സിനിമാരംഗത്തു സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെപ്പറ്റി കേരളം മുഴുവന്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കെ, ചോദ്യങ്ങളുമായി മുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചും പിടിച്ചു തള്ളിയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
പ്രമുഖ സിനിമാ താരങ്ങളില്‍ നിന്നും സംവിധായകരില്‍ നിന്നും നിര്‍മാതാക്കളില്‍ നിന്നും നേരിട്ട ക്രൂരതകളെക്കുറിച്ചും ഭിഷണികളെക്കുറിച്ചും ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍ തുടര്‍ന്നു വരുന്ന റിപ്പോര്‍ട്ടിങ്ങ് രീതിയിലും റിപ്പോര്‍ട്ടുകളില്‍ത്തന്നെയും ശക്തമായ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിക്കുകയായിരുന്നു സുരേഷ് ഗോപി.
ഈ വെളിപ്പെടുത്തലുകള്‍ കണ്ട് കേരള സമൂഹം ആകെ ഞെട്ടിത്തരിച്ചു നില്‍ക്കുകയും സിനിമയിലെ പല സൂപ്പര്‍ താരങ്ങളുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുകയും പല പ്രമുഖരും ഒന്നും മിണ്ടാതെ മാളത്തിലൊളിക്കുകയും ചെയ്യുമ്പോഴാണ് തൃശൂരില്‍ സ്ഥലം എംപി കൂടിയായ സുരേഷ് ഗോപി മാധ്യമങ്ങള്‍ പറയുന്നതൊന്നും ശരിയല്ലെന്ന രീതിയില്‍ ചൊവ്വാഴ്ച കാലത്ത് രൂക്ഷമായ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകരെ നേരിട്ടത്.
സിനിമാരംഗത്തു നടന്നുകൊണ്ടിരുന്ന രൂക്ഷമായ സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സിനിമാ നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് സുരേഷ് ഗോപി ആക്രോശിച്ചുകൊണ്ട് നേരിട്ടത്. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നു നേരത്തെതന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സിപിഎം എംഎല്‍എ ആയ മുകേഷിനെയും സംരക്ഷിക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍.
താന്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫീസ് കാര്യവും പാര്‍ട്ടി ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ പാര്‍ട്ടിക്കാര്യവുമാണു ചോദിക്കേണ്ടതെന്ന പുതിയ മാധ്യമപ്രവര്‍ത്തന പാഠങ്ങളും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ പഠിപ്പിക്കാനൊരുങ്ങി.
തൃശൂരില്‍ ഒരു ചടങ്ങുകഴിഞ്ഞിറങ്ങി വന്ന സുരേഷ് ഗോപി കാറില്‍ കയറാനൊരുങ്ങിയപ്പോഴാണ് മാധ്യമ പപ്രവര്‍ത്തകര്‍ ക്യാമറകളുമായി ചുറ്റും കൂടിയത്. വളരെ സൗമ്യതയോടെ നിന്ന് മന്ത്രിക്കു കടന്നുവരാനുള്ള സൗകര്യം മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഒരുക്കിയിരുന്നു. ചോദ്യം ചോദിക്കാന്‍ തുടങ്ങുമ്പോഴേയ്ക്ക് സുരേഷ് ഗോപി ഉച്ചത്തില്‍ ആക്രോശം തുടങ്ങി. തികഞ്ഞ നിന്ദയും പുഛവും ക്രോധവും നിറച്ച വാക്കുകളും പ്രയോഗങ്ങളുമാണ് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരുടെ നേരെ പ്രയോഗിച്ചത്.
"ഇതു നിങ്ങളുടെ തീറ്റയാണ്. തിറ്റയ്ക്കുവേണ്ടിയാണ് നിങ്ങളിതൊക്കെ ചെയ്യുന്നത് ", ഒരു സമയത്ത് സുരേഷ് ഗോപി ആക്രോശിച്ചു. നീചവും നികൃഷ്ടവുമായ വാക്കുകള്‍. പരുഷമായ മുഖഭാവം.
മലയാള ചാനലുകളൊക്കെ സുരേഷ് ഗോപിയുടെ വാക്കുകളെയും നികൃഷ്ടമായ ചേഷ്ടകളെയും മുഖഭാവത്തെയും അതിരൂക്ഷമായി വിമര്‍ശിച്ചു.
'മാതൃഭൂമി' ചാനലില്‍ ഒരുമണി വാര്‍ത്ത അവതരിപ്പിക്കുകയായിരുന്ന മോത്തി രോഷത്തോടെ പറഞ്ഞു. "ഇതു ഞങ്ങളുടെ തീറ്റയാണു സര്‍. തീറ്റയ്ക്കുവേണ്ടിത്തന്നെയാണു ഞങ്ങള്‍ ജോലി ചെയ്യുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായ താങ്കളോട് സമകാലിക കാര്യങ്ങള്‍ ചോദിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട് സാര്‍. അങ്ങ് സിനിമയിലഭിനയിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതുമെല്ലാം അങ്ങയുടെ തീറ്റയ്ക്കുവേണ്ടിയാണെന്നുമോര്‍ക്കണം", മോത്തിയുടെ രൂക്ഷമായ വാക്കുകള്‍. വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിയാനല്ല മാധ്യമപ്രവര്‍ത്തകര്‍ താങ്കളുടെ മുന്നിലെത്തുന്നതെന്നും മോത്തി ഓര്‍മിപ്പിച്ചു.
അതെ. സുരേഷ് ഗോപിയുടെ വികലമായ രാഷ്ട്രീയ ബോധം തന്നെയാണ് മാധ്യമപ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്‍റെ ഹീനമായ പ്രതികരണത്തിനു കാരണം. കൊല്ലത്ത് മുകേഷിന്‍റെ വീട്ടിലേയ്ക്കു യുവമോര്‍ച്ച -എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമ്പോഴാണ് മുകേഷിനെ സംരക്ഷിക്കുന്ന തരത്തില്‍ സുരേഷ് ഗോപി സംസാരിച്ചതെന്നതു ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
സുരേഷ് ഗോപി ഏറെ രാഷ്ട്രീയം പഠിക്കേണ്ടിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരോട് എങ്ങനെ പെരുമാറണമെന്നും ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്ഥാനം എന്തെന്നും പഠിക്കണം സുരേഷ് ഗോപീ.