ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷയാണ് നീറ്റ് - യു.ജി. രാജ്യത്തെ സ്വകാര്യ - സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെല്ലാംകൂടി വരുന്ന 1,10,000 എംബിബിഎസ് സീറ്റുകളിലേയ്ക്കുള്ള പ്രവേശനം നിയന്ത്രിക്കുന്ന നിര്‍ണായകമായ പരീക്ഷ. ഇത്തവണ മെയ് 5 -ാം തീയതി നടന്ന നീറ്റ് പരീക്ഷ ആകെ അവതാളത്തിലായി. ചോദ്യക്കടലാസ് ചോര്‍ച്ച മുതല്‍ അനധികൃത ഗ്രേസ് മാര്‍ക്ക് വരെ വിവിധങ്ങളായ കാരണങ്ങളാണ് ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനത്തെയും പ്രതീക്ഷകളെയും തകര്‍ത്തുകളഞ്ഞത്.
നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പു ചുമതല കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന എന്‍ടിഎ എന്ന നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കാണ്. ആകെയുള്ള 1,10,000 സീറ്റില്‍ ഏകദേശം 60,000 സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലാണ്. വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ തന്നെ.
സാധാരണ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പഠിക്കാന്‍ അഞ്ചു ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് ഫീസ്. സ്വകാര്യ മെഡിക്കല്‍ കോളജുകളിലാവട്ടെ, ഇതിന്‍റെ പത്തിരട്ടിയിലധികമാകും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജായാലും സ്വകാര്യ മെഡിക്കല്‍ കോളജായാലും ഇന്ത്യയൊട്ടാകെ പ്രവേശനം നീറ്റ് പ്രവേശന പരീക്ഷയിലൂടെ മാത്രമാണ്. അതുകൊണ്ടുതന്നെ നീറ്റ് പരീക്ഷയ്ക്കു വര്‍ഷം കഴിയും തോറും പ്രിയമേറി വരുന്നു.
നീറ്റ് യു.ജി എന്നാല്‍ അണ്ടര്‍ ഗ്രാജ്വെറ്റ് എന്നേയുള്ളു. അതായത് എംബിബിഎസ് പ്രവേശന പരീക്ഷ. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള പ്രവേശന പരീക്ഷയാണ് നീറ്റ് - പിജി.
എംബിബിഎസിന് ആകെയുള്ള ഏതാണ്ട് 60,000 സീറ്റുകളില്‍ പകുതിയോളം സംവരണ സീറ്റാണ്. ബാക്കി പകുതി സീറ്റുകളാണ് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കുക. അതുകൊണ്ടുതന്നെ നീറ്റ് പരീക്ഷ പാസായി ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കേളജില്‍ പ്രവേശനം നേടാന്‍ രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കേ കഴിയൂ. പഠിക്കാനുള്ള മികവും മിടുക്കും മാത്രം പോരാ, സമയ പരിധിക്കുള്ളില്‍ ചോദ്യങ്ങള്‍ക്കു ശരിയായ ഉത്തരം എഴുതാന്‍ കഴിയുകയും വേണം.
ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയാല്‍ മാത്രമേ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എഐഐഎംഎസ്) ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ മെഡിക്കല്‍ കോളജുകളില്‍ മെഡിസിന്‍ കോഴ്സിനു പ്രവേശനം കിട്ടൂ. നീറ്റ് പരീക്ഷ ഇത്രയും പ്രധാനമാകുന്നത് ഇതുകൊണ്ടാണ്.
മെയ് അഞ്ചിനു നടന്ന നീറ്റ് പരീക്ഷയുടെ ഫലം ജൂണ്‍ നാലിനാണ് പ്രസിദ്ധീകരിച്ചത്. ഫലം വന്നപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക്. അതായത് ആകെയുള്ള 720 -ല്‍ 720 മാര്‍ക്കും വാങ്ങി 67 പേര്‍ നീറ്റ് പരീക്ഷയില്‍ ഒന്നാമതെത്തിയെന്നര്‍ത്ഥം. പരീക്ഷാ നടത്തിപ്പില്‍ എന്തോ കുഴപ്പമുണ്ടായി എന്നു പരക്കെ സംശയമുണരാന്‍ ഇതാണു കാരണം.
കഴിഞ്ഞ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ 720 മാര്‍ക്കും നേടിയ രണ്ടു കുട്ടികളേ ഉണ്ടായിരുന്നുള്ളു. അതിനു മുമ്പത്തെ വര്‍ഷമാകട്ടെ, ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ത്ഥിക്കു കിട്ടിയത് 715 മാര്‍ക്കും. ഇത്തവണ 715 മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക്ക് 225 -ാം റാങ്ക് മാത്രമാണു കിട്ടിയത്. റാങ്ക് ലിസ്റ്റില്‍ വലിയ അട്ടിമറി നടക്കും വിധം കടുത്ത അട്ടിമറികളാണ് പരീക്ഷയില്‍ ചില കേന്ദ്രങ്ങള്‍ നടത്തിയത്.
ബീഹാറിലാണ് നീറ്റിലെ കള്ളത്തരം ആദ്യം കണ്ടുപിടിച്ച്. ഇവിടെ ചോദ്യകടലാസ് നേരത്തെ ചോര്‍ന്നിരുന്നു. ചോര്‍ത്തിയ ചോദ്യക്കടലാസ് വിദ്യാര്‍ത്ഥികള്‍ക്കു വില്‍ക്കുകയും ചെയ്തു. ഇതിന്‍റെ ഉത്തരം ഓരോ വിദ്യാര്‍ത്ഥിയെയും പഠിപ്പിക്കുകയും ചെയ്തു.
ഗുജറാത്തിലെ ഗോദ്രയില്‍ വേറൊരു രീതിയിലായിരുന്നു തട്ടിപ്പ്. ഇവിടെ ജെയ് ജലറാം സ്കൂളില്‍ നേരത്തെ പണം നല്‍കിയ വിദ്യാര്‍ത്ഥികളോട് അിറിയാന്‍ വയ്യാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാതെ വിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും ഈ സ്കൂള്‍ കേന്ദ്രമാക്കിയിരുന്നു.
നീറ്റ് പരീക്ഷയ്ക്ക് ഓരോ ചോദ്യത്തിനും വിവിധ ഉത്തരങ്ങള്‍ നല്‍കി ശരി ഉത്തരം പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുന്നതാണു രീതി. കംപ്യൂട്ടര്‍ വഴിയായിരിക്കും ഉത്തരക്കടലാസ് പരിശോധിക്കുക. ശരിയുത്തരത്തിനെതിരെയുള്ള വൃത്തത്തില്‍ പെന്‍സില്‍ കൊണ്ട് അടയാളപ്പെടുത്തുകയാണു വേണ്ടത്. പണം കൊടുത്ത വിദ്യാര്‍ത്ഥികള്‍ അടയാളപ്പെടുത്താതെ വിട്ട ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു ശേഷം അധ്യാപകര്‍ തന്നെ അടയാളപ്പെടുത്തി വിടുകയായിരുന്നു രീതി. അധ്യാപകരും ഇടനിലക്കാരും കൂടി ലക്ഷക്കണക്കിനു രൂപയാണ് തട്ടിയെടുത്തത്.
തെരഞ്ഞെടുപ്പു കഴിഞ്ഞ് അധികാരമേറ്റയുടനെ നരേന്ദ്ര മോദി സര്‍ക്കാരിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ക്രമക്കേടുതന്നെയാണ് നീറ്റ് പരീക്ഷാ നടത്തിപ്പില്‍ ഉണ്ടായത്. ഉന്നത റാങ്ക് നേടി മികച്ച കോളജുകളില്‍ മെഡിസിന്‍ പഠിക്കാന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയും പ്രവേശന പരീക്ഷാ കോച്ചിങ്ങ് സ്ഥാപനങ്ങളില്‍ വന്‍ തുക ചെലവാക്കി പഠിക്കുകയും ചെയ്ത ലക്ഷക്കണക്കിനു വിദ്യാര്‍ത്ഥികളാണ് ഇത്തവണ വഞ്ചിക്കപ്പെട്ടത്.
നീറ്റ് പരീക്ഷയിലെ വീഴ്ചയുടെ എല്ലാ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രസ്താവിച്ചു കഴിഞ്ഞു. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള വിശദമായ അന്വേഷണമാണു വേണ്ടതെന്ന് പ്രതിപക്ഷവും ആവശ്യപ്പെടുന്നു. കെ.എസ്.യുവും പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുകയാണ്.
ഇതൊന്നും പക്ഷേ, വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാന്‍ പര്യാപ്തമല്ല. ഗ്രേസ് മാര്‍ക്ക് വാങ്ങി ഉയര്‍ന്ന റാങ്ക് നേടിയവര്‍ക്കു വേണ്ടി വീണ്ടും പരീക്ഷ നടത്തിയപ്പോള്‍ പകുതിയോളം കുട്ടികള്‍ മാത്രമാണ് പരീക്ഷയെഴുതാനെത്തിയത്. ആകെ 1563 വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് കിട്ടിയിരുന്നു. വീണ്ടും പരീക്ഷ എഴുതാന്‍ വന്നതാവട്ടെ 812 പേരും. ഗ്രേസ് മാര്‍ക്കിലും തട്ടിപ്പു നടന്നിട്ടുണ്ടാകുമെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു.
2015 -ല്‍ മധ്യപ്രദേശില്‍ നടന്ന 'വ്യാപം' തട്ടിപ്പായിരുന്നു അടുത്തകാലത്തു നടന്ന പ്രവേശന തട്ടിപ്പില്‍ ഗൗരവമേറിയത്. 1982 ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ കേരള സര്‍വ്വകലാശാല കേന്ദ്രീകരിച്ചു നടന്ന വമ്പന്‍ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പു കേസും ഗുരുതരമായ ഒരു സംഭവമായിരുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ എഞ്ചിനീയറിങ്ങ് കോളജുകളില്‍ പ്രവേശനം കിട്ടാന്‍ ചില വിദ്യാര്‍ത്ഥികള്‍ കേരള സര്‍വ്വകലാശാലയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റുകള്‍ ഉപയോഗിച്ചുവെന്നതായിരുന്നു കേസ്. പ്രീഡിഗ്രിക്ക് അഞ്ചും ആറും മാര്‍ക്ക് നേടിയ ചില വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളജ് പ്രവേശനം നേടിയതായി കണ്ട കേരള ഹൈക്കോടതിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റിന്‍റെ കഥകള്‍ പുറത്തുകൊണ്ടുവരാനുള്ള ആദ്യ നടപടി സ്വീകരിച്ചത്.
അന്വേഷണം ഏറ്റെടുത്ത പോലീസ് സംഘം വ്യാജ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പു സംബന്ധിച്ച് വലിയ ഗൂഢാലോചനകളുടെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നത വ്യക്തികളുടെയും കഥകള്‍ പുറത്തുകൊണ്ടുവന്നു. പ്രസിദ്ധ ഡോക്ടര്‍മാരും ഉന്നത വ്യക്തികളുമൊക്കെയായിരുന്നു ഇതിനു പിന്നില്‍. കേരള സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനായിരുന്ന എന്‍.എസ് അശോകന്‍റെ അറസ്റ്റോടെ കൂടുതല്‍ തട്ടിപ്പു കഥകള്‍ പുറത്തുവന്നു. കേരളത്തില്‍ മെഡിക്കല്‍, എഞ്ചിനീയറിങ്ങ്, നഴ്സിങ്ങ് തുടങ്ങിയ കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ പ്രവേശന പരീക്ഷ ഏര്‍പ്പെടുത്തിയത് ഈ തട്ടിപ്പിനേ തുടര്‍ന്നാണ്.
വിദ്യാഭ്യാസത്തിന്‍റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനത്തിന്‍റെയും കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. നീറ്റ് പോലെയുള്ള പ്രധാന പ്രവേശന പരീക്ഷകളൊക്കെയും നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ പരീക്ഷാ നടത്തിപ്പിനു ചുമതലയുള്ള എന്‍.ടി.എ എന്ന സ്ഥാപനമാണ്. പരീക്ഷാ നടത്തിപ്പില്‍ പാകപ്പിഴകളുണ്ടായാല്‍ അതിന്‍റെ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിനുതന്നെ. പരീക്ഷ പാസായി നല്ല സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികളെ വഞ്ചിക്കരുത്.