയിലിന് ജീവൻ വെയ്ക്കുകയാണ്.
ഒരു ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ നിർത്തിവെച്ച പദ്ധതി മറ്റൊരു ഉപതിരഞ്ഞെടുപ്പ് വേളയിൽ വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷ നൽകുമ്പോൾ ജനകീയ സമര മുഖങ്ങൾ വീണ്ടും തുറക്കുകയാണ്. കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്ഥാവനയോട് സർക്കാറിൻ്റെ നിലപാട് എന്തായാലും അനുകൂലമാവും.
അങ്ങനെ വന്നാൽ കേരളം വീണ്ടും പ്രതിഷേധം സമരങ്ങൾക്ക് വേദിയാവും. കേന്ദ്ര റയിൽവേ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമായതോടെ കെ റയിൽ വിഷയത്തിൽ സംസ്ഥാന ബിജെപി നേതൃത്വവും വെട്ടിലായിരിക്കുകയാണ്.
കേരളം മറ്റൊരു ഉപതിരഞ്ഞെടുപ്പിൻ്റെ പടിവാതിലില്‍ നില്‍ക്കേ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ കെ റയിൽ വിഷയം കൂടി പ്രചരണമായുധമാകുമ്പോൾ അതിനെ പ്രതിപക്ഷം എങ്ങനെ പ്രതിരോധിക്കും എന്നതുകൂടി ശ്രദ്ധേയമാണ്.