Advertisment

400 -ലേറെ സീറ്റുകിട്ടുമെന്നു കൊട്ടിഘോഷിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം; വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ എന്‍ഡിഎയുടെ എല്ലാ കണക്കുകളും വീണുടഞ്ഞു ! ജയിച്ചിട്ടും ജയിക്കാതെ മോദി; തന്ത്രങ്ങള്‍ വിജയമാക്കി കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

കൊല്‍ക്കത്തയില്‍ നിന്നു ദ ടെലിഗ്രാഫ് എന്ന ദിനപത്രം ജൂണ്‍ അഞ്ചാം തീയതി പ്രസിദ്ധീകരിച്ച ഒന്നാം പേജ് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ; "ഇന്ത്യ കട്ട്സ് മോദി ഡൗണ്‍

New Update
rahul gandhi narendra modi mallikarjun kharge

400 -ലേറെ സീറ്റുകിട്ടുമെന്നു കൊട്ടിഘോഷിച്ചാണ് ബിജെപി തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങിയത്. ഇടയ്ക്ക് കാര്യങ്ങള്‍ അത്ര ഭംഗിയല്ലെന്നു കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വര്‍ഗീയ പ്രസംഗം നടത്താനും തുടങ്ങി. വോട്ടെടുപ്പിന്‍റെ അവസാന ദിവസം വൈകിട്ട് എക്സിറ്റ് പോളുകള്‍ വന്നതോടെ ബിജെപി കേന്ദ്രങ്ങള്‍ ആര്‍ത്തുല്ലസിച്ചു. എന്‍ഡിഎ മുന്നണിക്ക് 370 മുതല്‍ 400 -ലധികം വരെ സീറ്റുകള്‍ കിട്ടുമെന്നായിരുന്നു പ്രവചനങ്ങള്‍. വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ എല്ലാ കണക്കുകളും വീണുടഞ്ഞു. ബിജെപിക്കു കിട്ടിയത് 240 സീറ്റ് മാത്രം. എന്‍ഡിഎയ്ക്ക് 292 -ഉം.

Advertisment

അതേ സമയം നരേന്ദ്ര മോദി ഒരിക്കലും ഗൗനിച്ചിട്ടേയില്ലാത്ത രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്‍റെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യാ മുന്നണിയും ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നിങ്ങനെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ബിജെപി കോട്ടകള്‍ തകര്‍ത്തു മുന്നേറുകയായിരുന്നു. ഇന്നിപ്പോള്‍ സ്വന്തം നിലയ്ക്കു സര്‍ക്കാരുണ്ടാക്കാന്‍ പോലും കഴിയാത്ത ദയനീയ സ്ഥിതിയിലാണ് മോദിയും ബിജെപിയും.

തമിഴ്‌നാട്ടിൽ ഡിഎംകെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹിയില്‍ ആം ആത്മി പാര്‍ട്ടി, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിങ്ങനെ രാജ്യത്തെ മുഴുവന്‍ ബിജെപി വിരുദ്ധ ശക്തികളെയും നേതാക്കളെയും ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു ഇന്ത്യാ മുന്നണിയുടെ തേരോട്ടം.

ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവാണ് മുന്നണിയ്ക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കിയത്. 80 സീറ്റാണ് യുപിയിലുള്ളത്. കേന്ദ്രം ഭരിക്കാനൊരുങ്ങുന്ന ഏതു പാര്‍ട്ടിക്കും ആദ്യം പരിഗണിക്കേണ്ടിവരുന്ന സംസ്ഥാനവും യുപി തന്നെയാണ്. ബിജെപി നേതാവ് യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയായി ഭരിക്കുന്ന യുപി.


യുപിയില്‍ 80 ലോക്സഭാ സീറ്റാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാംഗങ്ങളുള്ള സംസ്ഥാനം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടിയ ബിജെപി ഇത്തവണ വെറും 33 സീറ്റിലേയ്ക്കൊതുങ്ങി. 2019 -ല്‍ അഞ്ചു സീറ്റ് മാത്രം നേടിയ സമാജ് വാദി പാര്‍ട്ടി ഇപ്രാവശ്യം 37 സീറ്റ് കൈയ്ക്കലാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലേയ്ക്കൊതുങ്ങിയ കോണ്‍ഗ്രസ് ഇപ്രാവശ്യം ആറു സീറ്റ് നേടി.


എക്കാലത്തും കോണ്‍ഗ്രസ് നേതാക്കളുടെ സ്വന്തം മണ്ഡലങ്ങളായിരുന്ന റായ്ബറേലിയും അമേഥിയും ഇത്തവണ കോണ്‍ഗ്രസ് തിരികെ പിടിക്കുകയും ചെയ്തു. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചു ജയിച്ചു. ഭൂരിപക്ഷം 3,90,030 വോട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ ധൈര്യമുണ്ടെങ്കില്‍ വടക്കേ ഇന്ത്യയിലൊരു സീറ്റില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച ബിജെപിക്കുള്ള ഉചിതമായ മറുപടി കൂടിയായി റായ്ബറേലിയിലെ വിജയം.

അതുപോലെ വന്‍ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് അമേഥി പിടിച്ചെടുത്തത്. സോണിയാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കിഷോരിലാല്‍ ശര്‍മ ഇവിടെ തോല്‍പ്പിച്ചത് ബിജെപിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ. ഭൂരിപക്ഷം 1,67,196 വോട്ട്.

ഒരു കാലത്ത് ഇന്ത്യ മുഴുവന്‍ അടക്കിവാണിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സഖ്യമുണ്ടാക്കാന്‍ പഠിച്ചിരിക്കുന്നു. അങ്ങനെ ഒരു 'ഫെഡറല്‍' സഖ്യമാണ് ഇന്ത്യാ മുന്നണി. അതതു സംസ്ഥാനം കേന്ദ്രീകരിച്ച് ഈ സഖ്യം ഫലമുണ്ടാക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും വിലപ്പെട്ടത് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ഉത്തര്‍പ്രദേശിലുണ്ടാക്കിയ കൂട്ടുകെട്ടാണ്. കോണ്‍ഗ്രസും എസ്.പിയും ചേര്‍ന്ന് ഇവിടെ നേടിയത് 43 സീറ്റ്. ഇതാവട്ടെ, ബിജെപിക്ക് കടുത്ത ആഘാതമേല്‍പ്പിക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നീ കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച മുന്നണി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്തിരുന്നു. പക്ഷെ നാടകീയമായൊരു നീക്കത്തിലൂടെ ബിജെപി എന്‍സിപിയെയും ശിവസേനയെയും പിളര്‍ത്തി വേറേ സര്‍ക്കാരുണ്ടാക്കി. പക്ഷെ മഹാരാഷ്ട്രയില്‍ യഥാര്‍ഥ ശിവസേനയും എന്‍സിപിയും ഏതാണെന്ന് ഈ തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഒമ്പതും ശരത് പവാറിന്‍റെ നേതൃത്വത്തിലുള്ള എന്‍സിപി എട്ടും സീറ്റ് നേടി. കഴിഞ്ഞ തവണ 14 സീറ്റ് നേടിയ ബിജെപി ഇത്തവണ ഒമ്പതു സീറ്റിലേയ്ക്കൊതുങ്ങി. വിമത ശിവസേനയ്ക്ക് ഏഴും. എന്‍സിപിയ്ക്ക് ഒന്നും സീറ്റ്. മഹാരാഷ്ട്രയില്‍ ആകെ സീറ്റ് 48.

സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രാദേശിക കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കുന്ന തന്ത്രം തുടക്കത്തില്‍ വലിയ വിജയമായിരിക്കുന്നു. 240 സീറ്റ് മാത്രം കൈയിലുള്ള നരേന്ദ്ര മോദിക്ക് അധികാരത്തിലെത്താന്‍ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയുടെയും (16 സീറ്റ്) നിതീഷ് കുമാറിന്‍റെ ജെഡിയുവിന്‍റെയും (12 സീറ്റ്) സഹായം തേടിയിരിക്കുകയാണ്. അവരാകട്ടെ കിട്ടിയ അവസരം സമര്‍ത്ഥമായി ഉപയോഗിച്ച് പരമാവധി മന്ത്രിസ്ഥാനങ്ങളും അധികാരങ്ങളും പിടിച്ചടക്കാനുള്ള ശ്രമത്തിലും. പഴയ പ്രഭാവമെല്ലാം നഷ്ടപ്പെട്ട് നരേന്ദ്ര മോദി വളരെ ചെറുതായിരിക്കുന്നു.

കൊല്‍ക്കത്തയില്‍ നിന്നു ദ ടെലിഗ്രാഫ് എന്ന ദിനപത്രം ജൂണ്‍ അഞ്ചാം തീയതി പ്രസിദ്ധീകരിച്ച ഒന്നാം പേജ് പ്രധാന വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെ; "ഇന്ത്യ കട്ട്സ് മോദി ഡൗണ്‍." മലയാളത്തിലേയ്ക്കു തര്‍ജിമ ചെയ്താല്‍ ഏറെക്കുറെ ഇങ്ങനെ: "ഇന്ത്യ മോദിയെ വെട്ടിച്ചുരുക്കി"

Advertisment