Advertisment

കേരളത്തെ ഞെട്ടിക്കുന്നതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മലയാള സിനിമയിലെ പുരുഷ മേധാവിത്വം തുറന്നുകാട്ടുന്നതിനൊപ്പം, സ്ത്രീകളോടുള്ള നീചമായ പെരുമാറ്റത്തിന്റെയും കഥകള്‍ റിപ്പോര്‍ട്ട് വിവരിക്കുന്നു; ഉത്തരവാദികള്‍ സിനിമാക്കാര്‍ തന്നെ ! ചലച്ചിത്ര സംഘടനയുടെ ഭാരവാഹികള്‍ നേരത്തെ തന്നെ പലതും ശ്രദ്ധിക്കേണ്ടിയിരുന്നു-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്‌

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അപ്രാപ്യമെന്നോ അസാദ്ധ്യമെന്നോ കണക്കാക്കപ്പെട്ടിരുന്ന പല മേഖലകളിലും അവര്‍ കടന്നുചെന്നിട്ടുണ്ട്

New Update
hemaaa

തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് അപ്രാപ്യമെന്നോ അസാദ്ധ്യമെന്നോ കണക്കാക്കപ്പെട്ടിരുന്ന പല മേഖലകളിലും അവര്‍ കടന്നുചെന്നിട്ടുണ്ട്. പുതിയ തൊഴിലിടങ്ങളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ കേരളത്തിന്‍റെ ഒരു വലിയ പ്രത്യേകത തന്നെയാണ്.

Advertisment

ഇവിടെയൊക്കെ സ്ത്രീകള്‍ അവരുടെ ശക്തിയും മനക്കരുത്തും പ്രകടിപ്പിച്ചുകൊണ്ടുമിരിക്കുന്നു. നഴ്സിംഗ്, അധ്യാപകജോലി എന്നിങ്ങനെ ചില മേഖലകളില്‍ സ്ത്രീകള്‍ പണ്ടുമുതലേ മേധാവിത്വം കാണിച്ചിരുന്നു. മാധ്യമപ്രവര്‍ത്തനം, കരസേന, വ്യോമസേന തുടങ്ങി വിവിധങ്ങളായ മേഖലകളിലും സ്ത്രീകള്‍ വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

സ്ത്രീ സാന്നിദ്ധ്യം വളരെയുള്ള മേഖലയാണു സിനിമയും. സിനിമയിലഭിനയിക്കുന്നവര്‍ക്ക് ആണായാലും പെണ്ണായാലും വലിയ താരപരിവേഷവും കിട്ടുന്നുണ്ട്. സാമ്പത്തിക നേട്ടം പുറമെ. മലയാളി സിനിമയിലെ വര്‍ദ്ധിച്ച സ്ത്രീ സാന്നിദ്ധ്യത്തിനു പിന്നിലെ കടുത്ത പീഡനത്തിന്‍റെയും ഭീഷണിയുടെയും കഥകള്‍ നിരത്തിവെച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.


2019 ഡിസംബറില്‍ ജസ്റ്റിസ് ഹേമയും മറ്റ് രണ്ടംഗങ്ങളും ചേര്‍ന്ന കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് ഇപ്പോഴാണു വെളിച്ചു കാണുന്നതെന്നതുതന്നെ ഈ റിപ്പോര്‍ട്ടിന്‍റെ പ്രത്യേകതകളിലേയ്ക്കു വിരല്‍ചൂണ്ടിയിരുന്നു.


 മലയാള സിനിമയിലെ പുഴുക്കുത്തുകളിലേയ്ക്കും അതിനു പിന്നിലെ മഹല്‍ വ്യക്തികളിലേയ്ക്കും വെളിച്ചം വീശുന്ന റിപ്പോര്‍ട്ടായിരിക്കും ഇതെന്ന ആശങ്ക നേരത്തെ തന്നെ സിനിമാ ലോകത്തെ ഗ്രസിച്ചിരുന്നു. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കാന്‍ പലരും രഹസ്യമായും പരസ്യമായും കരു നീക്കി. കോടതിയില്‍ പല കേസുകള്‍ വന്നു.

ഏറ്റവും അവസാനം നിര്‍മാതാവും നടനുമായ സജിമോന്‍ പാറയില്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയായിരുന്നു തടസം. സജിമോന് ഈ കേസില്‍ പരാതി നല്‍കാനുള്ള അര്‍ഹതയില്ലെന്നു പറഞ്ഞ് ഹൈക്കോടതി കേസ് തള്ളിക്കളഞ്ഞു. പിന്നെ സിനിമാ നടി രഞ്ജിനിയുടെ പരാതിയായി. അവസാനം ഹൈക്കോടതി ആ പരാതിയും തള്ളിക്കളയുകയായിരുന്നു. 

മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തെ തുറന്നു കാട്ടുന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഈ മേഖലയില്‍ സ്ത്രീകളോടു കാട്ടുന്ന ലൈംഗിക ചൂഷണത്തിന്‍റെയും അവഗണനയുടെയും നിന്ദ്യവും നീചവുമായ പെരുമാറ്റത്തിന്‍റെയും കഥകള്‍ വിവരിക്കുന്നു.

"ഷൂട്ടിങ്ങിന് ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടിവരുന്ന വനിതാ താരങ്ങള്‍ പലര്‍ക്കും പലതിനും വഴങ്ങേണ്ടിവരുന്നു. കൂടെയുണ്ടാവുന്ന അമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും പോലും ഇങ്ങനെ വഴങ്ങേണ്ടിവരുന്നതു പതിവാണ്. ഐപിസി, പോക്സോ നിയമങ്ങള്‍ മുഖേന കേസ് എടുക്കേണ്ട സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്, " റിപ്പോര്‍ട്ട് പറയുന്നു.

51 നടിമാരാണ് കമ്മിറ്റി മുമ്പാകെ മൊഴിനല്‍കിയത്. ഇടനിലക്കാരുടെ വിഹാര രംഗമാണ് സിനിമാ മേഖല എന്ന് ഇവരില്‍ പലരും കമ്മിറ്റി മുമ്പാകെ ബോധിപ്പിച്ചു. വഴങ്ങുന്ന പെണ്‍കുട്ടികള്‍ക്ക് സെറ്റില്‍ നല്ല മുറിയും നല്ല ഭക്ഷണവും നല്ല റോളും കിട്ടും. അല്ലാത്തവര്‍ തഴയപ്പെടും. സിനിമയില്‍ പിടിച്ചുനില്‍ക്കുക എന്ന ലക്ഷ്യത്തോടെ ഈ രംഗത്തെത്തുന്നവര്‍ എല്ലാറ്റിനും വഴങ്ങിക്കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു.

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന പെണ്‍കുട്ടികളോടൊപ്പം ബന്ധുക്കളാരെങ്കിലും പോവുക സാധാരണമാണ്. കൂടുതലും അമ്മമാര്‍. വലിയ വളര്‍ച്ച നേടിയ തൊഴില്‍ മേഖലയാണെങ്കിലും ഇവിടെ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനമാണെങ്കിലും അവരുടെ സുരക്ഷിതത്വത്തിന് ഒരുറപ്പുമില്ലെന്നതിനു തെളിവാണ് സിനിമാ സെറ്റിലെ അമ്മമാരുടെ സാന്നിദ്ധ്യം.

കേരളത്തിലോ, ഇന്ത്യയില്‍ത്തന്നെയോ തൊഴിലിടങ്ങളിലൊന്നും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കൊപ്പം അമ്മമാര്‍ കൂടെപ്പോകേണ്ടിവരുന്നില്ല. ഇന്ത്യന്‍ കരസേനയിലും വ്യോമസേനയിലുമെല്ലാം എത്രയെത്ര വനിതകള്‍ പ്രവര്‍ത്തിക്കുന്നു. ചെറുതും വലുതുമായ ആശുപത്രികളിലെല്ലാം നഴ്സുമാരും വനിതാ ഡോക്ടര്‍മാരും രാപകലന്യേ പ്രവര്‍ത്തിക്കുന്നു. മാധ്യമപ്രവര്‍ത്തന രംഗത്തും ധാരാളമായി വനിതകള്‍ പ്രവര്‍ത്തിക്കുന്നു. ഇവരും രാത്രിയും പകലും ജോലിചെയ്യുന്നവരാണ്. ഇത്തരം തൊഴിലിടങ്ങള്‍ അനേകമുണ്ട് കേരളത്തില്‍.


 ഇവിടെയൊന്നും ജോലിചെയ്യുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം അമ്മമാര്‍ കാവലിരിക്കാന്‍ പോകുന്നില്ല. ഇതൊക്കെയും ഏതു പെണ്‍കുട്ടിക്കും ജോലിചെയ്യാവുന്ന സുരക്ഷിതമായ സ്ഥലങ്ങളാണെന്ന് രക്ഷിതാക്കള്‍ക്കറിയാം. പൊതു സമൂഹത്തിനുമറിയാം.


സിനിമയുടെയും സിനിമാ സംഘടനകളുടെയും ഭാരവാഹികള്‍ വളരെ നേരത്തെ തന്നെ ശ്രദ്ധിക്കേണ്ടിയിരുന്ന കാര്യമായിരുന്നു ഇത്. നമ്മുടെ മിന്നിത്തിളങ്ങുന്ന താരങ്ങളും, അത് ആണും പെണ്ണുമാവട്ടെ, പണമൊഴുക്കുന്ന നിര്‍മാതാക്കളും സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും എല്ലാം ഉള്‍പ്പെടുന്ന സിനിമാ രംഗത്തെ ഗ്രസിച്ചിരിക്കുന്ന ജീര്‍ണതകളെയും പുഴുക്കുത്തുകളെയും പുറത്തുകൊണ്ടുവരാന്‍ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി തന്നെ വേണ്ടിവന്നു എന്നത് മലയാള സിനിമയ്ക്കു തന്നെ നാണക്കേടാണ്.

കുറെ വര്‍ഷം മുമ്പാണ് മലയാളത്തിലെ ഒരു പ്രമുഖ സിനിമാതാരം അര്‍ദ്ധരാത്രി എറണാകുളത്തിനടുത്ത് അങ്കമാലിയില്‍ അതിക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായത്. ഇതുപോലെയുള്ള പല സംഭവങ്ങളും സനിമയുടെ പശ്ചാത്തലത്തില്‍ നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മിറ്റി പറഞ്ഞുവയ്ക്കുന്നത്.

ഉത്തരവാദികള്‍ സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതര്‍ തന്നെ.

Advertisment