Advertisment

കേട്ടുകേള്‍വിയില്ലാത്ത ദുരാചാരങ്ങളുടെ ഈറ്റില്ലമായിരുന്നു അന്ന് കേരളം. കലഹിച്ചും കലാപമുയര്‍ത്തിയും നമ്മള്‍ നേടിയെടുത്തതാണ് അവകാശങ്ങള്‍ പലതും. എന്നിട്ടും പഴയ കാലത്തിന്‍റെ ചില പൊള്ളുന്ന ബാക്കി പത്രങ്ങളായി തേങ്കുറുശ്ശി ദുരഭിമാന കൊലകള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളുടെ ചരിത്ര കഥകള്‍ ഓര്‍മ്മിക്കേണ്ട ദിനമാണ് കേരളപ്പിറവി - മുഖപ്രസംഗം

ഇന്നീ കാണുന്ന  ഇവിടുത്തെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ പുരോഗതി ലോകം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ ഈ മൂല്യങ്ങളൊന്നും നമുക്ക് പാരമ്പരാഗതമായി കിട്ടിയതല്ല, നമ്മുടെ പൂർവികരായ മഹാന്മാർ പൊരുതി നേടിയെടുത്തതാണ്: ചരിത്രത്തിൽ ഇടംപിടിച്ച സമര മാർഗ്ഗങ്ങളിലൂടെ.

author-image
എഡിറ്റര്‍
New Update
editorial
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാള നാടിന് ഇന്ന് പിറന്നാൾ മധുരം. സംസാര ഭാഷയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങളായി വിഭജിച്ച ദിനമാണ് 1956 നവംബര്‍ 1. കേരളം അന്ന് രൂപീകൃതമാവുമ്പോള്‍ ഭാരതത്തിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറുതായിരുന്നെങ്കിലും വിദ്യാഭ്യാസത്തിലും സാംസ്ക്കാരിക ഉന്നതിയിലും എല്ലാം  മുന്‍പന്തിയില്‍ തന്നെയായിരുന്നു ഈ നാട്. അത് പക്ഷെ കാലാനുസൃതമായി നമ്മൾ നേടിയെടുത്തതാണ് എന്നതാണ്  വസ്തുത.

Advertisment

ഇന്നീ കാണുന്ന  ഇവിടുത്തെ സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ പുരോഗതി ലോകം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ ഈ മൂല്യങ്ങളൊന്നും നമുക്ക് പാരമ്പരാഗതമായി കിട്ടിയതല്ല, നമ്മുടെ പൂർവികരായ മഹാന്മാർ പൊരുതി നേടിയെടുത്തതാണ്: ചരിത്രത്തിൽ ഇടംപിടിച്ച സമര മാർഗ്ഗങ്ങളിലൂടെ.

അതുകൂടി പഠിച്ചാലേ കേരളീയനെന്ന് നമ്മുക്ക് ഊറ്റം കൊള്ളാനാകൂ, കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളുടെ ചരിത്ര കഥകൾ അങ്ങനെയാണ്. 

കേട്ടുകേൾവിയില്ലാത്ത പല ദുരാചാരങ്ങളുടെയും ഇടമായിരുന്നു ഒരു കാലത്ത് ഈ  കേരളം. മാറു മറയ്ക്കാനും, ക്ഷേത്രാരാധന നടത്താനും എന്തിനേറേ വഴിനടക്കാനും, ഒരുമിച്ചുണ്ണാനും, അക്ഷരം പഠിക്കാനും പോലും വിലക്കുണ്ടായിരൊന്നിടം.


ഭ്രാന്താലയമെന്ന് വിവേകാനന്ദനെക്കൊണ്ടു പറയിപ്പിച്ച നാട്. മാറുമറയ്ക്കാൻ അവകാശമില്ലാത്ത ഒരു കൂട്ടർ ഈ നാട്ടിൽ ജീവിച്ചിരുന്നു. ഇനി അഥവാ നാണം മറയ്ക്കാൻ മാറുമറച്ചാൽ അവരുടെ മുലയറുത്ത് പ്രദർശിപ്പിച്ചിരുന്നു പണ്ട് ഇവിടെ.


അതിൽ പ്രതിഷേധിച്ചായിരുന്നു ജാതിവിവേചനത്തിനെതിരേയുള്ള സമരങ്ങൾക്ക് തുടക്കം കുറിച്ചത്. ആ സമരം പിന്നെ തീജ്വാലയായി കത്തി പടർന്നു. 

വഴിനടക്കാനും ഉപ്പുകൂട്ടി ഭക്ഷണം കഴിക്കാനും വേണ്ടി അവകാശ സമരങ്ങളുടെ പോർക്കളമായി പിന്നെ ഈ കേരള നാട്. ആറാട്ടുപ്പുഴ വിപ്ലവത്തിൽ തുടങ്ങി വൈക്കം സത്യാഗ്രഹത്തിൽവരെ എത്തിയ സമരവീര്യം.  

കലഹിച്ചും കലാപമുയർത്തിയും  നമ്മൾ അവകാശങ്ങൾ ഒന്നൊന്നായി നേടിയെടുത്തു. ജാതീയമോ മതപരമോ തൊഴിൽപരമോ സാമ്പത്തികമോ ആയ വിവേചനങ്ങളൊന്നും കാര്യമായില്ലാത്ത ഒരു നാടായി കേരളം മാറി വന്നത് അങ്ങനെയാണ്.


എന്നാലും പഴയ കാലത്തിൻ്റെ പൊള്ളുന്ന അനുഭവങ്ങൾ ഇടക്കെല്ലാം വീണ്ടും ഈ നാട്ടിൽ തല പൊക്കിയിട്ടുണ്ട്. പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനകൊല കേസിൻ്റെ വിധി പറഞ്ഞിട്ട് അധികനാളായിട്ടില്ല എന്ന് കൂടി ഓർക്കുക. 


ഉയർന്ന മാനവിക ബോധമുള്ള ഒരു ജനതയാണ് നാം എന്ന ബോധ്യതിനേറ്റ കളങ്കം ഇത്തരം ഓരോ കേസിലും ഇനിയും നിഴലിക്കും. അത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള കരുതലും ബോധവുമാണ് ഏഴു പതിറ്റാണ്ടുകാലത്തെ സാമൂഹിക-രാഷ്ട്രീയ ജീവിതം കൊണ്ട് നമ്മൾ ഇനി നേടിയെടുക്കേണ്ടത്. 

ഒരു കേരളീയൻ ആണെന്ന് ഊറ്റം കൊള്ളാൻ അപ്പോൾ മാത്രമേ നമുക്ക് സാധിക്കു. കൂടുതൽ മേഖലകളില്‍ ഉയരങ്ങള്‍ കീഴടക്കി കേരളം ഇനിയും മുന്നേറുവാനും മറ്റ് സംസ്ഥാനങ്ങളുടെ മുന്നില്‍ തലയെടുത്ത് നില്‍ക്കാനും നമുക്ക് ഒരുമിച്ചു നിന്ന് പ്രയത്നിക്കാം. 

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും സ്നേഹത്തോടെ കേരളപ്പിറവി ദിനം ആശംസിക്കുന്നു.

- എഡിറ്റർ

Advertisment