Advertisment

സുപ്രീം കോടതി ജാമ്യം നല്‍കിയേക്കുമെന്ന് കരുതി സിബിഐ വക അറസ്റ്റ്; ഇത് നീതിക്ക് നിരക്കാത്ത പ്രവൃത്തി തന്നെ ! ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരിയാണ് കെജ്‌രിവാള്‍, അല്ലാതെ കള്ളപ്പുള്ളിയല്ല-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

കെജ്‌രിവാളിനെ ഉടനെയൊന്നും പുറം ലോകം കാണാനനുവദിക്കില്ലെന്ന മട്ടിലാണ് സിബിഐയുടെ നീക്കം

New Update
 Arvind Kejriwal

ല്‍ഹി മദ്യനയക്കേസ് സംബന്ധിച്ച് ജയിലിലായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‌ സുപ്രീം കോടതി ജാമ്യം നല്‍കുമെന്ന സൂചന കിട്ടിയപ്പോള്‍ പാതിരാത്രി സിബിഐ ചോദ്യം ചെയ്യാനെത്തിയതും പിറ്റേന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച് കസ്റ്റഡിയില്‍ വാങ്ങിയതും നീതിക്കു നിരക്കാത്തതു തന്നെ. കെജ്‌രിവാളിനെ ഉടനെയൊന്നും പുറം ലോകം കാണാനനുവദിക്കില്ലെന്ന മട്ടിലാണ് സിബിഐയുടെ നീക്കം.

Advertisment

ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം ശക്തമായിക്കൊണ്ടിരിക്കെ മാര്‍ച്ച് 21 -നാണ് ഇഡി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഇതിനിടയ്ക്ക് സുപ്രീം കോടതി കെജ്‌രിവാളിന് ജാമ്യം നല്‍കിയിരുന്നു. കാലാവധി കഴിഞ്ഞ് അദ്ദേഹം തിരികെ ജയിലിലെത്തുകയും ചെയ്തു. പിന്നീടു നല്‍കിയ ജാമ്യാപേക്ഷയില്‍ ഡല്‍ഹിയിലെ റൗസ് അവന്യു കോടതി ജാമ്യം അനുവദിച്ചെങ്കിലും തിരക്കിട്ട് ഇഡി നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. 

ഹൈക്കോടതി നടപടിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കെജ്‌രിവാളിന് അനുകൂലമായ സൂചനകളാണ് കിട്ടിയത്. ജാമ്യം മരവിപ്പിച്ച ഹൈക്കോടതി വിധി അസാധാരണമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെടുകയും ചെയ്തു.

ബുധനാഴ്ച ഹൈക്കോടതി വിധി പ്രസ്താവിച്ചു. കെജ്‌രിവാളിനു ജാമ്യം നല്‍കിയ വിചാരണക്കോടതി കേസ് സംബന്ധിച്ച് ഇഡി നല്‍കിയ വിശദമായ റിപ്പോര്‍ട്ട് വേണ്ടവിധം വായിച്ചില്ലെന്നു വിധിയില്‍ പറയുന്നു. 


വിചാരണക്കോടതി നല്‍കിയ ജാമ്യം മരിവിപ്പിച്ച ഹൈക്കോടതി നടപടിയ്ക്കെതിരെ ബുധനാഴ്ച സുപ്രീം കോടതി വിധി പറയാനിരിക്കെ, തലേന്ന് അര്‍ധരാത്രിയോടെ സിബിഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി കെജ്‌രിവാളിനെ ചോദ്യം ചെയ്യുകയായിരുന്നു.


 പിറ്റേന്ന് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്ത് റൗസ് അവന്യും കോടതിയില്‍ ഹാജരാക്കുകയും കോടതി മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിടുകയുമായിരുന്നു. 

നേരത്തെ അറസ്റ്റിലായ ഡല്‍ഹി ധനകാര്യമന്ത്രി മനീഷ് തിവാരിയാണ് ഈ കേസിലെ പ്രധാന സൂത്രധാരനെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞുവെങ്കിലും കെജ്‌രിവാള്‍ അതു നിഷേധിച്ചു. മൊഴിയില്‍ അങ്ങനെയൊരു കാര്യം കാണുന്നില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടി. 2023 മാര്‍ച്ചില്‍ സിബിഐ അറസ്റ്റു ചെയ്ത സിസോദിയ ഇപ്പോഴും ജയിലിലാണ്.

ഇതേ കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്രസമിതി നേതാവുമായ കെ ചന്ദ്രശേഖറിന്‍റെ മകള്‍ കെ കവിതയെ കഴിഞ്ഞ മാര്‍ച്ച് 15 -ന് അറസ്റ്റ് ചെയ്തിരുന്നു. കവിത ഇപ്പോഴും ജയിലിലാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതൊക്കെയും രാഷ്ട്രീയ പകപോക്കലിനു വേണ്ടിയാണെന്നതില്‍ സംശയമില്ല.

ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടി കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു വലിയ ഭീഷണിയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നിന്ന് ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിച്ചതുമില്ല.

ശക്തനും കരുത്തനുമായ രാഷ്ട്രീയ നേതാവും ഭരണകര്‍ത്താവുമാണ് അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി സുപ്രീം കോടതി നല്‍കിയ ജാമ്യത്തില്‍ പുറത്തിറങ്ങിയ കെജ്‌രിവാള്‍ നടത്തിയ പ്രസംഗങ്ങള്‍ ബിജെപിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇഡി കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിക്കുമെന്നായപ്പോള്‍ അര്‍ധരാത്രി തന്നെ ജയിലിലെത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കള്ളപ്പുള്ളിയോ കൊടും കുറ്റവാളിയോ അല്ല അദ്ദേഹം. നല്ല വിദ്യാഭ്യാസം തേടി ഉയര്‍ന്ന ഉദ്യോഗത്തിലിരുന്ന് സാമൂഹ്യ പ്രതിബദ്ധതയോടെ പൊതുപ്രവര്‍ത്തന മണ്ഡലത്തിലേയ്ക്കിറങ്ങിയ ആളാണ് കെജ്‌രിവാള്‍

ലോക്സഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയ്ക്കെതിരെ ഘോരഘോരം പ്രസംഗിച്ച പ്രധാനമന്ത്രിയും കൂട്ടരും അടിയന്തരാവസ്ഥയിലെ കറുത്ത ദിവസങ്ങളെക്കാള്‍ കിരാതമായ നടപടികള്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ ജനപ്രതിനിധികളുടെ നേരെ കൈക്കൊള്ളുന്നത് തികച്ചും നീചം തന്നെയാണ്.

ഇത്തരം നടപടികള്‍ ഒരു ആധുനിക സമൂഹത്തിനും ജനാധിപത്യ വ്യവസ്ഥയ്ക്കും ഒട്ടും ചേര്‍ന്നതുമല്ല.

Advertisment