Advertisment

അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം മാത്രം ശരിയായാല്‍ പോലും അതീവ ഗുരുതരം തന്നെ; ആരോപണങ്ങളില്‍ ഏറ്റവും ഗൗരവമേറിയത് സ്വര്‍ണ്ണക്കടത്ത് കേസും ! വിശദമായ അന്വേഷണം അനിവാര്യം, ഇത് കേരള പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന പ്രശ്‌നം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്‌

കേരളാ പൊലീസിലെ ഉന്നതനെതിരെ ഇടതുപക്ഷത്തിന്‍റെ നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ എണ്ണം കൂടുകയാണ്

New Update
pv anvar pinarai vijayan mr ajith kumar

സ്വര്‍ണ കള്ളക്കടത്ത്, കൊലപാതകം, മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തല്‍ - കേരളാ പൊലീസിലെ ഉന്നതനെതിരെ ഇടതുപക്ഷത്തിന്‍റെ നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ എണ്ണം കൂടുകയാണ്.

Advertisment

സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ അന്‍വര്‍ ഞായറാഴ്ച ഉന്നയിച്ച ആരോപണങ്ങള്‍ കണ്ടും കേട്ടും ഞെട്ടിത്തരിച്ചു നിന്ന കേരളത്തിനു മുമ്പില്‍ തിങ്കളാഴ്ചയും അദ്ദേഹം കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തി.

പൊലീസ് സേനയില്‍ ക്രമസമാധാന ചുമതലയുള്ള പൊലീസുദ്യോഗസ്ഥനാണ് ഏറ്റവും അധികാരമുള്ളയാള്‍. ഡിജിപി കഴിഞ്ഞാല്‍ സേനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ ഈ സ്ഥാനത്തിരിക്കുന്ന ആളായിരിക്കും. സേനയുടെ ഏറെക്കുറെ പൂര്‍ണമായ നിയന്ത്രണവും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കായിരിക്കും എന്നര്‍ത്ഥം.

നാട്ടില്‍ ക്രമസമാധാനം പാലിക്കുന്ന കാര്യത്തിലായാലും കുറ്റകൃത്യങ്ങള്‍ തടയുന്ന കാര്യത്തിലായാലും ഗുരുതരമായ കുറ്റങ്ങള്‍ ശാസ്ത്രീയമായി അന്വേഷിച്ച് പ്രതികളെ പിടികൂടുന്ന കാര്യത്തിലായാലും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനകളെയൊക്കെ അപേക്ഷിച്ച് കേരളം വളരെ മുമ്പിലാണ്.

കാലാകാലങ്ങളിലായി കേരളാ പൊലീസിന്‍റെ തലപ്പത്ത് മികവം സാമര്‍ത്ഥ്യവും സ്വഭാവഗുണവും ഏറെയുള്ള ഉദ്യോഗസ്ഥരാണ് ഡിജിപിമാരായി എത്താറുള്ളതും. ഡിജിപി ദര്‍വേഷ് സാഹിബും പേരുദോഷമൊന്നുമില്ലാത്ത ഉദ്യോഗസ്ഥനാണ്.


പിണറായി സര്‍ക്കാര്‍ വളരെ വിശ്വസ്ഥനെന്നുകണ്ട് ക്രമസമാധാനച്ചുമതല വിശ്വാസത്തോടെ ഏല്‍പ്പിച്ചുകൊടുക്കുകയായിരുന്നു എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ കൈയില്‍. താഴെ തട്ടിലൊന്നും ഒരു മികച്ച ഉദ്യോഗസ്ഥന്‍ എന്ന പേര് അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. പ്രഗത്ഭനായൊരു കുറ്റാന്വേഷകന്‍ എന്ന പേരും അദ്ദേഹത്തിന് ഒരിക്കലും കിട്ടിയിട്ടില്ല. എം.ആര്‍ അജിത് കുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഏതെങ്കിലും സങ്കീര്‍ണമായൊരു കേസ് തെളിയിച്ചതായി രേഖയൊന്നുമില്ലെന്ന് സര്‍വീസില്‍ നിന്നു പിരിഞ്ഞവരുള്‍പ്പെടെ ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.


ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിനില്‍ക്കുമ്പോഴാണ് എം.ആര്‍ അജിത് കുമാറിനെ പി.വി അന്‍വര്‍ ഉന്നംവെച്ചത്. അന്‍വര്‍ ഉന്നയിച്ച കാര്യങ്ങളൊക്കെയും ശരിയാണെങ്കില്‍, വേണ്ടാ, അതിലൊരു ഭാഗമെങ്കിലും ശരിയാണെങ്കില്‍, എം.ആര്‍ അജിത് കുമാര്‍ കാക്കി ഉടുപ്പും ബൂട്ടും തൊപ്പിയും അധികാര ചിഹ്നങ്ങളും ധരിച്ച് അധികാരക്കസേരയില്‍ സര്‍വാധികാരത്തോടെയും ഇരുന്ന് സ്വന്തം ഔദ്യോഗിക സ്ഥാനത്തെയും പൊലീസ് സേനയെത്തന്നെയും ഒറ്റുകൊടുക്കുകയായിരുന്നുവെന്ന് കേരളാ പൊലീസിന്‍റെ ചരിത്രം രേഖപ്പെടുത്തും.

കേരളാ പൊലീസിലെ ഒരു ഉന്നതന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട കാര്യങ്ങളൊന്നുമല്ല എം.ആര്‍ അജിത് കുമാറിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്ന് പി.വി അന്‍വറിന്‍റെ വെളിപ്പെടുത്തലുകള്‍ തുറന്നു കാട്ടുന്നു. അതില്‍ ഏറ്റവും ഗൗരവമേറിയത് സ്വര്‍ണക്കടത്തു തന്നെ.

 വര്‍ഷങ്ങളായി കോഴിക്കോട് വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണക്കടത്തു നടക്കുന്നുണ്ടായിരുന്നു. മുമ്പ് കോഴിക്കോടു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന പത്തനംതിട്ട എസ്‌പി എസ്. സുജിത് ദാസ് സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കേന്ദ്രബിന്ദുവായിരുന്നുവെന്ന് അന്‍വര്‍ പറയുന്നു.

കസ്റ്റംസില്‍ ജോലി ചെയ്യവെ, ഐപിഎസ് പരീക്ഷ പാസായി കേരളാ കേഡറില്‍ എത്തിയ ഉദ്യോഗസ്ഥനാണ് സുജിത് ദാസ്. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലിചെയ്തിട്ടുള്ള സുജിത് ദാസിന് സ്വര്‍ണം കടത്തുന്നവരെയും അതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെയും അറിയാമായിരുന്നു എന്ന കാര്യം വ്യക്തം.

പൊലീസിലെത്തിയ സുജിത് ദാസിന് തുടക്കകാലത്തെ നിയമനങ്ങള്‍ക്കു ശേഷം മലപ്പുറം എസ്‌പി നിയമനം കിട്ടുന്നത് ഉന്നത തലത്തില്‍ സ്വാധീനമുള്ളതുകൊണ്ടുതന്നെയാവണം. സുജിത് ദാസും എം.ആര്‍ അജിത് കുമാറും തമ്മില്‍ വലിയ അടുപ്പമായിരുന്നുവെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണം കടത്തുന്ന സംഘത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിക്കാതെ പുറത്തുവിടും. പക്ഷെ വിവരം രഹസ്യമായി പുറത്തു കാത്തു നില്‍ക്കുന്ന പൊലീസിനെ അറിയിക്കും. സംഘത്തെ പൊലീസ് പിടികൂടി സ്വര്‍ണം പിടിച്ചെടുക്കും. ഇങ്ങനെ പിടിച്ചെടുക്കുന്ന സ്വര്‍ണത്തില്‍ 60 ശതമാനവും പൊലീസ് കൈക്കലാക്കും. ബാക്കി കസ്റ്റംസിനു നല്‍കും. ഇങ്ങനെ പിടിച്ചെടുക്കുന്ന സ്വര്‍ണത്തിന്‍റെ പങ്ക് മുകളിലേയ്ക്കും പോകും.


മികച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തുംപോലെയുള്ള ഒരു അന്വേഷണമാണ് പി.വി അന്‍വര്‍ സംഘടിപ്പിച്ചത്. ധാരാളം ഉദ്യോഗസ്ഥരുടെ ഫോണ്‍ സന്ദേശങ്ങളും കൈയിലുണ്ടെന്ന് അന്‍വര്‍ അവകാശപ്പെടുന്നു. ഇത് പൊലീസില്‍ സൈബര്‍ വിഭാഗത്തില്‍ നിന്നു മാത്രമേ കിട്ടാന്‍ വഴിയുള്ളു.


 ഏഴെട്ടു മാസമായി അന്‍വര്‍ നടത്തിയ തുടര്‍ച്ചയായ അന്വേഷണത്തിലാണ് ഇത്യാദി വിവരങ്ങളൊക്കെയും കിട്ടിയത്. മലപ്പുറം എസ്‌പി ഓഫീസില്‍ ചെന്ന് മരം മുറിച്ച കാര്യം അന്വേഷിച്ചും അതു സംബന്ധിച്ചു പരാതി കൊടുത്തും എസ്‌പി സ്ഥാനത്തെത്തിയ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ അതിവിദഗ്ദ്ധമായി കെണിയില്‍ പെടുത്താനും അന്‍വറിന് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കവടിയാറില്‍ സെന്‍റിന് 65 ലക്ഷം വില വരുന്ന സ്ഥലം വാങ്ങി വലിയ വീടു വെയ്ക്കാന്‍ എം.ആര്‍ അജിത് കുമാര്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങളും അന്‍വര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കി.

തനിക്കെതിരെ തിരിഞ്ഞ ഒരു ഓണ്‍ലൈന്‍ ചാനല്‍ ഉടമയ്ക്കെതിരെ പി.വി അന്‍വര്‍ തുടങ്ങിവെച്ച അന്വേഷണമാണ് കേരളാ പൊലീസിന്‍റെ തലപ്പത്ത് ഒരു വലിയ പൊട്ടിത്തെറിവരെ നീണ്ടത്. ചാനലിനും അതിന്‍റെ ഉടമയ്ക്കുമെതിരെ അന്‍വര്‍ നല്‍കിയ പരാതി കൈക്കൂലിവാങ്ങി എഡിജിപി ഒതുക്കുകയായിരുന്നുവെന്നാണ് അന്‍വറിന്‍റെ കണ്ടെത്തല്‍.

പൊലീസിനെ നേര്‍വഴിക്കു നയിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തിനു വലിയ പങ്കുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനു തന്നെയാണ് ഭരണാധികാരവും പൊലീസിന്‍റെ നിയന്ത്രണവും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഭാഗമായിത്തന്നെ പോലീസിന്‍റെ ചുമതല നോക്കാന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമുണ്ട്. 

പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എല്ലാ മേല്‍നോട്ടവും വഹിക്കാന്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബുമുണ്ട്. ഈ അധികാര കേന്ദ്രങ്ങള്‍ക്കെല്ലാം താഴെയാണ് എഡിജിപി എം.ആര്‍ അജിത് കുമാറിന്‍റെ സ്ഥാനം.

ഒരാളെ ഒരു ചുമതല ഏല്‍പ്പിച്ചാല്‍ അയാളില്‍ പൂര്‍ണമായി വിശ്വസിക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പതിവ്. അന്‍വര്‍ അക്കമിട്ടു പറയുന്നത്ര ഹീനമായ കൃത്യങ്ങള്‍ ചെയ്തുകൂട്ടാന്‍ എം.ആര്‍ അജിത് കുമാറിന് ഇത്രയേറെ സ്വാതന്ത്ര്യം എങ്ങനെ കിട്ടി ? വിശദമായ അന്വേഷണം കൂടിയേ തീരൂ. കേരളാ പൊലീസിന്‍റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ അതാവശ്യമാണ്.

Advertisment