ഒരോ തിരഞ്ഞെടുപ്പിലും പ്രചരണ വിഷയങ്ങളായി ഒരോ വിവാദങ്ങൾ ഉയർന്നു വരാരുണ്ട്. മറ്റ് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇല്ലാഞ്ഞിട്ടോ അല്ലെങ്കിൽ നിലവിൽ ചർച്ച ചെയ്യുന്ന വിവാദ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനോ എല്ലാം ഇത്തരം കാപ്സ്യൂൾ വിവാദങ്ങളെകൊണ്ട് രാഷ്ട്രീയ പാർട്ടികൾ കാര്യം സാധിക്കും.വോട്ടെടുപ്പ് കഴിയുന്നതോടെ ഒരു കുമിള പൊട്ടുന്നത് പോലെ എല്ലാം അവസാനിക്കുകയും ചെയ്യും. അപ്പോള്‍ വിഡ്ഢികളാകുന്നത് പൊതുജനമാണ്.
അത് തന്നെയാണ് കൊടകര കുഴൽപ്പണ കേസിലും സംഭവിക്കാൻ പോകുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തൃശ്ശൂരിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പായിരുന്നു പ്രധാന ചർച്ച വിഷയം. ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടവർക്ക് വലിയ പ്രതീക്ഷ നൽകിയ വാഗ്ധാനങ്ങളും നടപടികളുമെല്ലാം ആ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കേരളം കണ്ടു.
എന്നാൽ പിന്നീട് എന്ത് സംഭവിച്ചു ? അത് തന്നെയാണ് കൊടകര കുഴൽപ്പണ കേസിലും സംഭവിക്കാന്‍ പോകൂന്നത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികൾക്കു വേണ്ടി 41.40 കോടി രൂപയുടെ ഹവാല കടത്തിക്കൊണ്ടുവന്നു എന്നായിരുന്നു കേസ്. തുടക്കത്തിൽ വലിയ ചർച്ചയ്ക്ക് വഴിയിട്ട കേസിൽ 2021 ജൂലൈയിൽ ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതി മുൻപാകെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിൽ അവസാനിപ്പിച്ചു നടപടി.
ഇപ്പോഴിതാ മറ്റൊരു ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ വിവാദം പെട്ടെന്ന് ഉയർന്നു വരുന്നു. ഇതിൻ്റെ ഉദ്ദേശലക്ഷ്യങ്ങളാണ് മേൽ സൂചിപ്പിച്ചത്. തിരഞ്ഞെടുപ്പ് രംഗത്തായാലും അല്ലെങ്കിലും കള്ളപ്പണം ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യം തന്നെയാണ്.
കൊടകര കേസിൽ കള്ളപ്പണം തിരഞ്ഞെടുപ്പ് ഫണ്ടായി ഉപയോഗിച്ചു എന്നത് അന്വേഷണത്തിൽ കൃത്യമായിരുന്നെങ്കിൽ, അന്വേഷണ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷൻ കേസിൽ ഇടപെടുമായിരുന്നു. അങ്ങനെയെങ്കിൽ കേസ് കേന്ദ്ര അന്വേഷണ ഏജൻസി ഏറ്റെടുക്കുമായിരുന്നു.
പൊലീസ് റിപ്പോർട്ടിൽ ധർമരാജന്റെ മൊഴികളേയുള്ളൂ, തെളിവുകളില്ലെന്നു പറയാനുള്ള അവസരം കേന്ദ്ര ഏജൻസികൾക്കു നൽകിയത് പൊലീസ് അന്വേഷണത്തിലെ ആഴമില്ലായ്മയാണ്. അത് തന്നെയാണ് വിമർശന വിധേയമാകുന്നതും.
കേരളത്തിലെ ബിജെപിക്കു നൽകാനുള്ള പണം സ്വരൂപിച്ചത് അന്യ സംസ്ഥാനത്ത് നിന്നാണ് എന്നാണ് മൊഴി. എന്നാൽ കേരളത്തിനു പുറത്ത് അന്വേഷണം നടത്താനോ തെളിവുകൾ ശേഖരിക്കാനോ കേരള പൊലീസ് മെനക്കെട്ടില്ലെന്നതും വലിയ വീഴ്ചയാണ്. അന്നും ഇന്നും വിവാദങ്ങൾക്കു മാത്രമാണു കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ ശ്രദ്ധിച്ചത്.
കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികൾ നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള നിയമസാധ്യതയാണു പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. അത് ഇനി എത്ര കണ്ട് മുന്നോട്ടു പോകും എന്നതും കാത്തിരുന്നു കാണാം. സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലും അന്വേഷണം ഇഴയുകയാണ്.
കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഇ.ഡി, സിപിഐ-എം നേതാക്കളെ പല ഘട്ടത്തിലായി ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ അന്തിമ കുറ്റപത്രം ഇനിയും സമർപ്പിച്ചിട്ടില്ല. ജീവിതത്തിൽ അധ്വാനിച്ചു സമ്പാദിച്ച സാധാരണക്കാരുടെ ലക്ഷക്കണക്കിന് രൂപ വരുന്ന ജീവിത സമ്പാദ്യമാണ് കേസിൽ തട്ടി ഉപയോഗിക്കാനാവാതെ കിടക്കുന്നത്.
തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം സാധാരണക്കാരന്റെ ജീവിത ഉന്നമനത്തിന് ഈ രാഷ്ട്രീയ പാർട്ടികൾ വില കൽപ്പിച്ചിരുന്നതെങ്കിൽ കരുവന്നൂരിലും കൊടകരയിലുമെല്ലാം കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുന്ന തരത്തിൽ അന്വഷണം നടക്കുകയും കോടതി ഇടപെടൽ സാധ്യമാവുകയും ചെയ്യുമായിരുന്നു. എന്നാൽ വിവാദങ്ങളെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്കാവുമ്പോൾ ഇവിടെ വഞ്ചിക്കപ്പെടുന്നത് പൊതുജനം എന്ന കഴുത.
- എഡിറ്റർ